കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച കന്യാകുമാരി വിളവിൻകോട് സ്വദേശി സെൽവിൻ ശേഖറിന്റെ (36) ഹൃദയം കായംകുളം സ്വദേശി ഹരിനാരായണനിൽ (16) മിടിച്ചു തുടങ്ങി. വൃക്കയും പാൻക്രിയാസും സ്വീകരിച്ച തിരുവനന്തപുരം സ്വദേശിയായ 37കാരനും സുഖം പ്രാപിക്കുന്നു.
ഹൃദയവും വൃക്കകളും കണ്ണുകളും പാൻക്രിയാസും ദാനം ചെയ്തതിലൂടെ ആറുപേർക്കാണ് സെൽവിൻ പുതുജീവിതം നല്കിയത്. കൊച്ചിയിലെ ലിസി, ആസ്റ്റർ മെഡിസിറ്റി ആശുപത്രികളിലായിരുന്നു ഹരിനാരായണന്റെയും തിരുവനന്തപുരം സ്വദേശിയുടെയും ശസ്ത്രക്രിയ. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കും നല്കി.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് അവയവങ്ങൾ ഇന്നലെ രാവിലെ 11.09ന് സർക്കാർ ചെലവിൽ ഹെലികോപ്റ്ററിൽ കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ഹെലിപ്പാഡിലും അവിടെ നിന്ന് ലിസി, ആസ്റ്റർ മെഡ്സിറ്റി ആശുപത്രികളിലും എത്തിക്കുകയായിരുന്നു.
തലച്ചോറിൽ രക്തസ്രാവമുണ്ടായി വെള്ളിയാഴ്ച സെൽവിന് മസ്തിഷ്‌കമരണം സംഭവിച്ചതോടെ കുടുംബം അവയവദാനത്തിന് തയ്യാറാവുകയായിരുന്നു. ആശുപത്രി അധികൃതരുടെ അഭ്യർത്ഥന പ്രകാരം അവയവദാനം സുഗമമാക്കാൻ നവകേരള സദസിനിടെ മുഖ്യമന്ത്രി അടിയന്തര നടപടി സ്വീകരിച്ചു.
തമിഴ്നാട്ടിൽ സ്റ്റാഫ് നഴ്സായിരുന്ന സെൽവിൻ തലവേദനയെ തുടർന്ന് അവിടെയും നവംബർ 21ന് കിംസിലും ചികിത്സ തേടിയപ്പോഴാണ് തലച്ചോറിൽ രക്തസ്രാവമുള്ളതായി കണ്ടെത്തിയത്. ഭാര്യ ഗീതയും നഴ്‌സാണ്.
രാവിലെ 11.10ന് ഹെലിപാഡിൽ നിന്ന് പൊലീസ് ഒരുക്കിയ ഗ്രീൻ കോറിഡോർ വഴി മൂന്ന് മിനിട്ടിനകം ലിസി ആശുപത്രിയിൽ ഹൃദയം എത്തിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ഉടൻ ആരംഭിച്ച ഹൃദയമാറ്റ ശസ്ത്രക്രിയ 3.45ന് പൂർത്തിയായി.
ഡോ.ജേക്കബ് എബ്രഹാം, ഡോ.ഭാസ്‌കർ രംഗനാഥൻ, ഡോ. റോണി മാത്യു, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ.പി. മുരുകൻ, ഡോ. ജോബ് വിൽസൺ, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി, സുഭാഷിണി, രാജി രമേഷ്, സിസ്റ്റർ ആഗ്‌ന മരിയ, ലെവിൻ ആന്റണി, ജിഷ ജോർജ് തുടങ്ങിയവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.
2 വർഷം മുമ്പ്
സഹോദരൻ
രണ്ടുവർഷം മുമ്പ് ഹരിനാരായണന്റെ ജ്യേഷ്ഠൻ സൂര്യനാരായണനും ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവച്ചിരുന്നു. 21കാരനായ സൂര്യനാരായണൻ ഇപ്പോൾ ആരോഗ്യവാനാണ്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡയലേറ്റഡ് കാർഡിയോ മയോപ്പതിയായിരുന്നു ഇരുവർക്കും. സതീഷും ബിന്ദുവുമാണ് മാതാപിതാക്കൾ.
വൃക്കയും പാൻക്രിയാസും സ്വീകരിച്ച തിരുവനന്തപുരം സ്വദേശി പ്രമേഹവും ഗുരുതര വൃക്ക രോഗവും മൂലം ചികിത്സയിലായിരുന്നു. മെഡ്‌സിറ്റിയിൽ വൈകിട്ട് ആറോടെ ശസ്ത്രക്രിയ പൂർത്തിയായി. ഡോ. മാത്യു ജേക്കബ്, ഡോ.എം. സുധീർ മുഹമ്മദ്, ഡോ. വിവേക് രാജേന്ദ്രൻ, ഡോ.എം.കെ. രാമപ്രസാദ് എന്നിവർ നേതൃത്വം നല്കി.
''അവയവദാനത്തിന് മുന്നോട്ടുവന്ന സ്റ്റാഫ് നഴ്‌സ് കൂടിയായ ഭാര്യ ഗീതയെ അഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഹെലികോപ്റ്റർ ഏർപ്പെടുത്തിയത്.
വീണ ജോർജ്
ആരോഗ്യ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |