SignIn
Kerala Kaumudi Online
Saturday, 27 July 2024 6.13 AM IST

ഉന്നത വിദ്യാഭ്യാസത്തിലെ കേന്ദ്ര ഫണ്ട് തടസ്സപ്പെടരുത്

g

ഇന്ത്യയിൽ,​ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗിൽ കേരളത്തിലെ സർവകലാശാലകൾക്കും ഇതര സ്ഥാപനങ്ങൾക്കും മികച്ച സ്ഥാനമുണ്ട്. അടിസ്ഥാന സൗകര്യങ്ങളിൽ മാത്രമല്ല,​ പുതിയ കോഴ്സുകളുടെ കാര്യത്തിലും

ഗവേഷണ സൗകര്യങ്ങളിലും അദ്ധ്യാപന മികവിലുമൊക്കെ പുലർത്തുന്ന നിഷ്ഠയാണ് ഈ നേട്ടത്തിനു പിന്നിൽ. ഇത്തരം സൗകര്യങ്ങൾ കാലാകാലം മെച്ചപ്പെടുത്തി,​ ഉന്നതവിദ്യാഭ്യാസ മികവ് കാത്തുസൂക്ഷിക്കുകയെന്നത് സർവകലാശാലകൾക്കും സ്ഥാപനങ്ങൾക്കും ഭാരിച്ച സാമ്പത്തികം ആവശ്യമുള്ള കാര്യമാണ്. കേന്ദ്രത്തിൽ നിന്നുള്ള സഹായംകൊണ്ടു കൂടിയാണ് ഇതെല്ലാം മുടക്കംകൂടാതെ നടക്കേണ്ടത്. എന്നാൽ,​ ദേശീയ വിദ്യാഭ്യാസ നയം അതേപടി അംഗീകരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ പി.എം- ഉഷ (പ്രധാൻമന്ത്രി ഉച്ചതാർ സർവശിക്ഷാ അഭിയാൻ)​ പദ്ധതിയനുസരിച്ച് കേരളത്തിനു കിട്ടേണ്ട എഴുന്നൂറ് കോടിയോളം രൂപയുടെ കേന്ദ്ര സഹായത്തിന്റെ കാര്യം സംശയത്തിലായിരിക്കുകയാണ്.

ഈ പറഞ്ഞ സഹായത്തിനുള്ള ധാരണാപത്രം ഒപ്പിടാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച പ്രധാന വ്യവസ്ഥ,​ ദേശീയ വിദ്യാഭ്യാസ നയം അതേപടി അംഗീകരിക്കണം എന്നതാണ്. വിദ്യാർത്ഥികളുടെ താത്പര്യത്തിനും സൗകര്യത്തിനും തടസ്സം വരുത്തുന്നതാണ് ദേശീയ നയത്തിന്റെ ഭാഗമായ വ്യവസ്ഥകളിൽ പലതുമെന്നാണ് സംസ്ഥാന സർക്കാർ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ,​ ഇത്തരം വ്യവസ്ഥകൾ ഒഴിവാക്കിയാണ് കേരളം ധാരണാപത്രം സമർപ്പിച്ചത്. അതാകട്ടെ,​ കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഇക്കാരണംകൊണ്ട്,​ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിനിയോഗിക്കാനുള്ള കേന്ദ്ര ഫണ്ടിനായുള്ള പദ്ധതികൾ അപ്‌ലോഡ് ചെയ്യാനുള്ള പോർട്ടൽ കേരളത്തിന് തുറന്നുകിട്ടിയിട്ടുമില്ല!

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള നാലുവർഷ ബിരുദ കോഴ്സിൽ ആദ്യവർഷം മുതൽ തന്നെ എക്സിറ്റ് സൗകര്യം നൽകാമെന്ന വ്യവസ്ഥയിലാണ് കേരളത്തിന് പ്രധാന വിയോജിപ്പ്. ഈ വ്യവസ്ഥയനുസരിച്ച്,​ നാലുവർഷ കോഴ്സിൽ ആദ്യ വർഷ പരീക്ഷ കഴിയുമ്പോൾ മുതൽ കോഴ്സ് മതിയാക്കാൻ അവസരമുണ്ട്. ഇവർ പൂർത്തിയാക്കിയത് സർട്ടിഫിക്കറ്ര് കോഴ്സ് ആയി പരിഗണിക്കും. രണ്ടാം വർഷം പഠനം നിറുത്തിയാൽ ഡിപ്ളോമാ സർട്ടിഫിക്കറ്റും ലഭിക്കും. ഇങ്ങനെ ഓരോ വർഷവും എക്സിറ്റ് സൗകര്യം നൽകിയാൽ വിദ്യാർത്ഥികൾ വ്യാപകമായി കൊഴിഞ്ഞുപോകുമെന്നും,​ കോഴ്സ് നടത്തിക്കൊണ്ടുപോകാൻ തന്നെ ബുദ്ധിമുട്ടാകുമെന്നുമാണ് സംസ്ഥാന നിലപാട്.

ഇടയ്ക്ക് എന്തെങ്കിലും കാരണംകൊണ്ട് കോഴ്സിൽ മുടക്കം വരുത്തുന്നവർക്ക് വർഷങ്ങൾക്കു ശേഷമായാലും കോഴ്സിന്റെ ബാക്കി ഭാഗം അതേ സ്ഥാപനത്തിലോ മറ്റൊരിടത്തോ പൂർത്തിയാക്കാൻ അവസരം നൽകുന്ന ക്രെഡിറ്റ്- ട്രാൻസ്ഫർ സൗകര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് മറ്രൊരു വ്യവസ്ഥ. കടുത്ത വ്യവസ്ഥകൾ ഒഴിവാക്കി,​ എല്ലാ കോളേജുകളിലേക്കും ഈ സൗകര്യം അനുവദിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. സർവകലാശാലകൾക്കു മാത്രമല്ല,​ സർക്കാർ,​ എയ്ഡഡ്,​ സ്വയംഭരണ കോളേജുകൾക്ക് ഒരുപോലെ വിനിയോഗിക്കാനുള്ളതാണ് കേന്ദ്ര ഫണ്ട്.

ദേശീയ നയം നടപ്പാക്കുമ്പോൾ കിട്ടേണ്ട എഴുന്നൂറ് കോടിയോളം രൂപ ഏതെല്ലാം നൂതന പദ്ധതികൾക്കും അദ്ധ്യാപക പരിശീലനത്തിനും മറ്രുമായി വിനിയോഗിക്കണമെന്നതു സംബന്ധിച്ച് സംസ്ഥാനം വിശദപദ്ധതി തയ്യാറാക്കി കാത്തിരിക്കുകയാണ്. കേരള സർവകലാശാല മാത്രം 100 കോടി രൂപയുടെ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. ഈ കാത്തിരിപ്പിനിടയിലാണ്,​ നയം അതേപടി അംഗീകരിക്കാത്തതിനാൽ കേന്ദ്രസഹായത്തിന് മുടക്കം വരുമോ എന്ന ആശങ്ക. ഉന്നത വിദ്യാകേന്ദ്രങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമ്പോൾ സ്ഥാപനങ്ങളുടെ നിലനിൽപ്പു മാത്രമല്ല,​ വിദ്യാർത്ഥികളുടെ താത്പര്യവും സൗകര്യവും കൂടി ഗൗരവപൂർവം പരിഗണിക്കണം.

നാലുവർഷ ബിരുദ കോഴ്സിനു ചേരുന്ന വിദ്യാർത്ഥിക്ക് രണ്ടുവർഷത്തെ പഠനം പൂർത്തിയാക്കി,​ ഡിപ്ളോമാ സർട്ടിഫിക്കറ്റുമായി മറ്രൊരു പഠനമേഖല തിരഞ്ഞെടുക്കാനോ,​ തൊഴിൽ നേടാനോ സൗകര്യം ലഭിക്കുന്നത് പുതിയ കാലത്ത് വലിയ ആകർഷണം തന്നെയാണ്. അതേസമയം,​ ഓരോ വർഷവും വിദ്യാർത്ഥികൾ എക്സിറ്റ് സൗകര്യം ഉപയോഗപ്പെടുത്തി കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നത് കോഴ്സ് നടത്തിപ്പ് അവതാളത്തിലാക്കുകയും ചെയ്യും. ഇക്കാര്യത്തിൽ പ്രായോഗികവശം കൂടി ചിന്തിച്ച്,​ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിനിയോഗിക്കാൻ ലഭിക്കുന്ന ശതകോടികളുടെ കേന്ദ്രസഹായം റദ്ദായിപ്പോകാത്ത വിധത്തിൽ അടിയന്തര നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FUND
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.