അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം ഡ്രസിംഗ് റൂമില്‍ ട്രോഫിക്ക് മുകളില്‍ കാല്‍ കയറ്റിവച്ച് ഇരിക്കുന്ന ഓസീസ് താരം മിച്ചല്‍ മാര്‍ഷിന്റെ ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. നിരവധി പേരാണ് മാര്‍ഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നത്. മാര്‍ഷിന്റെ നടപടിക്കെതിരെ യുപി സ്വദേശി പൊലീസില്‍ പരാതി നല്‍കിയത് കഴിഞ്ഞ ദിവസമാണ്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസറും ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലെ ഒന്നാമനുമായിരുന്ന മുഹമ്മദ് ഷമി. മിച്ചല്‍ മാര്‍ഷിന്റെ പ്രവര്‍ത്തി തനിക്ക് വലിയ വേദനയുണ്ടാക്കിയെന്നാണ് ഷമി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
ആ ട്രോഫിക്ക് വേണ്ടിയാണ് എല്ലാ ടീമുകളും കളിച്ചത്. വിജയികളായി ട്രോഫി ഉയര്‍ത്തുകയെന്ന സ്വപ്‌നമാണ് എല്ലാ താരങ്ങള്‍ക്കുമുണ്ടാകുകയെന്നും ഷമി കൂട്ടിച്ചേര്‍ത്തു. അങ്ങനെയുള്ള എനിക്ക് മാര്‍ഷിന്റെ പ്രവര്‍ത്തി ഒട്ടും സന്തോഷം നല്‍കുന്നില്ല - ഷമി പറഞ്ഞു.
ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യ തുടര്‍ച്ചയായി പത്ത് കളികള്‍ വിജയിച്ചാണ് ഫൈനലില്‍ എത്തിയത്. ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഷമി. എന്നാല്‍ ഫൈനലില്‍ ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് ഓസ്‌ട്രേലിയ അനായാസം മറികടക്കുകയും ആറാം തവണ ലോകകിരീടം ഉയര്‍ത്തുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |