ബീജിംഗ് : പോർക്ക്, മട്ടൻ എന്നീ വ്യാജേന കശാപ്പ് ചെയ്ത് വില്ക്കാനെത്തിച്ച 1000ത്തിലേറെ പൂച്ചകളെ രക്ഷിച്ച് ചൈനീസ് പൊലീസ്. മൃഗസംരക്ഷണ പ്രവർത്തകർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ കിഴക്കൻ നഗരമായ ഷാംഗ്ജിയാഗാംഗിൽ അനധികൃതമായി കടത്തിയ ഒരു ട്രക്കിൽ നിന്നാണ് പൂച്ചകളെ പൊലീസ് മോചിപ്പിച്ചത്.
ഇവയെ ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റി. രാജ്യത്ത് പൂച്ച മാംസത്തിന്റെ അനധികൃത കച്ചവടം സജീവമാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് സംഭവം. ഏകദേശം 600 ഗ്രാം പൂച്ച മാംസത്തിന് 4.5 യുവാൻ ആണ് ചൈനയിലെ നിരക്കെന്ന് മൃഗസംരക്ഷണ പ്രവർത്തകർ പറയുന്നു. അതേ സമയം, രക്ഷപ്പെടുത്തിയ പൂച്ചകൾ തെരുവിൽ ജീവിച്ചവയാണോ വളർത്തുപൂച്ചകളാണോ എന്ന് വ്യക്തമല്ല.
രാജ്യത്തെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ വളരെ മോശമാണെന്നും വ്യാപക പരാതിയുണ്ട്. ജൂണിൽ ഷിയുഷാനിലെ ഒരു ചൈനീസ് പാരമ്പര്യ ചികിത്സാ ആശുപത്രിയിലെ കഫറ്റീരിയയിലെ ഭക്ഷണത്തിലും ജിയാംഗ്ഷീ ഇൻഡസ്ട്രി പോളിടെക്നിക് കോളേജിലെ കാന്റീനിൽ വിദ്യാർത്ഥികളിലൊരാൾക്ക് ലഭിച്ച ഭക്ഷണത്തിലും എലിയുടെ തല കണ്ടെത്തിയത് വൻ വിവാദമായിരുന്നു.
അതേ സമയം, നായ, പൂച്ച എന്നിവയുടെ മാംസം ഉപയോഗിക്കുന്നതിനെതിരെ ചൈനയിൽ വിമർശനങ്ങളുയരുന്നുണ്ട്. 2020ൽ ഷെൻജെൻ നഗരം പൂച്ചകളുടെയും നായകളുടെയും മാംസം ആഹാരത്തിനായി ഉപയോഗിക്കുന്നതും വില്ക്കുന്നതും നിരോധിച്ചിരുന്നു. ഇത്തരം നടപടി സ്വീകരിക്കുന്ന ആദ്യ ചൈനീസ് നഗരമാണ് ഷെൻജെൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |