മലപ്പുറം: കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങൾ സ്വന്തം ബ്രാൻഡ് പതിച്ചു തട്ടിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണയിൽ നവകേരള സദസിന്റെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഡിസംബർ 31നകം 'ആയുഷ്മാൻ ആരോഗ്യ മന്ദിർ' എന്ന് പേര് മാറ്റണമെന്നാണ് കേന്ദ്ര നിർദ്ദേശം. കാലാകാലങ്ങളായി സർക്കാരും തദ്ദേശസ്ഥാപനങ്ങളും ചേർന്നാണ് ഇവയുടെ സ്ഥലവും കെട്ടിടവും വികസനവും സാദ്ധ്യമാക്കിയത്. സബ് സെന്ററുകൾക്ക് വെറും നാല് ലക്ഷം രൂപയാണ് കേന്ദ്രം നൽകുന്നത്. സംസ്ഥാനങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണ് ആരോഗ്യമേഖല. എന്നിട്ടും പേര് മാറ്റാൻ നിർബന്ധിക്കുന്നു.
കോ-ബ്രാൻഡിംഗ് നടത്തിയില്ലെന്ന മുട്ടാപ്പോക്കിൽ കേന്ദ്രവിഹിതം തടഞ്ഞുവയ്ക്കുകയാണ്. 2023-24ലെ കേന്ദ്ര പദ്ധതികളിൽ കേന്ദ്രം പറഞ്ഞ ഫണ്ട് പോലും തന്നിട്ടില്ല. 2,521.99 കോടി ആർ.ഒ.പി ഗ്രാൻഡിൽ 1,376.70 കോടിയേ ഈ വർഷം ചെലവാക്കാൻ അനുമതിയുള്ളൂ. എൻ.എച്ച്.എം റിസോഴ്സ്, അടിസ്ഥാന സൗകര്യ വികസനം, കൈൻഡ് ഗ്രാന്റ് എന്നീ വിഭാഗങ്ങളിലാണ് തുകയനുവദിക്കുന്നത്. ഇതിൽ 60:40 അനുപാതത്തിൽ കേന്ദ്രം അനുവദിക്കേണ്ടത് 826.02 കോടിയാണ്. സംസ്ഥാനം 550.68 കോടിയും. കോ-ബ്രാൻഡിംഗ് നടത്തിയില്ലെന്നതാണ് ഫണ്ടനുവദിക്കുന്നതിന് തടസമായി പറയുന്നത്. അതും വാസ്തവവിരുദ്ധമാണ്. 6,825 സ്ഥാപനങ്ങളിൽ 99 ശതമാനം കോ-ബ്രാൻഡിംഗ് പൂർത്തിയാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു.
എൻ.എച്ച്.എം പ്രവർത്തനത്തിനുള്ള 409.05 കോടിയിൽ കാഷ് ഗ്രാന്റായി 371.20 കോടിയാണ് ധനമന്ത്രാലയം അംഗീകരിച്ചത്. ഇത് നാല് ഗഡുക്കളായാണ് അനുവദിക്കുന്നത്. ഒരു ഗഡു 92.80 കോടിയാണ്. മൂന്ന് ഗഡുവിന്റെ സമയം കഴിഞ്ഞു. ഒരു ഗഡു പോലും അനുവദിച്ചിട്ടില്ല. 278.4 കോടി കേന്ദ്രം കുടിശിക തരാനുണ്ട്. കേന്ദ്രവിഹിതം ലഭിക്കാത്തതിനാൽ സംസ്ഥാന വിഹിതമുപയോഗിച്ചാണ് എൻ.എച്ച്.എം പദ്ധതികൾ നടത്തുന്നത്. കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം ആശാവർക്കർമാരുടെ ഇൻസെന്റീവ്, സൗജന്യ പരിശോധന, ചികിത്സ, എൻ.എച്ച്.എം ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ശമ്പളം, ബയോമെഡിക്കൽ മാനേജ്‌മെന്റ്, 108 ആംബുലൻസ് തുടങ്ങിയവയെല്ലാം പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |