കൊല്ലപ്പെട്ട രണ്ട് പേർ ക്യാപ്റ്റന്മാർ
ന്യൂഡൽഹി: ജമ്മു കാശ്‌മീരിൽ രജൗരി ജില്ലയിലെ പിർ പഞ്ചൽ വനമേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ക്യാപ്റ്റൻ റാങ്കിലുള്ള രണ്ട് ഒാഫീസർമാർ അടക്കം നാല് സൈനികർക്ക് വീരമൃത്യു. ഒരു ഭീകരൻ കൊല്ലപ്പെട്ടതായും ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
വീരമൃത്യു വരിച്ച സൈനികരിൽ ക്യാപ്റ്റൻ എം. വി പ്രഞ്ജാൾ, ക്യാപ്റ്റൻ ശുഭം, ഹവീൽദാർ മജീദ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലാമന്റെ പേര് അറിവായിട്ടില്ല. രണ്ട് സൈനികരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് കരസേനയുടെ പ്രത്യേക സ‌്ക്വാഡും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈനികർ ശക്തമായി തിരിച്ചടിച്ചു. ആറ് ഭീകരർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. രാത്രി വൈകിയും ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഒാപ്പറേഷന് നേതൃത്വം നൽകുന്ന 16 കോർ, രാഷ്ട്രീയ റൈഫിൾസിന്റെ റോമിയോ ഫോഴ്സ് കമാൻഡർമാർ അറിയിച്ചു. ഒളിച്ചിരിക്കുന്ന ഭീകരർക്ക് വെടിവയ്‌പിൽ പരിക്കേറ്റിറ്റുണ്ടെന്നും ഉടൻ കീഴ്‌പ്പെടുത്തുമെന്നും കരസേനാ വൃത്തങ്ങൾ അറിയിച്ചു.
സുരക്ഷാ സേനയ്‌ക്ക് എത്താൻ പ്രയാസമുള്ള പിർ പഞ്ചൽ വനമേഖല ഏതാനും വർഷങ്ങളായി ഭീകരരുടെ ഒളിത്താവളമാണ്. പർവതങ്ങളും ഇടതൂർന്ന കാടുകളും നിറഞ്ഞ സ്ഥലത്ത് ഭീകരർക്ക് ഒളിച്ചിരിക്കാനും സൈനികർക്കെതിരെ ആക്രമണം നടത്താനും കഴിയും. കഴിഞ്ഞയാഴ്ച രജൗരി ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |