ആലപ്പുഴ: അവഗണനയും സമ്മർദ്ദവും സഹിക്കവയ്യാതെ 800ലേറെ ഉദ്യോഗസ്ഥർ പൊലീസ് സേനയിൽ നിന്ന് സ്വയം വിരമിക്കുന്നു. 832 അപേക്ഷകളാണ് ഒക്ടോബർ അവസാനം വരെ പൊലീസ് ആസ്ഥാനത്ത് ലഭിച്ചത്. സി.പി.ഒ മുതൽ എസ്.ഐ വരെയുളളവർ ഇവരിൽപ്പെടും. മറ്റ് വകുപ്പുകളിൽ ജോലി ലഭിച്ചതിനെ തുടർന്ന് ആയിരത്തിലേറെപ്പേർ പല സമയങ്ങളിൽ വിട്ടുപോയി.
ആലപ്പുഴ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി.രാജീവ് കുമാർ സ്വയം വിരമിച്ചത് അടുത്തിടെയാണ്. ഒന്നര വർഷത്തോളം മാത്രമാണ് ആ പദവിയിൽ തുടർന്നത്. ആറു വർഷത്തോളം സർവീസ് ബാക്കിയുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് പറയുന്നതെങ്കിലും രാഷ്ട്രീയ മേലാളന്മാരിൽ നിന്നുമുണ്ടായ സമ്മർദ്ദവും ദുരനുഭവങ്ങളുമാണ് അതിന് ഇടയാക്കിയതെന്ന് അറിയുന്നു.
2003ൽ എസ്.ഐയായാണ് എം.ബി.എക്കാരനായ രാജീവ് പൊലീസിൽ പ്രവേശിച്ചത്. ക്രമസമാധാന പാലനത്തിലും ഇന്റലിജൻസിലും മറൈൻ എൻഫോഴ്സ്‌മെന്റിലുമായി 20 വർഷത്തോളം പ്രവർത്തിച്ചു. യാതൊരു പേരുദോഷവും കേൾപ്പിച്ചില്ല. കോട്ടയത്തു നിന്ന് ആറുമാസം മുമ്പ് ആലപ്പുഴയിൽ എത്തിയ രാജീവ് നാർക്കോട്ടിക് സെല്ലിൽ ജോലി ചെയ്യുന്നതിനിടെ മെഡിക്കൽ ലീവിലായിരുന്നു. ജോലിയിൽ തിരികെ പ്രവേശിച്ച് മാസങ്ങൾക്കുള്ളിൽ സ്വയം വിരമിക്കുകയായിരുന്നു. എസ്.പി റാങ്ക് വരെ എത്തേണ്ടതായിരുന്നു. ഗ്രാഫിക് ഡിസൈനിംഗിൽ വിദഗ്ദ്ധനായ അദ്ദേഹം പ്രമുഖ പരസ്യക്കമ്പനിയുടെ ഭാഗമായി.
ആറുമാസത്തിനുള്ളിൽ 36 ഗുണ്ടകളെ അകത്താക്കി
കോട്ടയത്ത് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായിരിക്കെ കാപ്പാ സെല്ലിന്റെ അധിക ചുമതല വഹിച്ചിരുന്ന രാജീവ്, എസ്.പി. കാർത്തിക്കിന്റെ നിർദേശപ്രകാരം ആറുമാസത്തിനകം 36 ഗുണ്ടകളെയാണ് അകത്താക്കിയത്. സംസ്ഥാനത്ത് ആറുമാസത്തിനകം ഇത്രയധികം ഗുണ്ടകളെ അകത്താക്കിയത് റെക്കാഡാണ്. ചെങ്ങന്നൂരിൽ പട്ടാപ്പകൽ ബി.എസ്.എൻ.എല്ലിന്റെ കേബിളുകൾ ലോറിയിൽ കടത്തിക്കൊണ്ടുപോയവരെ സിനിമാെ്രസ്രെലിൽ കാറിൽ പിന്തുടർന്ന് ഏറ്റുമുട്ടലിൽ കീഴ്‌പ്പെടുത്തിയിരുന്നു.
അവധിയില്ല, നടപടി ആശങ്ക
പൊലീസുകാർ ജോലി ഉപേക്ഷിക്കാൻ മുഖ്യമായും മൂന്നു കാരണങ്ങൾ.
1. രോഗത്തെ തുടർന്ന് അവധി ആവശ്യപ്പെട്ടാലും കിട്ടുന്നില്ല
2. ദിവസം 18 മണിക്കൂറിലേറെ ജോലി ചെയ്യേണ്ടിവരുന്നു
3.ചെയ്യാത്ത കുറ്റത്തിന് നടപടി ഉണ്ടാകുമെന്ന ആശങ്ക
അഞ്ചുവർഷത്തിനിടെ ആത്മഹത്യ ചെയ്തവർ: 69
ഡിവൈ.എസ്.പി കസേരകൾ ഒഴിഞ്ഞു കിടക്കുന്നു
സ്വയം വിരമിക്കലിനെയും മെഡിക്കൽ അവധിയെയും തുടർന്ന് ഡിവൈ.എസ്.പി കസേരകൾ ഒഴിഞ്ഞു കിടക്കുന്ന ആലപ്പുഴയിൽ ക്രമസമാധാനപാലനവും കേസന്വേഷണങ്ങളും താളംതെറ്റുന്നു. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി.രാജീവ് കുമാർ സ്വയം വിരമിക്കുകയും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി.പ്രഫുല്ലചന്ദ്രൻ മൂന്നുമാസത്തെ മെഡിക്കൽ അവധിയിൽ പ്രവേശിക്കുകയും ചെയ്തതിന് പിന്നാലെ ചേർത്തല ഡിവൈ.എസ്.പി ബെന്നി മണ്ഡലകാല ഡ്യൂട്ടിയ്ക്ക് ശബരിമലയ്ക്ക് നിയോഗിക്കപ്പെടുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം.
ഇതോടെ ജോലിയിലുള്ളവരുടെ ചുമതലകൾ വർദ്ധിച്ചു. ക്രമസമാധാന പാലനത്തിനൊപ്പം ഭരണപരമായ മേൽനോട്ടച്ചുമതലകൂടിയുള്ള ആലപ്പുഴ ഡിവൈ.എസ്.പി രണ്ട് അധികച്ചുമതലയാണ് ഇപ്പോൾ വഹിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെയും ചേർത്തല ഡിവൈ.എസ്.പിയുടെയും അധികച്ചുമതലയാണ് ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ.ജയരാജിനുള്ളത്. ഡി.സി ആർ.ബി ഡിവൈ.എസ്.പി സജിമോനാണ് നർക്കോട്ടിക് സെല്ലിന്റെ അധികച്ചുമതല.
ഉള്ളവർക്ക് പിടിപ്പത് പണി
1. കർഷകന്റെ ആത്മഹത്യയെ തുടന്നുള്ള പ്രതിഷേധം, ജില്ലാ അതിർത്തിയായ പാലമേലിലെ മണ്ണെടുപ്പ് വിരുദ്ധസമരം, ഓച്ചിറ, പടനിലം ,ചക്കുളത്തുകാവ് വൃശ്ചികോത്സവങ്ങൾ എന്നിങ്ങനെ പൊലീസിന് പിടിപ്പത് പണിയുള്ള സമയമാണിത്
2. അടുത്തമാസം 15,16 തീയതികളിൽ നടക്കാനിരിക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കുമുള്ള സുരക്ഷയൊരുക്കണം. ശബരിമല ഡ്യൂട്ടിയ്ക്കായി ഓഫീസർമാർക്ക് പുറമേ പൊലീസുകാരെയും ജില്ലയിൽ നിന്ന് നിയോഗിച്ചിട്ടുണ്ട്
3. മയക്കുമരുന്ന് കേസുകൾ വർദ്ധിച്ചിരിക്കെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷത്തിന് മുന്നോടിയായുള്ള സ്‌പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കലുൾപ്പെടെ ഭാരിച്ച ചുമതലകളാണ് നാർക്കോട്ടിക് സെല്ലിന് കീഴിൽ വരുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |