മൂന്നാർ: കാട്ടുകൊമ്പൻ പടയപ്പയെ പ്രകോപിപ്പിച്ച് യുവാക്കൾ. കുണ്ടള എസ്റ്റേറ്റിൽ ശാന്തനായി എത്തിയ ആനയെ പ്രകോപിപ്പിക്കാനായിരുന്നു യുവാക്കളുടെ ശ്രമം. ശബ്‌ദമുണ്ടാക്കി ആനയുടെ ശ്രദ്ധ തിരിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഇറങ്ങുന്ന സ്ഥലത്ത് കൃഷികൾക്കും കടകൾക്കും നാശനഷ്ടം വരുത്തുകയല്ലാതെ പടയപ്പയ്ക്ക് ആളുകളെ ഉപദ്രവിക്കുന്ന സ്വഭാവം ഇല്ല. എസ്റ്റേറ്റിലൂടെ നടന്നു പോയ ആനയെ വഴിയാത്രക്കാരായ യുവാക്കൾ പ്രകോപിപ്പിച്ചതോടെയാണ് പടയപ്പ മുന്നോട്ട് വന്നത്. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ പടയപ്പ ആക്രമിക്കുന്ന ദൃശ്യങ്ങളൊന്നുമില്ല. ഇതേ രീതിയിൽ മറ്റ് കാട്ടാനകളെ വിനോദ സഞ്ചാരികൾ ശല്യം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ മാസം മൂന്നാറിൽ സൈലന്റ് വാലിയിലെ സെക്കന്റ് ഡിവിഷനിൽ എത്തിയ പടയപ്പ റേഷൻ കട മുഴുവനായും തകർത്തു. എസ്റ്റേറ്റിന്റെ സമീപ പ്രദേശത്ത് കാട്ടാന എത്തിയെന്നറിഞ്ഞ തോട്ടം തൊഴിലാളികൾ റേഷൻ കട സംരക്ഷിക്കുന്നതിനായി എത്തിയിരുന്നു. അതിന് മുൻപ് തന്നെ പടയപ്പ റേഷൻ കടയുടെ മേൽക്കൂര തകർത്തിരുന്നു.
ഇതിന് മുൻപും എസ്റ്റേറ്റിൽ എത്തിയിരുന്ന പടയപ്പ തോട്ടം തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട അരിയും പ്രദേശവാസികൾ കൃഷി ചെയ്തിരുന്ന പച്ചക്കറികളും കഴിച്ചാണ് തിരികെ കാടിനുളളിലേക്ക് കടന്നത്. അതേസമയം കാട്ടാന അപകടകാരിയല്ലെന്നും തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട അരിയും മറ്റ് ഉൽപ്പന്നങ്ങളും നശിപ്പിക്കുന്നത് ഒഴിവാക്കാൻ വനം വകുപ്പ് നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |