SignIn
Kerala Kaumudi Online
Saturday, 27 July 2024 5.02 AM IST

അബിഗേൽ സാറയെ തട്ടികൊണ്ടുപോയ സംഭവം, തിരുവനന്തപുരത്ത് നിന്ന് മൂന്ന് പേരെ കസ്‌റ്റഡിയിലെടുത്തു, 15 ലക്ഷം കണ്ടെത്തി

police

തിരുവനന്തപുരം: പൂയപ്പള്ളിയിൽ ആറുവയസുകാരി അബിഗേൽ സാറയെ തട്ടികൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പൊലീസ് കസ്‌റ്റഡിയിൽ. തിരുവനന്തപുരത്ത് നിന്നാണ് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകണ്‌ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ശ്രീകാര്യത്തുനിന്ന് കസ്റ്റഡിയിലെടുത്ത ആളുമായി ശ്രീകണ്‌ഠേശ്വരത്ത് എത്തി മറ്റു രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശ്രീകണ്‌ഠേശ്വരത്തെ കാർ വാഷിംഗ് സെന്റർ ഉടമ പ്രജീഷ് ഉൾപ്പടെയുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ഇവരിൽ നിന്ന് 15 ലക്ഷം രൂപയും കണ്ടെടുത്തുവെന്നാണ് വിവരം.

അബിഗേൽ സാറയ്ക്കായുള്ള നാടിന്റെ തെരച്ചിൽ 15 മണിക്കൂർ പിന്നിട്ടു കഴിഞ്ഞു. കേരളം മുഴുവൻ അരിച്ചുപെറുക്കുകയാണ് പൊലീസ്. കുഞ്ഞിന് ആപത്ത് സംഭവിക്കല്ലേയെന്ന പ്രാർത്ഥയിലാണ് മലയാളികൾ. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു.

ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് നാടിനെ നടുക്കിയ സംഭവം. അബിഗേലിന്റെ സഹോദരൻ ജോനാഥനെയും മുഖംമൂടി സംഘം കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി കുതറി രക്ഷപ്പെട്ടു. രാത്രി 7.45ന് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് സ്ത്രീയുടെ ഫോൺ കോളെത്തി. പാരിപ്പള്ളി കുളമടയിലെ കടയിലെത്തി ഉടമയായ ഗിരിജയുടെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു. ഓട്ടോയിലാണ് സ്ത്രീയും പുരുഷനും എത്തിയതെന്ന് അവർ പറഞ്ഞു. കടയിൽ നിന്ന് ബിസ്‌ക്കറ്റും റസ്‌കും തേങ്ങയും വാങ്ങിയാണ് മടങ്ങിയത്.അതിന് ശേഷം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് രണ്ടാമതും അമ്മയുടെ ഫോണിലേക്ക് സ്ത്രീയുടെ വിളിവന്നു. കുഞ്ഞ് ഞങ്ങളുടെ കൈയിൽ സുരക്ഷിതയാണെന്ന് അറിയിച്ചു. ഇപ്പോൾ പണം തന്നാൽ കുട്ടിയെ തിരികെ നൽകുമോയെന്ന് ചോദിച്ചപ്പോൾ രാവിലെ പത്ത് മണിക്ക് നൽകാനാണ് ബോസിന്റെ നിർദ്ദേശമെന്ന് മറുപടി. രാവിലെ 10ന് പത്തുലക്ഷം അറേഞ്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോൺ കട്ടായി. ഈ നമ്പർ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പൂയപ്പള്ളി കാറ്റാടിമുക്കിന് സമീപം ഓട്ടുമല റെജി ഭവനിൽ റെജി ജോണിന്റെയും സിജിയുടെയും ഇളയ മകളാണ് അബിഗേൽ. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ ഡയാലിസിസ് ഇൻചാർജ്ജാണ് റെജി. സിജി കൊട്ടിയം കിംസിലെ നഴ്സും.


വ്യാജ നമ്പർ വച്ച വെള്ള ഹോണ്ട കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സ്‌കൂൾ വിട്ട ശേഷം ഒന്നാം ക്ലാസുകാരി അബിഗേലും മൂന്നാം ക്ലാസുകാരൻ ജോനാഥനും നൂറ് മീറ്ററപ്പുറമുള്ള ട്യൂഷൻ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ പിന്നിൽ നിന്നെത്തിയ കാർ കുട്ടികൾക്ക് അരികിൽ നിറുത്തി. കാറിൽ നിന്നിറങ്ങിയ ഒരാൾ അമ്മയ്ക്ക് കൊടുക്കെന്ന് പറഞ്ഞ്ഒരു പേപ്പർ അബിഗേലിന് നേരെ നീട്ടിയ ശേഷം പെട്ടെന്ന് കാറിലേക്ക് വലിച്ച് കയറ്റി. ജോനാഥനെ പിടിച്ചപ്പോൾ കൈയിലുണ്ടായിരുന്ന കമ്പ് ഉപയോഗിച്ച് അടിച്ച് രക്ഷപ്പെട്ടു. കാർ അതിവേഗത്തിൽ ഓടിച്ചുപോയി. ഓയൂർപാരിപ്പള്ളി റൂട്ടിലേക്കാണ് കാർ പോയത്. ജോനാഥൻ ഉറക്കെ കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. വീട്ടിൽ റെജിയുടെ മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളു. നാട്ടുകാർ ഉടൻ പൊലീസിൽ അറിയിച്ചു. പൊലീസ് സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും വിവരം കൈമാറി. നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നു. വാഹന പരിശോധനയും തുടർന്നു. കൊട്ടാരക്കര ഡിവൈ.എസ്.പി അബിഗേലിന്റെ രക്ഷിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. എ.ഡി.ജി.പി അജിത് കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.

കാർ ക്യാമറയിൽ

കാറിന്റെ ദൃശ്യം ലഭിച്ചത് സമീപത്തെ വീട്ടിലെ ക്യാമറയിൽ നിന്ന്.

ട്യൂഷൻ സമയം മുൻകൂട്ടി മനസിലാക്കിയ സംഘമാണ് പിന്നിൽ.

വീടിന് സമീപത്ത് റോഡുവക്കിൽ കാർ നിറുത്തിയിട്ട് കാത്തിരുന്നു.

സഹോദരങ്ങളെ കണ്ടതും മുന്നോട്ട് വന്ന് തട്ടിക്കൊണ്ടുപോയി.

സാധനങ്ങൾ എടുക്കുന്നതിനിടെ ഫോൺ വാങ്ങി സംസാരിച്ചു.

ഓട്ടോറിക്ഷയിലെത്തിയ സ്ത്രീയും പുരുഷനും സാധനങ്ങൾ ആവശ്യപ്പെട്ടെന്നും അതിനിടെ എന്തൊക്കെ വാങ്ങണമെന്ന് വീട്ടിൽ ചോദിക്കാൻ ഫോൺ ആവശ്യപ്പെട്ടെന്ന് കടയുടമ ഗിരിജ പറഞ്ഞു. ഫോൺ വാങ്ങിയ സ്ത്രീ മുന്നോട്ടു നീങ്ങിനിന്നാണ് സംസാരിച്ചത്. കൂടെയുണ്ടായിരുന്ന പുരുഷൻ ഓരോ സാധനങ്ങൾ എടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എന്റെ ശ്രദ്ധ മാറ്റി. യുവതിക്ക് നാല്പതു വയസിനകത്തു പ്രായം വരും. പുരുഷന് അമ്പതു വയസിനകത്തുവരും. പൊലീസ് എത്തിയപ്പോഴാണ് ഗിരിജ സംഭവം അറിയുന്നത്.പൊലീസ് എത്തുന്നതിന് മുമ്പ് സ്റ്റേഷനിൽ നിന്ന് ഈ ഫോണിൽ വിളിച്ചിരുന്നു

തിരു-കൊല്ലം അതിർത്തി മേഖലയിൽ തെരച്ചിൽ
ഓയൂരിൽ നിന്ന് പകൽക്കുറി വഴി 13 കിലോമീറ്റർ പിന്നിട്ട് കുളമടയിലെത്താം. കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശമായ ഈ ഭാഗത്തുതന്നെ സംഘം ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഈ മേഖലയിൽ പൊലീസ് പരിശോധന കൂടുതൽ ശക്തമാക്കി.വീടുകളിലെയും സ്ഥാപനങ്ങളിലെയും നിരീക്ഷണ കാമറ ദൃശ്യങ്ങളും പരിശോധിക്കുകയാണ്.

112ൽ വിളിക്കൂ

കുട്ടിയെപ്പറ്റി വിവരം കിട്ടുകയോ സംശയകരമായ സാഹചര്യത്തിൽ വാഹനത്തെ കണ്ടാലോ പൊലീസിന്റെ നമ്പരായ 112ൽ അറിയിക്കണം.

''അവർ ഒരു പേപ്പർ നീട്ടി. അമ്മച്ചിക്ക് കൊടുക്കാനെന്ന് പറഞ്ഞു. ഞാൻ വാങ്ങിയില്ല. അപ്പോഴേക്കും സാറയെ പിടിച്ച് വലിച്ച് കാറിൽ കയറ്റി. എന്റെ കൈയിൽ ഉണ്ടായിരുന്ന കമ്പ് കൊണ്ട് അടിച്ചിട്ടും വിട്ടില്ല. എന്നെ വലിച്ചിഴച്ചു. അങ്ങനെ കാലിൽ മുറിവുണ്ടായി. കാറിൽ ഉണ്ടായിരുന്നവർ മാസ്‌ക് ഇട്ടിരുന്നു. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്''. ജോനാഥൻ (അബിഗേലിന്റ സഹോദരൻ)

''എനിക്ക് ശത്രുക്കളായി ആരുമില്ല. ആരോടും പ്രശ്നങ്ങളുമില്ല''റെജി ജോൺ (അബിഗേലിന്റ പിതാവ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ABIGEL SARA, KERALA POLICE, KIDNAPPING
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.