ഉമ്മൻ ചാണ്ടിയുടെ മരണശേഷവും എ ഗ്രൂപ്പിന്റെ കരുത്ത് ചോർന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്. വാശിയേറിയ മത്സരത്തിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടത്തിനെ വിജയിപ്പിച്ചതുൾപ്പെടെ മികച്ച പ്രകടനമാണ് എ ഗ്രൂപ്പ് നടത്തിയത്. കെ.സി വേണുഗോപാൽ പക്ഷവും എടുത്ത് പറയത്തക്ക നേട്ടം കൊയ്തപ്പോൾ കെ.സുധാകരൻ, വി.ഡി. സതീശൻ പക്ഷത്തിന് തിരിച്ചടിയേറ്റു. സ്വന്തം തട്ടകമായ കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ കെ.സുധാകരന് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനായില്ല. സുധാകരന്റെ സ്ഥാനാർത്ഥിയായ ഫർസീൻ മജീദിനെ പരാജയപ്പെടുത്തി എ ഗ്രൂപ്പിന്റെ വിജിൽ മോഹനൻ കണ്ണൂരിൽ ജില്ലാ പ്രസിഡന്റായി.
കഴിഞ്ഞ മാസം കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോൾ കണ്ണൂരിലെ എ ഗ്രൂപ്പിനെ വെട്ടിനിരത്തി ഭൂരിഭാഗം മണ്ഡലങ്ങളും കെ.സുധാകരനും കെ.സി വേണുഗോപാലും നേതൃത്വം നൽകുന്ന ഗ്രൂപ്പുകൾ പങ്കിട്ടെടുത്തിരുന്നു. 23 ബ്ലോക്കുകളിലെ 132 മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടപ്പോൾ എ ഗ്രൂപ്പിന് കിട്ടിയത് 20ൽ താഴെ പ്രസിഡന്റുമാർ മാത്രം. നേരത്തെ 50 മണ്ഡലം പ്രസിഡന്റുമാരാണ് എ ഗ്രൂപ്പിനുണ്ടായിരുന്നത്. ഇതോടെ എ ഗ്രൂപ്പിനെ സുധാകര-വേണുഗോപാൽ ഗ്രൂപ്പുകൾ ഒരുമിച്ച് തഴയുകയാണെന്ന ആക്ഷേപമുയർന്നിരുന്നു. 11ൽ എട്ടു ബ്ലോക്ക് പ്രസിഡന്റ് സ്ഥാനവും സുധാകര വിഭാഗത്തിനായിരുന്നു. ആ സാഹചര്യത്തിലാണ് സുധാകരന്റെ സ്വന്തം സ്ഥാനാർത്ഥി ഫർസീൻ മജീദിനെ പരാജയപ്പെടുത്തിക്കൊണ്ട് എ ഗ്രൂപ്പ് തിരിച്ചടിച്ചിരിക്കുന്നത്. മട്ടന്നൂർ ബ്ലോക്ക് ഭാരവാഹിയായിരുന്ന ഫർസീൻ മജീദ് എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ വിജിൽ മോഹനനോട് തോറ്റത് സുധാകര വിഭാഗത്തിന് കടുത്ത തിരിച്ചടിയാണ്. വിജിൽ മോഹനന് 7,822 വോട്ടും ഫർസീൻ മജീദിന് 7,165 വോട്ടുകളുമാണ് ലഭിച്ചത്. 657 വോട്ടിനാണ് വിജിലിന്റെ വിജയം.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പഴയ എ ഗ്രൂപ്പുകാരനും ഇപ്പോൾ രമേശ് ചെന്നിത്തല വിഭാഗക്കാരനുമായ വി.പി അബ്ദുൾ റഷീദും ജയിച്ചിട്ടുണ്ട്. എഴായിരത്തോളം വോട്ടാണ് ചെന്നിത്തലയുടെ പിന്തുണയോടെ മത്സരിച്ച അബ്ദുൾ റഷീദിന് ലഭിച്ചത്. ഐ ഗ്രൂപ്പ് പിന്തുണക്കാതിരുന്നിട്ടും എ ഗ്രൂപ്പിന്റെ ഭാഗികമായ പിന്തുണ മാത്രം ലഭിച്ചിട്ടും അബ്ദുൾ റഷീദ് ജയിക്കുകയായിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന പേരുകളിലൊന്നാണ് അബ്ദുൾ റഷീദിന്റേത്. കെ. സുധാകരന്റെ അതീവ വിശ്വസ്തരിലൊരാളായ രാഹുൽ വെച്ചിയാട്ടും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ജയിച്ചിട്ടുണ്ട്.
തോറ്റത് വിമാനത്തിൽ പ്രതിഷേധിച്ച നേതാവ്
മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനകത്ത് കരിങ്കൊടി കാണിച്ചതോടെയാണ് ഫർസീൻ മജീദ് പ്രശസ്തനാകുന്നത്. മുഖ്യമന്ത്രിയും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും ഇൻഡിഗോ വിമാനത്തിൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോഴായിരുന്നു ഫർസീനും സഹപ്രവർത്തകരും കരിങ്കൊടി കാണിച്ചത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി വിമാനത്തിൽ നിന്നും ഇറങ്ങാൻ തയ്യാറെടുക്കുമ്പോൾ ഫർസീൻ കൈയിൽ കരുതിയ കരിങ്കൊടി വീശുകയായിരുന്നു. ഇതിനിടെ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഇ. പി. ജയരാജൻ അത് തടയാൻ ശ്രമിച്ചു. ഇതോടെ സി.പി.എം പ്രവർത്തകരിൽ നിന്ന് ഭീഷണി നേരിട്ട ഫർസീന് കേരള പൊലീസ് സുരക്ഷയൊരുക്കിയിരുന്നു.
മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് പൊലീസ് കേസെടുത്തതോടെ അദ്ധ്യാപകനായ അദ്ദേഹത്തെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതൊക്കെ കോൺഗ്രസിനകത്ത് ഫർസീന് വീരപരിവേഷമാണ് നൽകിയത്. അതുകൊണ്ട് തന്നെ സംഘടന തിരഞ്ഞെടുപ്പിൽ നൂറ് ശതമാനം വിജയമായിരുന്നു സുധാകരനും ഫർസീനും പ്രതീക്ഷിച്ചത്. വിമാനത്തിനകത്തെ മോശമായ പെരുമാറ്റത്തിന്റെ പേരിൽ ഇ.പി ജയരാജനും ഫർസീനും ഇൻഡിഗോ വിമാനക്കമ്പനി രണ്ടാഴ്ച്ചത്തേക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നു.
ഒതുക്കാൻ നോക്കിയിട്ടും
കെ.പി.സി.സി അദ്ധ്യക്ഷന്റെ തട്ടകത്തിൽ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയത് കോൺഗ്രസിൽ പുതിയ അടിയൊഴുക്കുകൾ സൃഷ്ടിക്കുന്നു. കെ. സുധാകരൻ ഗ്രൂപ്പ് നിയന്ത്രിക്കുന്ന കണ്ണൂർ ഡി.സി.സിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികളെ തോൽപ്പിച്ചാണ് യൂത്ത് കോൺഗ്രസിൽ എ ഗ്രൂപ്പ് പ്രതിനിധികൾ താക്കോൽ സ്ഥാനങ്ങളിലെത്തിയതെന്നത് സുധാകരനേയും അനുയായികളേയും അസ്വസ്ഥരാക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിക്കൂർ മണ്ഡലം എ ഗ്രൂപ്പിന് നിഷേധിച്ചതോടെയാണ് കോൺഗ്രസിൽ ഒതുക്കലുകൾ തുടങ്ങിയത്. കാൽനൂറ്റാണ്ടോളം കെ.സി ജോസഫ് കുത്തകയാക്കി വെച്ച സീറ്റാണ് കെ.സി വേണുഗോപാൽ വിഭാഗം കെ സുധാകര വിഭാഗത്തിന്റെ ഒത്താശയോടെ സ്വന്തമാക്കിയത്.
കെ.സിയുടെ വിശ്വസ്തനായ സജീവ് ജോസഫ് ഇരിക്കൂറിൽ സ്ഥാനാർത്ഥിയാവുകയും പതിനായിരത്തോളം വോട്ടുകൾക്ക് ജയിക്കുകയും ചെയ്തു. കെ.പി നുറുദ്ദീൻ, പി രാമകൃഷ്ണൻ തുടങ്ങിയ നേതാക്കളുടെ വിയോഗത്തോടെ പെരുവഴിയിലായ എ ഗ്രൂപ്പിന് പിന്നീട് തുടർച്ചയായി തിരിച്ചടികൾ ഏൽക്കുകയായിരുന്നു. തങ്ങളുടെ കൈയിലുണ്ടായിരുന്ന ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളിൽ പലതും അവർക്ക് കൈവെടിയേണ്ടി വന്നു. പാർട്ടിയിൽ ദുർബലമായ എ ഗ്രൂപ്പ് നിരന്തര പ്രതിഷേധവും സംഘടനയ്ക്കുള്ളിൽ വിട്ടുനിന്നുകൊണ്ട് ശീതസമരവും നടത്തി. ഇരിക്കൂറിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സോണി സെബാസ്റ്റ്യന് കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം നൽകി സുധാകരന്റെ നേതൃത്വത്തിൽ മഞ്ഞുരുക്കി എ ഗ്രൂപ്പിനെ തണുപ്പിച്ചു. സംസ്ഥാന തലത്തിൽ കെ.പി.സി.സി ഭാരവാഹികളുടെ വീതം വെക്കലിലായിരുന്നു എ ഗ്രൂപ്പിന് പേരിനൊരു സ്ഥാനം നൽകിയത്.
മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിലൂടെയും അതിന് മുൻപ് പലവട്ടവും തങ്ങളെ ഒതുക്കാൻ ശ്രമിച്ചെന്ന വികാരമിപ്പോൾ എ-ഗ്രൂപ്പുകാരിൽ പ്രകടമാണ്. കെ.സുധാകരന്റെ ഏകാധിപത്യം കണ്ണൂരിലെ പാർട്ടിക്കുള്ളിൽ ഇനി അനുവദിക്കില്ലെന്ന് അവരിൽ പലരും പറയുന്നുണ്ട്. എ ഗ്രൂപ്പിനെ പാർട്ടിക്കുള്ളിൽ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെയുള്ള തിരിച്ചടിയാണ് യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലെ വിജയമെന്ന് തുറന്ന് പറയാൻ അവർ മടി കാണിക്കുന്നില്ല. കണ്ണൂരിൽ കെ.സുധാകരൻ പറയുന്നതാണ് പാർട്ടിക്കുള്ളിൽ അവസാന വാക്കെന്ന സ്ഥിതി മാറിക്കഴിഞ്ഞു. അതാണ് സുധാകരന്റെ സ്വന്തം തട്ടകത്തിലെ സ്വന്തം സ്ഥാനാർത്ഥിയുടെ തോൽവിയിൽ നിന്ന് വ്യക്തമാകുന്നത്. പക്ഷെ പാർട്ടി കോൺഗ്രസായതു കൊണ്ട് ഇതെല്ലാം ശാശ്വതമാണെന്ന് പറയാനുമാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |