SignIn
Kerala Kaumudi Online
Saturday, 27 July 2024 10.03 AM IST

പൊലീസിന് കോൺഫിഡൻഷ്യലായി ഇൻഫർമേഷൻ നൽകുന്നത് അർഷാദാണ് എന്ന് എങ്ങനെയാണ് ലഹരി മാഫിയ അറിഞ്ഞത്? കരിമഠം കോളനിയിലെ കൊലപാതകത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ

arshad-funeral

തിരുവനന്തപുരം: കരിമഠം കോളനിയിലെ മയക്കുമരുന്ന് വില്പനക്കെതിരെ പ്രവർത്തിച്ച അർഷാദിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി കൂടിയായ അർഷാദ് പൊലീസിന് കോൺഫിഡൻഷ്യലായി നൽകിവന്ന ഇൻഫർമേഷൻ എങ്ങനെയാണ് ലഹരി മാഫിയ അറിഞ്ഞതെന്ന് രാഹുൽ ചോദിക്കുന്നു. അതീവ ഗുരുതരമായ ഈ ലഹരിമാഫിയയുടെ ചെയ്‌തികളിൽ നിസംഗരായി നോക്കി നിൽക്കുകയാണ് സർക്കാരെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ വിമർശിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

''ചേതനയറ്റ അർഷാദിനെ അവസാനമായി ഒരു നോക്ക് കാണാൻ ചാലയിലെ അവന്റെ വീട്ടിൽ പോയിരുന്നു. തേങ്ങലടക്കാൻ കഴിയാത്ത ഒരു നാടിനെയാണ് കണ്ടത്.

തന്റെ നാട്ടിൽ ലഹരിമാഫിയ പിടിമുറുക്കിയപ്പോൾ ഏതാനും മാസം മുൻപാണ് യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി കൂടിയായ അർഷാദിന്റെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ ഒരു ലഹരി വിരുദ്ധ കൂട്ടായ്മ രൂപീകരിച്ചത്. ആ കൂട്ടായ്മയുടെ നേതൃത്വത്തിൽ കളിക്കളമൊരുക്കലും പരിപാടികളുമായി ലഹരിക്കെതിരെ സജീവ പോരാട്ടം നടത്തിവന്നു.

ലഹരിക്കച്ചവടക്കാരെക്കുറിച്ചുള്ള വിവരങ്ങൾ നിരന്തരം പോലീസിനു നല്കുന്ന അർഷാദ് ലഹരിമാഫിയയുടെ നോട്ടപ്പുള്ളിയായിരുന്നു. ഇന്നലെ അവർ പരസ്യമായി ആ ചെറുപ്പക്കാരനെ വെട്ടിക്കൊന്നു.

ഒന്നോർത്തു നോക്കു എത്ര ആഴത്തിലും ഭീകരവുമാണ് ലഹരിമാഫിയയുടെ സ്വാധീനം കേരളത്തിൽ. പോലീസിനു കോൺഫിഡൻഷ്യലായി ഇൻഫർമേഷൻ നല്കുന്നത് അർഷാദാണ് എന്ന് എങ്ങനെയാണ് ലഹരി മാഫിയ അറിഞ്ഞത്?

അതീവ ഗുരുതരമായ ഈ ലഹരിമാഫിയയുടെ ചെയ്തികളിൽ നിസംഗരായി നോക്കി നില്ക്കുകയാണ് സർക്കാർ.

ലഹരി മാഫിയയക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ധീര പോരാളി അർഷാദിന് ആദരാജ്ഞലികൾ''.

ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം. കരിമഠം കോളനി നിവാസി അർഷാദാണ് (19) കൊല്ലപ്പെട്ടത്. ആക്രമണത്തിൽ യുവാവിന്റെ സഹോദരന് പരിക്കേറ്റു. ആക്രമണം തടയാൻ ശ്രമിക്കവേ വിരലിന് വെട്ടേറ്റ സഹോദരൻ അൽഅമീനെ (23) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്തവരടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അർഷാദും സഹോദരനും ഉൾപ്പെട്ട കരിമഠം കോളനിയിലെ മഠത്തിൽ ബ്രദേഴ്സ് ക്ലബ് കോളനിയിലെ മയക്കുമരുന്ന് വില്പനയെ എതിർത്തിരുന്നു. ഇതേച്ചൊല്ലി പ്രതികളും ക്ലബ് അംഗങ്ങളും തമ്മിൽ ഏറെക്കാലമായി പ്രശ്നമുണ്ടായിരുന്നു. ഇന്നലെ ഒത്തുതീർപ്പിനെന്ന രീതിയിൽ പ്രതികളുടെ നേതൃത്വത്തിൽ 15ഓളം പേരടങ്ങുന്ന സംഘം അർഷാദിനെയും സുഹൃത്തുക്കളെയും കോളനിയിലെ ടർഫിനുസമീപം വിളിച്ചുവരുത്തി. സംസാരിക്കുന്നതിനിടെ രഹസ്യമായി കരുതിയിരുന്ന രണ്ട് വെട്ടുകത്തികൾ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ ആദ്യം അർഷാദിന്റെ സഹോദരനെയാണ് വെട്ടിയത്. ഇതിനിടെ ഒറ്റയ്ക്കായിപ്പോയ അർഷാദിനെ പ്രതികളിലൊരാൾ കഴുത്തിന് ആഴത്തിൽ വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. അർഷാദ് വെട്ടേറ്റു വീണതിന് പിന്നാലെ അർഷാദിന്റെ സുഹൃത്തുക്കൾക്ക് നേരെ കല്ലെറിഞ്ഞ ശേഷം പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. അർഷാദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഫോർട്ട് പൊലീസ് കേസെടുത്തു. ചാല ഗവ.തമിഴ് വി.എച്ച്.എസ്.എസിൽ നിന്ന് പ്ലസ്ടു പഠനം പൂർത്തിയാക്കിയ അർഷാദ് കോളേജിൽ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. കോർപ്പറേഷനിൽ ശുചീകരണ ജീവനക്കാരിയായ അജിതയുടെയും മുൻ ചുമട്ടുതൊഴിലാളിയായ കെ.അലിയാറിന്റെയും മകനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARSHAD, MURDERS, TRIVANDRUM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.