ന്യൂഡൽഹി: ഏഷ്യയിലെ സുപ്രധാന ശക്തിയായ ഇന്ത്യയുമായി പ്രതിരോധ, സുരക്ഷാ ബന്ധം ശക്തമാക്കാൻ യൂറോപ്യൻ യൂണിയൻ. ഇതിന്റെ ഭാഗമായി മിലിട്ടറി അറ്റാഷെയെ നിയമിക്കും. നിയമനം അടുത്ത മാസം നടക്കും.
ഇന്ത്യ - പസിഫിക് മേഖലയിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. 2021ൽ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച ഇൻഡോ - പസിഫിക് തന്ത്രം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. യൂറോപ്യൻ യൂണിയന് നിലവിൽ ഒരു ഡസൻ രാജ്യങ്ങളിൽ മാത്രമാണ് മിലിട്ടറി അറ്റാഷെ ഉള്ളത്.
ഇന്ത്യയിലെ പുതിയ യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർഫ് ഡെൽഫിനാണ് ഇക്കാര്യം അറിയിച്ചത്. ഏഷ്യയിലെ പ്രശ്നങ്ങളോട്, പ്രത്യേകിച്ച് ചൈനയുടെ പ്രകോപനത്തിൽ മൗനം പാലിക്കുന്ന യൂറോപ്യൻ യൂണിയനെ ഇന്ത്യ ശക്തമായി വിമർശിച്ചിരുന്നു. ഇതും അറ്റാഷെ നിയമനത്തിന് കാരണമായി.
ഇന്ത്യയുടെ റഷ്യൻ നയത്തെ ചൊല്ലി യൂറോപ്യൻ യൂണിയനുമായി കഴിഞ്ഞ വർഷം ശക്തമായ ഭിന്നതകൾ ഉടലെടുത്തിരുന്നു. യൂറോപ്പിന്റെ പ്രശ്നങ്ങൾ ലോകത്തിന്റെ പ്രശ്നമാണ്, എന്നാൽ ലോകത്തിന്റെ പ്രശ്നങ്ങൾ യൂറോപ്പിന്റെ പ്രശ്നങ്ങളല്ല എന്ന മനോഭാവത്തിൽ നിന്ന് യൂറോപ്പ്യൻ യൂണിയൻ പിന്മാറണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞിരുന്നു.
ഇൻഡോ പസിഫിക് മേലയിൽ യൂറോപ്യൻ നാവിക സേനകൾ സാന്നിദ്ധ്യം ഉറപ്പിക്കുമ്പോൾ ഇന്ത്യയുമായും ശക്തമായ സഹകരണമുണ്ടാവുമെന്നും ഡെൽഫിൻ പറഞ്ഞു. വടക്കു പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ യൂറോപ്യൻ യൂണിയന് നാവിക സാന്നിദ്ധ്യമുണ്ട്. ചൈനയുമായി യൂറോപ്യൻ യൂണിയന് നല്ലബന്ധം ആണ്. അതേസമം എതിരാളികളുമാണ്. തങ്ങളുടെ സാമ്പത്തിക ഉദാരത ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും ഡെൽഫിൻ പറഞ്ഞു.
കയറ്റുമതി, തൊഴിലവസരം
വർദ്ധിക്കും
ഇന്ത്യ- യൂറോപ്യൻ യൂണിയൻ സാമ്പത്തിക ബന്ധവും ശക്തമാക്കും
ഇരു ഭാഗത്തേക്കുമുള്ള കയറ്റുമതിയും ഇറക്കുമതിയും വർദ്ധിപ്പിക്കും
വ്യാവസായിക-ഇലക്ട്രിക് ഉപകരണങ്ങൾ, ലോഹങ്ങൾ തുടങ്ങിയവയുടെ ഉൾപ്പെടെ കയറ്റുമതി കൂടും
ഇന്ത്യയിൽ നിന്ന് ടെലി കമ്മ്യൂണിക്കേഷൻ- ഐ.ടി സേവനങ്ങളുടെ കയറ്രുമതിയും കൂട്ടും
തൊഴിലവസരങ്ങൾ വർദ്ധിക്കും. വിസ നിബന്ധനകളിലുൾപ്പെടെ ധാരണകൾ വന്നേക്കും
ശക്തമായ ഉഭയകക്ഷി ധാരണകൾ ഇല്ലാത്തതിനാൽ പുതിയ ധാരണകളിൽ ഒപ്പിട്ടേക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |