കണ്ണൂർ: പെരിങ്ങത്തൂരിൽ നിന്ന് പിടികൂടി കൂട്ടിലാക്കിയ പുള്ളിപ്പുലി ചത്തു. കാരണം വ്യക്തമല്ല. കണ്ണൂർ പെരിങ്ങത്തൂരിൽ ഇന്ന് രാവിലെയാണ് പുലി കിണറ്റിൽ വീണത്. വലയിലാക്കി പകുതി ദൂരം ഉയർത്തിയ ശേഷം മയക്കുവെടി വച്ചാണ് പുലിയെ പുറത്തെടുത്തത്. പിന്നീട് പുലിയെ സമീപം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റിയിരുന്നു. കൂട്ടിലാക്കി അൽപസമയത്തിനകം ചത്തു. നാളെ വയനാട്ടിൽ പോസ്റ്റ്‌മോർട്ടം നടത്തുമെന്നാണ് വിവരം.
അണിയാരം മാമക്കണ്ടി പീടികയിൽ സുധിയുടെ നിർമ്മാണത്തിലിരുന്ന വീടിന്റെ കിണറ്റിലാണ് പുലി വീണത്. രാവിലെ പത്ത് മണിയോടെയയിരുന്നു സംഭവം. രണ്ടര കോൽ വെള്ളമുണ്ടായിരുന്ന കിണറ്റിൽ നിന്ന് വെള്ളമെല്ലം വറ്റിച്ച ശേഷം മയക്കുവെടി വയ്‌ക്കാൻ ഡിഎഫ്‌ഒ ഉത്തരവിട്ടത്. തുടർന്നാണ് പുലിയെ പുറത്തിറക്കിയത്.
വയനാട്ടിൽ നിന്നും വെറ്ററിനറി സർജൻ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിൽ മയക്കുവെടിവച്ചാണ് പുലിയെ പിടിച്ചത്. ജനവാസം ഏറിയ പെരിങ്ങത്തൂരിൽ പുഴ വഴിയാകാം പുലിയുടെ വരവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. പുറത്തെടുത്ത പുലിയെ വയനാട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |