SignIn
Kerala Kaumudi Online
Saturday, 27 July 2024 2.18 PM IST

ശ്രീചിത്തിര തിരുനാൾ മഹാരാജാവിനെ ആ രാത്രി കിടപ്പറയിൽ വധിക്കാൻ ശ്രമിച്ചതാര്? ഇതുവരെ വെളിച്ചംകാണാത്ത സത്യങ്ങൾ അശ്വതി തിരുനാൾ വെളിപ്പെടുത്തുന്നു

aswathi-tirunal-gauri-lak
അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി

കുറച്ചു നാളുകൾക്ക് മുമ്പ് തമിഴ്നാട്ടിലെ അതിപുരാതനവും വിശിഷ്‌ടവുമായ ഒരു ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി. ദർശനവേളയിൽ ക്ഷേത്രപൂജാരി എന്താണ് സങ്കൽപം (പ്രാർത്ഥന) എന്ന് ചോദിച്ചു. എന്റെ കേരള ദേശത്തിന് അഭിവൃദ്ധിയും ക്ഷേമവും ഉണ്ടായാൽ മാത്രം മതി എന്നായിരുന്നു മറുപടി. അൽപമൊന്ന് അന്ധാളിച്ച പൂജാരി ഉടൻ തന്നെ അപ്രകാരം ദേവന് വഴിപാട് നടത്തുകയും ചെയ‌്തു. അശ്വതി തിരുനാളിനെ അറിയാവുന്ന കൂടെയുള്ളയാളുകൾ അത്ഭുതപ്പെട്ടില്ല. കാരണം ഇക്കാലമെല്ലാം ലോകാഃ സമസ്താഃ സുഖിനോ ഭവന്തുഃ എന്ന് മാത്രമേ തിരുവിതാംകൂർ രാജകുടുംബാംഗം പ്രാർത്ഥിച്ചിട്ടുള്ളൂവെന്ന് അവർക്കറിയാം. ഇപ്പോൾ അതിലൊരു വ്യത്യാസം മാത്രം, ആദ്യം നാട് പിന്നെ ലോകം. ഈ അഭിമുഖത്തിനായി അശ്വതി തിരുനാളിനെ സമീപിക്കുമ്പോൾ പതിവിലും അധികം തിരക്കിലായിരുന്നു തമ്പുരാട്ടി. 'ചരിത്രം വെളിച്ചത്തിലേക്ക്- ശ്രീചിത്ര ഗാഥ' എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട തിരക്കായിരുന്നു. എന്നാലും ആതിഥ്യമര്യാദയ‌്ക്ക് ഒരു കുറവുമുണ്ടായില്ല. കേരളകൗമുദിയുമായുള്ള കൊട്ടാരത്തിന്റെ ആത്മബന്ധത്തിൽ നിന്നുതന്നെ അഭിമുഖം ആരംഭിച്ചു.

അച്ഛന്റെ മരണവും കേരളകൗമുദിയും

1971 ഏപ്രിൽ 30ന് ആണ് അച്ഛൻ ഗോദവർമ്മ രാജ വിമാനാപകടത്തിൽ തീപ്പെട്ടത്. അന്ന് ഇന്ത്യയിലൊട്ടാകെ കമ്മ്യൂണിക്കേഷൻ സിസ്റ്റവുമായി ബന്ധപ്പെട്ട് ഒരു സമരം നടക്കുകയായിരുന്നു. കേരളത്തിൽ വളരെ ശക്തമായിരുന്നു സമരം. വാർത്തകളൊന്നും അറിയാൻ കഴിയാത്ത സാഹചര്യം. ആ വിഷമഘട്ടത്തിൽ ഞങ്ങളെ ഏറെ സഹായിച്ചത് കേരളകൗമുദി പത്രാധിപരായിരുന്ന കെ സുകുമാരനും അദ്ദേഹത്തിന്റെ മകൻ എം.എസ് മണിയുമായിരുന്നു. രണ്ടുപേർക്കും കൊട്ടാരവുമായി വളരെ നല്ല ബന്ധമാണുണ്ടായിരുന്നത്. അക്കാലത്ത് കേരളകൗമുദിക്ക് മാത്രമാണ് തിരുവനന്തപുരത്ത് ടെലിപ്രിന്റർ സൗകര്യമുള്ളത്. മണിക്കൂർ നിരക്കിലാണ് അന്ന് ടെലിപ്രിന്റർ സർവീസിന്റെ ചാർജ്. എന്നിട്ടുപോലും മൂന്ന് ദിനരാത്രങ്ങൾ ഞങ്ങൾക്കു വേണ്ടി കേരളകൗമുദി ആ സൗകര്യമൊരുക്കി. ജ്യേഷ്‌ഠത്തി പൂയം തിരുനാളിന്റെ ഭർത്താവ് സി.ആർ.ആർ വർമ്മയാണ് പേട്ടയിലെ കൗമുദി ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചത്. അച്ഛനോട് വളരെ സ്നേഹവും അടുപ്പവുമായിരുന്നു പത്രാധിപർക്കും കുടുംബത്തിനും. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട 90 ശതമാനം വിവരങ്ങളും ഞങ്ങളെ അറിയിച്ചത് എം.എസ് മണിയുടെ നേതൃത്വത്തിൽ കേരളകൗമുദിയായിരുന്നു. ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത സേവനമാണ് കേരളകൗമുദി ചെയ‌്തത്.

aswathi-tirunal
ചിത്രങ്ങൾ- വിഷ്‌ണു സാബു

പുസ്തകം എഴുതി തുടങ്ങുന്നു

ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ കേസ് സുപ്രീം കോടതിയിൽ നടക്കുന്ന സമയത്താണ് അശ്വതി തിരുനാൾ പുസ്തകം എഴുതി തുടങ്ങുന്നത്. മൂന്നരവർഷം എടുത്തു പൂർത്തിയാക്കാൻ. കവടിയാർ കൊട്ടാരത്തിനെതിരെ പ്രചരിക്കപ്പെട്ട അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കുമുള്ള മറുപടിയാണ് ഹിസ്റ്ററി ലിബറേറ്റഡ്- ദി ശ്രീചിത്ര സാഗ എന്ന പുസ്തകം. മൂന്ന് വർഷം മുമ്പ് ഇംഗ്ളീഷിൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ മലയാളം പരിഭാഷയാണ് ഇപ്പോൾ പുറത്തിറക്കിയത്. 'ചരിത്രം വെളിച്ചത്തിലേക്ക്- ശ്രീചിത്ര ഗാഥ എന്ന ഈ പരിഭാഷയിൽ തിരുവിതാംകൂറിലെ പല ചരിത്രസത്യങ്ങളും അശ്വതി തിരുനാൾ വെളിപ്പെടുത്തുന്നുണ്ട്. തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളിന്റെ ജനനം ശ്രീനാരായണ ഗുരുവിനാലും, തൈക്കാട്ട് അയ്യാ ഗുരുവിനാലും പ്രവചിക്കപ്പെട്ടതും, ബാലനായിരുന്ന മഹാരാജാവിനെ കൊലപ്പെടുത്താൻ കൊട്ടാരത്തിനുള്ളിൽ തന്നെ ശ്രമം നടന്നതും, ആളെ തിരിച്ചറിഞ്ഞപ്പോൾ അമ്മ മഹാറാണി സ്തബ്‌ധയായതും, നരബലിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ വസ്തുതകളും തുടങ്ങി പലതും ഞെട്ടിപ്പിക്കുന്ന ചരിത്രസംഭവങ്ങൾ.

സ്വന്തം കാര്യത്തിൽ പിശുക്ക്

അശ്വതി തിരുനാളിനെ അടുത്തറിയുന്നവർക്ക് മാത്രം അറിയുന്നൊരു കാര്യമുണ്ട്, സ്വന്തം കാര്യത്തിൽ പിശുക്കും എന്നാൽ ആവശ്യക്കാരന് കൈയയച്ചും സഹായിക്കുന്ന സ്വഭാവക്കാരിയാണ് തമ്പുരാട്ടിയെന്ന്. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. ''ആവശ്യമുള്ളതെല്ലാം പദ്മനാഭ സ്വാമി തന്നിട്ടുണ്ട്. പിശുക്ക് എന്ന വാക്കിനൊന്നും എന്റെ ജീവിതത്തിൽ സ്ഥാനമില്ല. പിന്നെ എന്താണെന്ന് വച്ചാൽ ആവശ്യമുള്ളത് മാത്രമല്ലേ ഒരാൾക്ക് വാങ്ങേണ്ടതുള്ളൂ. ആവശ്യമില്ലാതെ എന്തിന് ചെലവാക്കണം? ധൂർത്തിനോട് യോജിക്കാനാകില്ല. വലത്തേ കൈ ചെയ്യുന്നത് ഇടത്തേ കൈ അറിയരുത് എന്ന ഉപദേശമാണ് പൊന്നമ്മാവൻ (ചിത്തിര തിരുനാൾ) നൽകിയിട്ടുള്ളത്. സഹായം ആവശ്യമുള്ളവരിലേക്ക് എത്തിക്കാൻ സാധിച്ചാൽ അതുതന്നെ സന്തോഷം. അതൊന്നും ആരേയും അറിയിച്ച് ചെയ്യണമെന്നും ആഗ്രഹമില്ല''.

sreechitra-saga
അശ്വതി തിരുനാളിന്റെ ഏറ്റവും പുതിയ പുസ്തകം- ചരിത്രം വെളിച്ചത്തിലേക്ക്- ശ്രീചിത്രഗാഥ

സ്ത്രീ ശാക്തീകരണത്തിന്റെ നേർരൂപമായ അമ്മൂമ്മയും ലാളിത്യത്തിന്റെ പ്രതീകമായ പൊന്നമ്മാവനും

കേരളത്തിന്റെ അഭിമാനമായ ശ്രീചിത്ര മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ നിർമ്മാണത്തിനായി 80 ലക്ഷം രൂപയാണ് അമ്മാവനായ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ സ്വകാര്യ സ്വത്തിൽ നിന്ന് നൽകിയത്. കാലഘട്ടം 1970കളിൽ ആണെന്ന് ഓർക്കണം. മെഡിക്കൽ കോളേജ് ഉണ്ടായിരുന്നെങ്കിലും ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തിരുവനന്തപുരത്ത് വേണമെന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തിന്. എന്നാൽ ആശുപത്രിക്ക് തന്റെ പേരിടാൻ മാത്രം ഒരു കാരണവശാലും ചിത്തിര തിരുനാൾ സമ്മതിച്ചില്ല. പലതരത്തിലുള്ള സമ്മർദ്ദങ്ങളുണ്ടായെങ്കിലും അതൊന്നും അദ്ദേഹം വകവച്ചുമില്ല. ആ സമയത്താണ് അമ്മ മഹാറാണി ഇടപെടുന്നത്. സമ്മതിപ്പിക്കാനായി അശ്വതി തിരുനാളിനെ ചുമതലപ്പെടുത്തി. ഒടുവിൽ എങ്ങനെയാണ് മഹാരാജാവ് അതിന് സമ്മതിച്ചതെന്ന് പുസ്‌തകത്തിൽ തമ്പുരാട്ടി വിശദമാക്കുന്നുണ്ട്.

''ഇന്നു നാം കാണുന്ന സ്ത്രീശാക്തീകരണത്തിന്റെ പ്രതിരൂപമായിരുന്നു അമ്മൂമ്മ (അമ്മ മഹാറാണി). ജാതി വ്യവസ്ഥകൾക്ക് അതീതമായി എല്ലാ മനുഷ്യരേയും ഒരു പോലെ കാണാൻ അമ്മൂമ്മ അന്നേ ശ്രദ്ധിച്ചിരുന്നു. അതിനൊരു ഉദാഹരണം പറയാം. അന്നൊക്കെ നവരാത്രി കാലത്ത് പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ പാടാൻ അവസരം സവർണ സമുദായത്തിൽ പെട്ടവർക്ക് മാത്രമാണ്. ഒരിക്കൽ, താഴ്‌ന്ന ജാതിക്കാരനായി അന്നത്തെ സമൂഹം മുദ്രകുത്തിയിരുന്ന ഒരു ബാലന്റെ സംഗീതം അമ്മൂമ്മയുടെ ശ്രദ്ധയിൽപെട്ടു. അയാളെ കൊണ്ട് നവരാത്രി ഉത്സവത്തിൽ പാടിക്കണമെന്ന് അമ്മൂമ്മ തീരുമാനിച്ചു. എന്നാൽ ഇത് ഉൾക്കൊള്ളാൻ പലരും തയ്യാറായില്ല. എന്നു മാത്രമല്ല കച്ചേരിക്ക് അവരാരും വന്നുമില്ല. ശുഷ്‌കമായ സദസ് കണ്ട് അമ്മ മഹാറാണി ഒരു തീരുമാനമെടുത്തു; അടുത്ത തവണ ഇതേ ബാലന്റെ കച്ചേരിക്ക് ഈ വേദി നിറഞ്ഞിരിക്കണം. അതങ്ങനെ തന്നെ സംഭവിച്ചു. ആ ബാലനാണ് പിൽക്കാലത്ത് പ്രശസ്തനായ നെയ്യാറ്റിൻകര വാസുദേവൻ''.

kowdiar-palace
കവടിയാർ കൊട്ടാരം

പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കവടിയാർ കൊട്ടാരത്തിലേക്ക് എന്തൊക്കെയോ കൊണ്ടുവന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി

ഈ ചോദ്യം കേട്ടപ്പോൾ കുറച്ചു നേരം ചിരിക്കുകയായിരുന്നു അശ്വതി തിരുനാൾ. എന്നിട്ട് പറഞ്ഞു. ''പദ്‌മനാഭന്റെയടുത്ത് നിന്ന് ഒരുതരി മണൽപോലും കൊട്ടാരത്തിലേക്ക് വന്നിട്ടില്ല. എല്ലാം ആ പാദത്തിൽ സമർപ്പിച്ചിട്ടേയുള്ളൂ ഞങ്ങൾ. പല അവസരത്തിലും അമ്പലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ വല്യമ്മാവനും ഇളയമ്മാവനും തങ്ങളുടെ സ്വകാര്യസ്വത്ത് വിറ്റാണ് അതെല്ലാം നിവർത്തിച്ചിരുന്നത്. ഒരു ഉദാഹരണം പറയാം; വെള്ളിച്ചങ്ങലയിലുണ്ടാക്കിയ ഒരു തൂക്കുവഞ്ചി കൊട്ടാരത്തിലുണ്ടായിരുന്നു. ഒരിക്കൽ ക്ഷേത്രത്തിലേക്ക് ഒരു ആവശ്യം വന്നപ്പോൾ ഈ തൂക്കുവഞ്ചി വിറ്റാണ് അത് നടത്തിയത്. ജീവിതത്തിൽ പദ്‌മനാഭസ്വാമിയുടെ സ്വത്തായിട്ടുള്ള മൂന്ന് വെള്ളിക്കിണ്ണം മാത്രമേ ഞാൻ കൈകൊണ്ട് തൊട്ടിട്ടുള്ളൂ. വട്ടകപ്രസാദം എന്ന പേരിൽ കുടുംബത്തിലുള്ളവർക്ക് പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പ്രസാദമുണ്ട്. വെള്ളിക്കിണ്ണത്തിലാണ് തരിക. പ്രസാദം സ്വീകരിച്ചു കഴിഞ്ഞാൽ അത് തിരികെ വയ‌്ക്കുകയും ചെയ്യും. പദ്‌മനാഭ സ്വാമിയേക്കാൾ വലുതായ എന്ത് സ്വത്താണ് ഈ ലോകത്ത് ഞങ്ങൾക്ക് നേടാനുള്ളത്''.

aswathi-tirunal-thampurat

ജനാധിപത്യത്തിൽ തമ്പുരാട്ടി എന്ന് വിളിക്കുന്നത് ശരിയാണോ?

ഞാൻ ക്ഷത്രിയ ജാതിയിലാണ് പിറന്നത്. ആ ജാതിയിലെ സ്ത്രീകളെ തമ്പുരാട്ടി എന്നാണ് വിളിക്കാറ്. ജനാധിപത്യമാണെന്നതുകൊണ്ട് എന്റെ ജാതിപ്പേര് എങ്ങനെയാണ് ഞാൻ മറക്കുക? നമ്മുടെ സമൂഹത്തിലെ എത്രയോ പേർ തങ്ങളുടെ ജാതിപ്പേര് ഉപയോഗിക്കുന്നു. അതിൽ എന്ത് തെറ്റാണുള്ളത്?

സംസ്ഥാന സർക്കാരിന്റെ ഭരണത്തേയും അടുത്തിടെ നടന്ന കേരളീയത്തേയും കുറിച്ചുള്ള അഭിപ്രായമെന്തെന്ന ചോദ്യത്തോടെ അഭിമുഖം അവസാനിപ്പിക്കാം എന്നുകരുതി ചോദ്യം ആരാഞ്ഞു. ഉത്തരം നിങ്ങൾ തന്നെ പറയൂ എന്നായിരുന്നു അശ്വതി തിരുനാളിന്റെ പ്രതികരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASWATHI TIRUNAL GOURI LAKSHMI BAYI, TRAVANCORE PALACE, SREE CHITRA TIRUNAL BALARAMA VARMA, HISTORY LIBERATED SREE CHITRA SAGA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.