മുംബയ്: വിവാഹിതയായ യുവതിയുമായി വഴിവിട്ട ബന്ധംപുലർത്തിയ പൊലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സെൻട്രൽ മുംബയിലെ ടാർഡിയോയിലെ ലോക്കൽ ആംഡ് ഡിവിഷനിലെ കോൺസ്റ്റബിളായ സോമനാഥ് അംഗുലെയെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്. സർവീസ് നിയമങ്ങൾ ലംഘിക്കുകയും സേനയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുകയും ചെയ്തതിനാണ് കടുത്ത നടപടി.
2019 ൽ ജെജെ പൊലീസ് സ്റ്റേഷനിൽ നിയമിതനായ ആംഗുലെ, വിവാഹിതയായ ഒരു സ്ത്രീയുമായി അവിഹിതബന്ധം പുലർത്തുകയും അവർക്കൊപ്പം താമസം തുടങ്ങുകയും ചെയ്തിരുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടി ജനിക്കുകയും ചെയ്തു. കുട്ടിക്ക് തന്റെ പേരുനൽകുമെന്നും യുവതിയെ വിവാഹം കഴിക്കുമെന്നും ആംഗുലെ വാക്കുനൽകിയിരുന്നു. ലിവ് ഇൻ റിലേഷൻ മുദ്രപത്രത്തിൽ രേഖയാക്കി വയ്ക്കുകയും ചെയ്തു.
എന്നാൽ കോൺസ്റ്റബിൾ വാക്കുമാറി. പറഞ്ഞകാര്യങ്ങൾ എല്ലാം ചെയ്യണമെന്ന് യുവതി ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അയാൾ വഴങ്ങിയില്ല. ഇതോടെ യുവതി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. തുടർന്ന് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.പ്രാഥമിക അന്വേഷണ റിപ്പോർട്ട് കിട്ടിയ ഉടൻ ആംഗുലെയെ സസ്പെൻഡുചെയ്തു. കുറച്ചുമാസങ്ങൾ കഴിഞ്ഞപ്പോൾ സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ അന്തിമ റിപ്പോർട്ടിൽ കുറ്റക്കാരനാണെന്ന് വ്യക്തമായതോടെ സർവീസിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |