ബംഗളൂരു: കാമുകിയുടെ ഉൾപ്പടെ പതിനായിരത്തിലധികം പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ ഫോണിൽ സൂക്ഷിച്ചതിന് ബിപിഒ കമ്പനി ജീവനക്കാരൻ അറസ്റ്റിൽ. 13,000ൽ അധികം നഗ്നചിത്രങ്ങളാണ് ബിപിഒ ജീവനക്കാരനായ ആദിത്യ സന്തോഷിന്റെ (25) ഫോണിൽ നിന്നും കാമുകിയായ മീര(യഥാർത്ഥ പേരല്ല) കണ്ടെടുത്തത്. അഞ്ച് മാസങ്ങൾക്ക് മുൻപാണ് യുവാവ് മീര ജോലി ചെയ്യുന്ന ബിപിഒ കമ്പനിയിൽ എത്തുന്നത്. ദിവസങ്ങൾക്കകം ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
ആദിത്യയും താനുമായുളള ചില സ്വകാര്യ ചിത്രങ്ങൾ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യാൻ മീര ആവശ്യപ്പെട്ടിരുന്നു. മീരയുടെ ആവശ്യം ഇയാൾ ഗൗനിച്ചിരുന്നില്ല. തുടർന്ന് മീര സമ്മതമില്ലാതെ യുവാവിന്റെ ഫോൺ സ്വന്തമാക്കി ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. അപ്പോഴാണ് ആദിത്യയുടെ ഫോണിൽ തന്റെയുൾപ്പടെ 13,000ൽ അധികം പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ ഉളളതായി കണ്ടെത്തിയത്. കമ്പനിയിലുളള മറ്റ് പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും ആദിത്യയുടെ ഫോണിലുണ്ടായിരുന്നു. ഇവ പ്രചരിച്ചാലുണ്ടാകുന്ന പ്രശ്നങ്ങൾ മുന്നിൽ കണ്ട് മീര കമ്പനിയിലെ മറ്റ് സഹപ്രവർത്തകരെ അറിയിക്കുകയായിരുന്നു.
മിക്ക ചിത്രങ്ങളും മോർഫിംഗിലൂടെ നിർമിച്ചതാണെന്ന് മീര കണ്ടെത്തിയിരുന്നു. വിവരം അറിഞ്ഞതോടെ ബിപിഒ കമ്പനിയിലെ ഉദ്യോഗസ്ഥയായ ദിയ ഈ മാസം 23ന് സൈബർ ക്രൈമിന് പൊലീസിൽ പരാതി നൽകി. 'ഇതുവരെ ആദിത്യ ചിത്രങ്ങൾ ഉപയോഗിച്ച് ഒരാളെയും ഭീഷണിപ്പെടുത്തിയിട്ടില്ല. ഇയാളുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. ചിത്രങ്ങൾ പ്രചരിക്കുകയാണെങ്കിൽ വലിയ പ്രശ്നമുണ്ടാകും' ദിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. ചിത്രങ്ങൾ മോർഫ് ചെയ്യാൻ ആദിത്യ സ്ഥാപനത്തിലെ സിസ്റ്റങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് ബിപിഒ അധികൃതർ വ്യക്തമാക്കി.
യുവാവിനെ കമ്പനിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിത്രങ്ങൾക്ക് പിന്നിലെ യുവാവിന്റെ ലക്ഷ്യമെന്താണ് എന്ന് തിരിച്ചറിയാൻ സമയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നഗ്നചിത്രങ്ങളിൽ ചിലത് മോർഫ് ചെയ്തവയും ചിലത് യഥാർത്ഥ ചിത്രങ്ങളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവാവിന്റെ ചാറ്റ് ഹിസ്റ്ററിയും മറ്റ് വിവരങ്ങളും പരിശോധിച്ച് വരികയാണെന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |