ന്യൂഡൽഹി: മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യഥാക്രമം 71.16 ശതമാനവും 68.15 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. (2018ൽ മദ്ധ്യപ്രദേശിൽ75.63%, ഛത്തീസ്ഗഢിൽ 76.88%). കോൺഗ്രസും ബി.ജെ.പിയും വാശിയേറിയ പ്രചാരണമാണ് ഇവിടങ്ങളിൽ കാഴ്ചവച്ചത്. രണ്ടിടങ്ങളിലും ഇരുകക്ഷികളും മുൻതൂക്കം അവകാശപ്പെടുന്നുണ്ട്.
മദ്ധ്യപ്രദേശിൽ ചിലയിടങ്ങളിൽ സംഘർഷം റിപ്പോർട്ട് ചെയ്‌തെങ്കിലും പൊതുവേ സമാധാന അന്തരീക്ഷമായിരുന്നു. ഛത്തീസ്ഗഢിലെ ഗാരിയബന്ദിൽ നക്സലൈറ്റുകൾ നടത്തിയ ഐ.ഇ.ഡി സ്ഫോടനത്തിൽ ഐ.ടി.ബി.പി ജവാൻ കൊല്ലപ്പെട്ടു. ഗാരിയബന്ദ് ജില്ലയിലെ ബഡെ ഗോബ്ര പോളിംഗ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ പോളിംഗ് പൂർത്തിയാക്കി മടങ്ങുമ്പോഴായിരുന്നു സംഭവം. ഐ.ടി.ബി.പി ഹെഡ് കോൺസ്റ്റബിൾ ജോഗീന്ദർ സിംഗാണ് വീരമൃത്യു വരിച്ചത്. പോളിംഗ് ഉദ്യോഗസ്ഥരും വോട്ടിംഗ് യന്ത്രവും സുരക്ഷിതമായി ഗാരിയബന്ദിൽ എത്തിയെന്ന് റായ്പൂർ റേഞ്ച് ഐ.ജി ആരിഫ് ഷെയ്ഖ് പറഞ്ഞു. നക്‌സൽ ബാധിത ബക്‌സർ മേഖലയാണിത്.
മദ്ധ്യപ്രദേശിലെ ഛത്തർപൂരിലെ മൊറേനെയിൽ കോൺഗ്രസ് പ്രവർത്തകനെ ബി.ജെ.പി സ്ഥാനാർത്ഥി വാഹനം കയറ്റി കൊലപ്പെടുത്തിയെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് രാജ്യസഭാ എം.പിയുമായ ദിഗ്‌വിജയ് സിംഗ് പരാതിപ്പെട്ടു. പൊലീസ് നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. വോട്ടെടുപ്പിന്റെ തലേന്ന് നടന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിറുത്തുമെന്ന് ദുർഗ് നിയമസഭാ മണ്ഡലത്തിലെ ബൂത്തിൽ വോട്ടു ചെയ്‌ത ശേഷം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ പറഞ്ഞു. മൊറേന ജില്ലയിലെ ദിമാനി മണ്ഡലത്തിലെ രണ്ടു പോളിംഗ് ബൂത്തുകളിൽ കോൺഗ്രസ്- ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു. ഭിന്ദിലെ മെഹ്ഗാവ് മണ്ഡലത്തിൽ മൻഹാദ് ഗ്രാമത്തിലെ പോളിംഗ് സ്റ്റേഷന് പുറത്തും കല്ലേറുണ്ടായി. വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനെ ചൊല്ലിയും ചിലയിടങ്ങളിൽ തർക്കമുണ്ടായി. തോൽക്കുമെന്നുറപ്പുള്ള മേഖലകളിൽ കോൺഗ്രസ് പരാതി ഉന്നയിക്കുകയാണെന്ന് ബി.ജെ.പി എം.പി പ്രഗ്യാ താക്കൂർ പറഞ്ഞു.
ഛത്തീസ്ഗഢിൽ 90 അംഗ നിയമസഭയിലെ 20 സീറ്റിലേക്ക് നവംബർ 7ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 78 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |