SignIn
Kerala Kaumudi Online
Tuesday, 08 July 2025 7.46 PM IST

ഇന്ന് കാശ്മീരിൽ പോലും ലഭ്യമല്ലാത്ത അമ്യതേശ്വരഭൈരവൻ ലാലേട്ടന്റ വീട്ടിൽ

Increase Font Size Decrease Font Size Print Page
mohanlal

പുരാവസ്തുക്കൾ വീട്ടിൽ സൂക്ഷിക്കാൻ ഇഷ്ടമുള്ളയാളാണ് നടൻ മോഹൻലാൽ. അദ്ദേഹത്തിന്റെ വീട്ടിലുള്ള നിരവധി ശില്പങ്ങളും ചിത്രങ്ങളും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. അത്തരത്തിൽ മോഹൻലാലിന്റെ വീട്ടിലുള്ള ഒരു ശില്പത്തെ പരിചയപ്പെടുത്തുകയാണ് സുഹൃത്തായ ഡോ. ആർ രാമാനന്ദ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈ ശില്പത്തെക്കുറിച്ച് അറിയിച്ചത്.

നാലുകൈകൾ കൊണ്ട് അമൃതം സ്വയം അഭിഷേകം ചെയ്യുന്ന അമൃതേശ്വരന്റെ ശില്പമാണ് ഇത്. ഈ ശിൽപത്തിന്റെ അടുത്ത് മോഹൻലാലും രാമാനന്ദും നിൽക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഒരു ലഘു കുറിപ്പും ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. മോഹൻലാൽ പറഞ്ഞ് തടിയിൽ ചെയ്യിച്ചതാണ് അമൃതേശ്വരന്റെ ശില്പം. ഇന്ന് കാശ്മീരിൽ പോലും ഇത് ലഭ്യമല്ലെന്നും രാമാനന്ദ് കൂട്ടിച്ചേർത്തു.

mohanlal

പോസ്റ്റിന്റെ പൂർണരൂപം

അമൃതം .... എന്ന് കേൾക്കാത്തവരീ ഭൂമുഖത്തുണ്ടോ? ഒരാൾ പോലും കാണില്ല അങ്ങനെ . ഒരിക്കലും തമ്മിലിണങ്ങാത്ത ദേവാസുരന്മാർ ഒത്തൊരുമിച്ച് പലവിധ യാതനകൾ സഹിച്ച് പാലാഴി കടഞ്ഞതു തന്നെ ഇതൊന്നിനു വേണ്ടിയാണ്. എന്താണ് അമൃതം? മൃതമാവത്തത് എന്തോ അത്. അതെന്തായിരിക്കും, ഭൗതികശാസ്ത്ര നിയമങ്ങൾ വച്ച് നാശമില്ലാത്തതായി ഒന്നേയുള്ളു അത് ഊർജ്ജമാണ്. ഉണ്ടാക്കുവാനോ ഇല്ലാതാക്കുവാനോ സാധിക്കാത്തത് ഊർജ്ജമൊന്ന് മാത്രം. അനാദിയായ ഊർജ്ജത്തിൽ നിന്നാണ് ഈ കാണായതെല്ലാം നിർമ്മിക്കപ്പെട്ടത്. തന്ത്രം ഇതിനെ അപൂർവ്വനിർമ്മാണവസ്തു എന്ന് വിളിക്കുന്നു , ഇത് തന്നെയാണ് ശക്തി, ഇതു തന്നെ പ്രതിഭ.

ശിവം എന്ന നാദത്തിൽ ഒളിച്ചിരിക്കുന്ന ആ ശക്തി വിശേഷമാണ് ഒരിക്കലും മൃതമാകാത്തത് . അതിന് ക്ഷരമില്ല അഥവാ നാശമില്ല അതുകൊണ്ട് അത് അക്ഷരം . സർവ്വവും അക്ഷരം കൊണ്ട് നിർമ്മിതമാണ്. അതുകൊണ്ട് തന്നെ സർവ്വപ്രപഞ്ചവും നമ്മുടെ ബുദ്ധിയിൽ ശബ്ദരൂപത്തിൽ പ്രകടിപ്പിക്കപ്പെടുന്നു. അമ്പത്തൊന്ന് അക്ഷരങ്ങളുടെ മാല നാം ചൊല്ലി പഠിച്ച് അക്ഷരവിദ്യ നേടുന്നു , ഒരു സൂക്ഷ്മമായ രഹസ്യമാണത്. അക്ഷരത്തിൽ തുടങ്ങുന്ന പ്രപഞ്ചരഹസ്യ പഠനം.

അക്ഷരമാലയിലെ പതിനാറ് അക്ഷരങ്ങൾ, പതിനാറ് രുദ്രന്മാർ ആണ് എന്ന് ശൈവ തന്ത്രം, പതിനാറ് രുദ്രന്മാരെ ചേർത്തൊരു രൂപമുണ്ടാക്കിയാൽ അത് അമൃതേശ്വരഭൈരവൻ ആയി. കാശ്മീരശൈവതന്ത്രത്തിൽ മന്ത്രമാർഗ്ഗ പാരമ്പര്യത്തിൽ ഭൈരവ - ഭൈരവീ പ്രാധാനമുള്ള വിദ്യാപീഠം, സ്വച്ഛന്ദഭൈരവനും അഘോരേശ്വരിയ്ക്കും പ്രാധാന്യമുള്ള മന്ത്രപീഠം, എന്നിവയ്ക്കൊപ്പം വളരെ പ്രാധാന്യമുള്ള ഒരു സമ്പ്രദായമാണ് അമൃതേശ്വരഭൈരവനും അമൃതലക്ഷ്മിയ്ക്കും പ്രാധാന്യമുള്ള അമൃതേശ്വരപീഠം. മൃതസഞ്ജീവനീ എന്ന മഹാവിദ്യയ്ക്ക് ആധാരമായ പീഠം. എതെങ്കിലും മന്ത്രം ശക്തി നഷ്ടപ്പെട്ട് മറഞ്ഞു പോയാൽ അതിനെ പുനരുജ്ജീവിപ്പിക്കാൻ അമൃതേശ്വര ബീജമാണ് തന്ത്രത്തിൽ ഉപയോഗിക്കുക.

ചിത്രത്തിലുള്ള അമ്യതേശ്വരഭൈരവന്റെ രൂപം ലാലേട്ടൻ തടിയിൽ തീർത്തെടുത്തതാണ് . അമൃതേശ്വരഭൈരവന്റെ എട്ടു കൈകളോടു കൂടിയ ഒരു ചിത്രം കാശ്മീരിലുള്ള ഒരു സുഹൃത്ത് എനിക്കൊരിക്കൽ അയച്ചു തന്നു. ഞാനതിന്റെ അസുലഭഭംഗി കണ്ടു വിസ്മയിച്ചു ലാലേട്ടന് അയച്ചു കൊടുത്തു. അദ്ദേഹമെന്നൊട് അതെകുറിച്ച് കൂടുതൽ ചോദിച്ചു, പക്ഷെ എനിക്കറിയില്ലായിരുന്നു അത് തടിയിൽ പണിതെടുക്കാൻ അദ്ദേഹം പദ്ധതിയിടുന്നു എന്ന് . ഒരു ദിവസം എന്നോട് ചോദിച്ചു ഒരു കാര്യം കാണിച്ചു തരട്ടെ, ഫോണെടുത്തു കാണിച്ചു തടിയിലൊരുക്കുന്ന അതിമനോഹരമായ അമൃതേശ്വരൻ.

നാലുകൈകൾ കൊണ്ട് അമൃതം സ്വയം അഭിഷേകം ചെയ്യുന്ന അമൃതേശ്വരൻ. ഇരു കൈകളിൽ അമൃതകുംഭങ്ങൾ, ഇടതു കൈയിൽ അമൃതമുദ്ര വലതു കൈയിൽ അക്ഷമാല ... അർദ്ധനിമീലിതമായകണ്ണുകൾ, അമൃതാനുഭവം നൽകുന്ന തൃക്കണ്ണ്, ഇന്ദു ചൂടിയ ജട, യൗഗീകമായ പദ്മാസനസ്ഥിതി. അപൂർവ്വമായ ആവിഷ്കാരം, നാഗപ്പൻ എന്ന മഹാശിൽപ്പി ലാലേട്ടനു വേണ്ടി തപസ്സുകൊണ്ട് തീർത്തതാണ് ഈ വിസ്മയം ..

ഇന്ന് കാശ്മീരിൽ പോലും ലഭ്യമല്ലാത്ത അമ്യതേശ്വരഭൈരവൻ ലാലേട്ടന്റ വീട്ടിൽ, അമൃതത്തിൽ കുളിച്ച് അമൃതപുഞ്ചിരി തൂകി ഇരിക്കുന്നു. അക്ഷരാമൃതം ഗംഗ പോലെ സ്രവിക്കണമെന്ന പ്രാർത്ഥനയിൽ ആ കാൽക്കലിരുന്നാണ് ഈ ലേഖനം എഴുതി തീർത്തത്.

ഡോ ആർ രാമാനന്ദ്

TAGS: ANTIQUES COLLECT, MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.