കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രൻ. സംഭവത്തിൽ മാദ്ധ്യമപ്രവർത്തക പീഡനവകുപ്പ് ചുമത്തി പരാതി നൽകിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
സുരേഷ് ഗോപി ക്ഷമ ചോദിച്ചതോടെ അവസാനിപ്പിക്കേണ്ടതായിരുന്നു. ഇത്തരത്തിലുളള പെരുമാറ്റം ഗൂഡാലോചനയാണെന്നും അവർ കൂട്ടിച്ചേർത്തു. വെളളിയാഴ്ച വൈകുംനേരം നാല് മണിവരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. സംഭവത്തെ രാഷ്ട്രീയവൽകരിക്കുകയാണ്. രണ്ട് ചോദ്യം ചോദിച്ചപ്പോഴും മാദ്ധ്യമ പ്രവർത്തകയുടെ മുഖത്ത് കണ്ടത് സ്നേഹം തന്നെയാണ്. അവർ തന്റേയും സുഹൃത്താണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
മാദ്ധ്യമ പ്രവർത്തകയെ മുന്നിൽ നിർത്തി അവർ പോലുമറിയാതെ ഇടതുപക്ഷം രാഷ്ട്രീയനാടകം കളിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് ചേർന്ന യോഗങ്ങളുടെ വിശദാംശങ്ങൾ അറിയിക്കാൻ തങ്ങൾക്കും ഇടതുപക്ഷത്ത് ആളുകൾ ഉണ്ട്. അടച്ചിട്ട മുറിയിൽ ഇടതുപക്ഷം നടത്തുന്ന പല വിഷയങ്ങളും പുറത്തേക്ക് പോകുന്നുണ്ട്. പരാതിയുമായി മുന്നോട്ട് പോയതിന് പിന്നിൽ മന്ത്രി മുഹമ്മദ് റിയാസാണ്. കരുവന്നൂരിൽ നടത്തിയതിന്റെ പ്രതികാരം തീർക്കുകയാണ് സിപിഎം. മാദ്ധ്യമ പ്രവർത്തകയ്ക്ക് വേണ്ടി തിരുവനന്തപുരത്ത് പരാതി നൽകിയത് പീഡന കേസിലെ പ്രതിയാണെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.
'മാദ്ധ്യമ സുഹൃത്തുക്കൾ വരുമ്പോൾ സ്ത്രീയുടേയും പുരുഷന്റേയും മുഖം തിരഞ്ഞുനോക്കി മാത്രമേ സ്‌നേഹിക്കാൻ പാടുള്ളൂവെന്ന് സഹോദരന്‍ എന്ന നിലയിൽ സുരേഷ് ഗോപിയോട് ഞാൻ പറയാം. കേരളത്തിൽ ആരോരും ഇല്ലാത്ത, അനാഥത്വം സൃഷ്ടിക്കപ്പെട്ട പെൺകുട്ടിയേയും അമ്മയേയും കൈപിടിച്ച് സ്വീകരിച്ചുകൊണ്ട്, അവർക്ക് ജീവിതം ഉണ്ടാക്കിക്കൊടുക്കുന്ന അച്ഛനെപ്പോലെ കരുതുന്ന നിങ്ങൾ എല്ലാവരുടേയും മനസിൽ അങ്ങനെയല്ലെന്ന് പറഞ്ഞുകൊടുക്കാം. മാപ്പ് പറഞ്ഞ ശേഷവും മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതൃത്വം അദ്ദേഹത്തെ വേട്ടയാടാനാണ് തീരുമാനമെങ്കിൽ കേരളത്തിലെ അമ്മമാരുടേയും സ്ത്രീകളുടേയും പെൺകുട്ടികളുടേയും അതിശക്തമായ പിന്തുണ സുരേഷ് ഗോപിക്ക് ഉണ്ടാകും' ശോഭാ സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |