ന്യൂഡൽഹി : . നിലവിലെ ലോകചാമ്പ്യന്മാരായ ഇംഗ്ളണ്ടിനെ അട്ടിമറിച്ച് ലോകക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞൻമാരായ അഫ്ഗാനിസ്ഥാൻ. . ഇംഗ്ലണ്ടിനെ 69 റൺസിനായിരുന്നു അഫ്ഗാൻ തോൽപ്പിച്ചത്.
വിജയലക്ഷ്യമായ 285 റൺസുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 403 ഓവറിൽ 215ന് ഓൾ ഔട്ടായി.. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുജീബുർ റഹ്മാനും റാഷിദ് ഖാനും രണ്ട് വിക്കറ്റ് മുഹമ്മദ് നബിയും ഓരോ വിക്കറ്റ് വീഴ്ത്തിയ ഫസൽ ഫറൂഖിയും നവീൻ ഉൽ ഹഖുംചേർന്നാണ് ഇംഗ്ളണ്ടിനെ കൂടാരം കയറ്റിയത്. 66 റൺസടിച്ച ഹാരി ബ്രൂക്കിനും 32 റൺസടിച്ച മലാനും ഒഴികെ ആർക്കും ഇംഗ്ളീഷ് നിരയിൽ പിടിച്ചുനിൽക്കാനായില്ല. ബെയർസ്റ്റോ(2),ജോ റൂട്ട്(11), ക്യാപ്ടൻ ബട്ട്ലർ (9),ലിവിംഗ്സ്റ്റൺ(10), സാം കറാൻ (10) എന്നിവർക്ക് അഫ്ഗാൻ സ്പിന്നർമാർക്ക് മുന്നിൽ കാലിടറിയതാണ് മത്സരത്തിൽ വഴിത്തിരിവായത്.
ടോസ് ഇറങ്ങിയ അഫ്ഗാനിസഥാൻ 49.5 ഓവറിലാണ് 284 റൺസിന് ആൾഔട്ടായത്.57 പന്തുകളിൽ എട്ടുഫോറും നാലുസിക്സുകളുമടക്കം 80 റൺസടിച്ച റഹ്മാനുള്ള ഗുർബാസും 66 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കം 58 റൺസടിച്ച ഇക്രം അലിഖിലും നടത്തിയ പോരാട്ടമാണ് അഫ്ഗാനെ 284ലെത്തിച്ചത്. ആദ്യവിക്കറ്റിൽ ഇബ്രാഹിം സദ്രാനൊപ്പം 16.4 ഓവറിൽ 114 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ഗുർബാസിന്റെ ഇന്നിംഗ്സ് നൽകിയ അടിത്തറയിലായിരുന്നു അഫ്ഗാന്റെ മുന്നേറ്റം. 28 റൺസടിച്ച ഇബ്രാഹിമിനെ 17-ാം ഓവറിൽ പുറത്താക്കി ആദിൽ റഷീദാണ് ഇംഗ്ളണ്ടിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. തുടർന്ന് റഹ്മത്ത് ഷായെ (3)ക്കൂടി റാഷിദ് പുറത്താക്കി. 19-ാം ഓവറിൽ ഗുർബാസ് റൺഒൗട്ടാവുകകൂടി ചെയ്തതോടെ അഫ്ഗാൻ 122/3 എന്ന സ്ഥിതിയിലായി.
എന്നാൽ അസ്മത്തുള്ള ഒമർ സായ്(19),ഹഷ്മത്തുള്ള ഷാഹിദി(14),അലിഖിൽ,റാഷിദ് ഖാൻ(23),മുജീബ് ഉർ റഹ്മാൻ (28) തുടങ്ങിയവരുടെ ചെറുത്തുനിൽപ്പ് 275ന് മുകളിലുള്ള സ്കോറിലേക്ക് എത്താൻ അഫ്ഗാനെ സഹായിച്ചു. മുജീബ് റഹ്മാനാണ് മാൻ ഓഫ് ദ മാച്ച് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |