ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. അതേ സമയം, രക്ഷാപ്രവർത്തനത്തിന് തായ്‌ലൻഡിലെ വിദഗ്ദ്ധരുടെ ഉപദേശവും ഇന്ത്യ നേരത്തെ തേടിയിരുന്നു. 2018ൽ തായ്‌ലൻഡിലെ താം ലുവാംഗ് ഗുഹയിൽ കുടുങ്ങിയ ഫുട്‌ബോൾ ടീമിലെ 12 കുട്ടികളെയും 25കാരനായ പരിശീലകനെയും 18 ദിവസത്തിന് ശേഷം അതിസാഹസികമായി പുറത്തെത്തിക്കാൻ സഹായിച്ച സ്ഥാപനങ്ങളിൽ ഒന്നുമായാണ് ആശയവിനിമയം നടത്തിയത്. ആധുനിക കാലത്ത് ലോകം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിൽ ഒന്നായിരുന്നു അത്.
താം ലുവാംഗ് ഗുഹാ അപകടം - 2018
വടക്കൻ തായ്‌ലൻഡിലെ ചിയാംഗ് റായ് പ്രവിശ്യയിലാണ് താം ലുവാംഗ് നാംഗ് നോൺ ഗുഹാ ശൃംഖല
ജൂൺ 23ന് ഒരു ഫുട്ബോൾ ടീമിലെ 11 - 16 വയസ് പ്രായമുള്ള 12 കുട്ടികളും പരിശീലകനും ഗുഹയ്ക്കുള്ളിൽ പ്രവേശിച്ചു
പിന്നാലെ അതിശക്തമായ മഴ. ഗുഹയ്ക്കുള്ളിൽ വെള്ളം കയറി. പുറത്തേക്കുള്ള വഴി അടഞ്ഞു. സംഘം ഗുഹയ്ക്കുള്ളിൽ കുടുങ്ങി
ജലനിരപ്പുയർന്നതും ശക്തമായ ഒഴുക്കും രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തി
ഒരാഴ്ചയിലേറെ സംഘം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞു. ഗുഹാ ഭിത്തിയിൽ നിന്നുള്ള വെള്ളം കുടിച്ച് അതിജീവിച്ചു
ജൂലായ് 2ന് ഇവർ ജീവനോടെയുണ്ടെന്ന് കണ്ടെത്തി. വെള്ളവും ചെളിയും നിറഞ്ഞ ഇടുങ്ങിയ ഗുഹാ വഴികളിലൂടെ നീങ്ങിയ ജോൺ വൊലാൻഥൻ, റിക്ക് സ്റ്റാന്റൺ എന്നീ ബ്രിട്ടീഷ് ഡൈവർമാരാണ് കണ്ടെത്തലിന് പിന്നിൽ. ഗുഹാ മുഖത്ത് നിന്ന് 4 കിലോമീറ്റർ ഉള്ളിൽ ഒരു ഉയർന്ന പാറയിലായിരുന്നു സംഘം. വൈകാതെ ഭക്ഷണവും വെള്ളവും മറ്റും ഇവരിലേക്കെത്തിക്കാനായി
മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ ദൗത്യസംഘം ഗുഹയിലെ വെള്ളം പമ്പ് ചെയ്ത് മാറ്റി ഉള്ളിലേക്ക് നീങ്ങി
ജൂലായ് 8നും 10നും ഇടയിൽ വിദേശ ടീമിന്റെ സഹായത്തോടെ എല്ലാവരെയും പുറത്തെത്തിച്ചു
100ലേറെ ഡൈവർമാരും വിവിധ വിദേശ ഏജൻസികളുടെ പ്രതിനിധികളും 2,000ത്തിലേറെ സൈനികരുമടക്കം 10,000 പേർ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി
ജൂലായ് 6ന് രക്ഷാപ്രവർത്തനത്തിനിടെ തായ് നേവിയുടെ പ്രത്യേക ദൗത്യസംഘാംഗമായ സമൻ കുനാൻ ( 38 ) ശ്വാസംമുട്ടി മരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |