തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ റീ കൗണ്ടിംഗിലൂടെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി വിജയിച്ച സംഭവത്തിൽ കെഎസ്‍യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്‍യുവിന്റെ ആവശ്യം.
കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പില്‍ കൗണ്ടിംഗ് പൂര്‍ത്തിയായപ്പോള്‍ കെഎസ്‍യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒറ്റ വോട്ടിന് വിജയിച്ചിരുന്നു. റീ കൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി 11 വോട്ടുകള്‍ക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നു. ഇടത് അദ്ധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നെന്നാണ് കെഎസ്‍യുവിന്‍റെ ആരോപണം. മന്ത്രി ആര്‍ ബിന്ദുവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ ഇടപെട്ടെന്നും കെഎസ്‍യു കുറ്റപ്പെടുത്തി. കെഎസ്‍യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യര്‍ ഇന്നലെ വൈകിട്ട് മുതല്‍ തുടങ്ങിയ നിരാഹാര സമരം കളക്ട്രേറ്റിന് മുന്നില്‍ തുടരുകയാണ്.
വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കെഎസ്‍യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരോട്ടിന് വിജയിച്ചു. എസ്എഫ്ഐ ആവശ്യപ്പെട്ട റീ കൗണ്ടിന്‍റെ ഫലം അര്‍ദ്ധരാത്രിയോടെ വന്നപ്പോള്‍ 11 വോട്ടിന് വിജയം എസ്എഫ്ഐ സ്ഥാനാര്‍ത്ഥിക്കായിരുന്നു. റീ കൗണ്ടിംഗിനിടെ രണ്ട് തവണ കറന്റ് പോയത് ഫലം അട്ടിമറിക്കാനായിരുന്നെന്നാണ് കെഎസ്‍യുവിന്റെ ഒന്നാമത്തെ ആരോപണം. പകൽ വെളിച്ചത്തിൽ റീ കൗണ്ടിംഗ് വേണമെന്ന കെഎസ്‍യു ചെയർമാൻ സ്ഥാനാർത്ഥിയുടെ ആവശ്യം തള്ളി രാത്രി തന്നെ റീ കൗണ്ടിംഗ് നടത്തിയത് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. സുദർശനന്‍റെ നിർദേശപ്രകാരമെന്നതാണ് രണ്ടാമത്തെ ആരോപണം. തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കോളജിലെ മുൻ അദ്ധ്യാപിക കൂടിയായ മന്ത്രി ആർ. ബിന്ദു നിർദ്ദേശം നൽകിയിരുന്നുവെന്നാണ് മൂന്നാമത്തെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |