കാസർകോട്: കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇഫ്തികാർ അഹമ്മദിന് സസ്പെൻഷൻ. വിദ്യാർത്ഥികൾ ലെെംഗികാതിക്രമണ പരാതിയിലാണ് ഡോ. ഇഫ്തികാർ അഹമ്മദിനെ വെെസ് ചാൻസലർ ഇൻ ചാർജ് ഡോ കെ സി ബെെജു സസ്പെൻഡ് ചെയ്തത്.
പരീക്ഷയ്ക്കിടെ തല കറങ്ങി വീണ വിദ്യാർത്ഥിനിയോട് ഉൾപ്പെടെ ഇഫ്തികാർ ലെെംഗികാതിക്രമം കാട്ടിയെന്നാണ് പരാതിയിലുള്ളത്. എം എ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥികളാണ് സർവകലാശാല ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകനെതിരെ സസ്പെൻഷൻ നടപടി ഉണ്ടായത്.
നവംബർ 15നാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. ലെെംഗികാതിക്രമം നടത്തിയ 31 സംഭവങ്ങൾ എടുത്തുപറയുന്ന ഏഴു പേജുള്ള ദീർഘമായ പരാതിയിൽ ക്ലാസിലെ 41 വിദ്യാർത്ഥികളിൽ 33 പേരും ഒപ്പിട്ടിരുന്നു. ക്ലാസിൽ ഇംഗ്ലിഷ് കവിതകൾ വ്യാഖ്യാനിക്കുന്നതിനിടെ അദ്ധ്യാപകൻ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങൾ നടത്താറുണ്ടെന്നും അശ്ലീലം പറയാറുണ്ടെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.
അതേസമയം, ക്ലാസിൽ തലകറങ്ങി വീണ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നത് ഉൾപ്പെടെയുള്ള പരാതികൾ വ്യാജമാണെന്ന് ഡോ ഇഫ്തികാർ അഹമ്മദ് നേരത്തെ പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |