ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ രംഗത്തെ സഹകരണത്തിന് ഇന്ത്യയും മൗറിഷ്യസും ധാരണയായി. ഔദ്യോഗിക സന്ദർശനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ സാന്നിദ്ധ്യത്തിൽ മൗറിഷ്യസ് റിസർച്ച് ആന്റ് ഇന്നവേഷൻ കൗൺസിലും ഐ.എസ്.ആർ.ഒയും കരാറിൽ ഒപ്പിട്ടു. മൗറിഷ്യസിലേക്കുള്ള ഇന്ത്യൻ കുടിയേറ്റത്തിന്റെ 189-ാം വാർഷികാഘോഷത്തിൽ മുരളീധരൻ മുഖ്യാതിഥിയായി. ഇന്ത്യാ–മൗറിഷ്യസ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രവാസികളും പൂർവികരും നിർണായക പങ്കു വഹിച്ചെന്ന് മുരളീധരൻ പറഞ്ഞു. മൗറിഷ്യസ് പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപനുമായും പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നാഥുമായും മുരളീധരൻ കൂടിക്കാഴ്ച നടത്തി. ജി 20 ഉച്ചകോടിയിലെ മൗറിഷ്യസിന്റെ സജീവ സാന്നിദ്ധ്യത്തിന് നന്ദി അറിയിച്ചു.
ഇന്ത്യ–മൗറിഷ്യസ് നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പോർട്ട് ലൂയിസിൽ സംഘടിപ്പിച്ച കാർണിവൽ വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. സ്മരണിക സ്റ്റാമ്പ് പ്രകാശനവും നിർവഹിച്ചു. ഇന്ത്യൻ ഹൈക്കമ്മിഷൻ ആസ്ഥാനവും വിദേശകാര്യസഹമന്ത്രി സന്ദർശിച്ചു. മൗറിഷ്യസിലെ മലയാളി സമൂഹത്തിന്റെ കേരളപ്പിറവി ആഘോഷങ്ങളിൽ മുഖ്യാതിഥിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |