കോഴിക്കോട് : മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനം സാദ്ധ്യമാക്കണമെന്ന ആവശ്യം കോഴിക്കോട് നഗരത്തിൽ നടക്കുന്ന നവ കേരള സദസിൽ ചർച്ചയാവും. വർഷങ്ങൾ കാത്തിരുന്നിട്ടും വലിയ സമരങ്ങൾ നടന്നിട്ടും റോഡ് വികസനത്തിന് വേണ്ടത്ര വേഗം പോര എന്ന ആക്ഷേപം ശക്തമാണ്.
ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി റോഡ് വികസനം എത്രയും വേഗം തുടങ്ങണമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം. റോഡ് നാലുവരി പാതയായി വികസിപ്പിക്കാൻ 12 ആളുകളുടെ 0.1675 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
2008ലാണ് റോഡ് വികസനം ബഡ്ജറ്റ് പ്രഖ്യാപനമായി വന്നത്. എന്നാൽ പല കാരണങ്ങളാൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെ വൈകി. ഒടുവിൽ പദ്ധതി നഷ്ടപ്പെടുമെന്ന് വന്നപ്പോൾ പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിലേക്ക് വന്നു. 2012 മുതൽ ചരിത്രകാരൻ എം.ജി.എസ് നാരായണന്റെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി നിരവധി സമരങ്ങൾ നടത്തി. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശം വന്നു. ഉമ്മൻചാണ്ടി സർക്കാർ 64 കോടി രൂപ വകയിരുത്തി. പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ 281 കോടി അധികം അനുവദിച്ചു. 345 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിന് ആകെ അനുവദിച്ചത്. റോഡ് പ്രവൃത്തിയ്ക്ക് ആവശ്യമായ 131.21 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്നാണ് ആക്ഷേപം.
ഏറ്റെടുത്ത ഇടങ്ങളിൽ കെട്ടിടങ്ങളും മറ്റും പൊളിച്ചു മാറ്റാനുണ്ട്. ഇലക്ട്രിസിറ്റി സംവിധാനങ്ങളും , ടെലിഫോൺ, ജലവിതരണ സംവിധാനങ്ങളും മാറ്റി സ്ഥാപിക്കണം. പ്രതിഷേധം ഉയരുമ്പോൾ മാത്രമാണ് നടപടി ഉണ്ടാവുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |