SignIn
Kerala Kaumudi Online
Saturday, 27 July 2024 7.59 AM IST

കേന്ദ്രം ഞെരുക്കുന്നു, കേരളം മുന്നോട്ട്, നവകേരള സദസിൽ വികസനം നിരത്തി മുഖ്യമന്ത്രി 

pina

കാസർകോട്: സംസ്ഥാനചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് മഞ്ചേശ്വരത്ത് ബസിറങ്ങി. നവകേരള സദസ് എന്ന ബാനറിൽ സംസ്ഥാന സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന്റെ തുടക്കം. ഇനി ശേഷിക്കുന്ന 139 മണ്ഡലങ്ങളിലും മന്ത്രിസഭ കൂട്ടായി ബസിറങ്ങും. ജനങ്ങളുടെ പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിക്കും. ഉടൻ പരിഹാരം കാണേണ്ടത് പരിഹരിക്കും. ശേഷിക്കുന്നത് സമയബന്ധിതമായി പരിഹരിക്കും. മുഖ്യമന്ത്രിയും അതത് വകുപ്പുകളിലെ മന്ത്രിമാരും ഇടപെടേണ്ടതിന് ഇടപെടും. എല്ലാം കൃത്യനിഷ്ഠയോടെ. വമ്പിച്ച ജനാവലിയെ സാക്ഷിനിറുത്തി നവകേരള സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കാനും തകർക്കാനും ശ്രമിച്ചിട്ടും കേരളത്തിന്റെ വികസന മുന്നേറ്റത്തെ തടയാൻ സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളതിൽ 57,000 കോടി രൂപയിലധികം കുറവുവന്നു. ഒരു സംസ്ഥാനത്തെ എങ്ങനെ ശത്രുതാമനോഭാവത്തോടെ കാണുന്നുവെന്നതിന്റെ ഉദാഹരണമാണിത്.

മോദി സർക്കാർ ബി.ജെ.പിയുടെ നേതൃത്വത്തിൽ ഇസ്രയേലിനെ പിന്താങ്ങുന്നുവെന്ന് വിമർശിച്ച മുഖ്യമന്ത്രി, ഇസ്രയേലി സയണിസ്റ്റുകളും ആർ.എസ്.എസുകാരും ഒരേ മാനസിക നിലയുള്ളവരാണെന്നും കുറ്റപ്പെടുത്തി. രാജ്യത്ത് മത നിരപേക്ഷത വെല്ലുവിളിക്കപ്പെടുന്നു. മതതീവ്രവാദികൾ അഴിഞ്ഞാടുന്നു. ഫെഡറൽ രാഷ്ട്രത്തെ പ്രസിഡൻഷ്യൽ രീതിയിൽ എത്തിക്കാൻ ശ്രമം നടക്കുന്നു. വൈവിധ്യങ്ങളെ തകർത്ത് 'ഒരു ഭാഷ, ഒരു മതം, ഒരു നികുതി, ഒരു വ്യക്തിനിയമം, ഒരു തിരഞ്ഞെടുപ്പ്' എന്നിങ്ങനെ ഒരു മുദ്രാവാക്യം ഉയർത്തുന്നു. ഇത് രാജ്യത്തിന്റെ പ്രധാന പ്രശ്നങ്ങൾ മറച്ചുവയ്ക്കാനുള്ള തന്ത്രമാണ്. കോൺഗ്രസ് നടപ്പാക്കിയ സാമ്പത്തിക നയം തന്നെയാണ് ബി.ജെ.പിയും പിന്തുടരുന്നത്. ആഗോളവൽക്കരണനയം തെറ്റായിപ്പോയെന്നു പറയാൻ ഇപ്പോഴെങ്കിലും കോൺഗ്രസ് തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016 നു മുൻപ് കേരളീയർ കടുത്ത നിരാശയിലായിരുന്നു. മാറ്റം ഉണ്ടാകില്ലെന്ന് കരുതിയിടത്താണ് ഇടതുമുന്നണി ഭരണത്തിലെത്തിയത്. ദേശീയ പാതയെന്ന് വിശ്വസിക്കാൻ പറ്റാത്ത രീതിയിലായിരുന്ന റോഡുകൾ മെച്ചപ്പെടുത്തി. സമയബന്ധിതമായി എല്ലാം പൂർത്തിയാക്കുമെന്ന് ഇന്ന് ജനങ്ങൾക്കറിയാം. യു.ഡി.എഫ് സർക്കാർ ആയിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാകുമായിരുന്നില്ലെന്നും പിണറായി പറഞ്ഞു.
സർക്കാരിന്റെ നേട്ടങ്ങൾ ഇകഴ്ത്തിക്കാണിക്കാൻ സംസ്ഥാന താത്പര്യത്തിന് വിരുദ്ധരായ ശക്തികൾ ആഗ്രഹിക്കുന്നു. നവകേരള സദസിനെതിരെയുള്ള പ്രചാരവേല അതിന്റെ ഭാഗമാണ്. പ്രതിപക്ഷത്തിന് നല്ല ബുദ്ധി തോന്നട്ടെ എന്ന് ഉപദേശിച്ചിട്ട് കാര്യമില്ല. അവർ ആനിലയ്ക്കായിപ്പോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

കോൺഗ്രസിന് വിമർശനം

ലീഗിന് തലോടൽ

നവ കേരള സദസ് തീർത്തും സർക്കാർ പരിപാടിയാണ്. ചീഫ് സെക്രട്ടറിയാണ് സ്വാഗതം പറഞ്ഞത്. എന്നാൽ, മഞ്ചേശ്വരം എം.എൽ.എയെ യു.ഡി.എഫ് വിലക്കി. സംഘാടകന്റെ റോളിൽ ഇവിടത്തെ നിയമസഭാംഗം ഉണ്ടാവേണ്ടതായിരുന്നു. ആയിരക്കണക്കിന് മഞ്ചേശ്വരത്തുകാർ കൂടുമ്പോൾ ഒരു മൂലയിൽ പോയി ഒളിക്കണമെന്ന് എംഎൽ.എ വിചാരിക്കില്ല. ലീഗ് നേതൃത്വത്തിനും ആ നിലപാട് ഉണ്ടാകണമെന്നില്ല. കോൺഗ്രസാണ് നവകേരള സദസുമായി സഹകരിക്കില്ലെന്ന് നിർബന്ധംപിടിച്ചത്. അത് അനുസരിക്കാനേ സാധാരണ ഗതിയിൽ പ്രതിപക്ഷത്തെ എം.എൽ.എ മാർക്ക് സാധിക്കുകയുള്ളൂ. എന്നാൽ, എൽ.ഡി.എഫിന് അപ്പുറമുള്ള ജനങ്ങൾ ഈ പരിപാടി ഏറ്റെടുത്തു. സദസിലെ മഹാപങ്കാളിത്തം വ്യക്തമാക്കുന്നതും അതാണ്. നവകേരള യാത്രയുടെ ബസിന്റെ ആഡംബരം സംബന്ധിച്ച വിവാദങ്ങൾക്ക് പ്രചാരണം കൊടുത്ത മാദ്ധ്യമപ്രവർത്തകർക്ക് ബസിന്റെ ആഡംബരം എന്തെന്ന് കയറി പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LDF MINISTRY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.