സർക്കാർ പരിരക്ഷയിൽ മുടന്തിനീങ്ങുന്ന കെ.എസ്.ആർ.ടി.സിക്ക് പുതുതായി നാലു മേഖലാ ജനറൽ മാനേജർമാരെ ലഭിക്കാൻ പോവുകയാണ്. ആദ്യ കെ.എ.എസ് ബാച്ചിൽ നിന്നുള്ളവരാണിവർ. ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ പ്രൊഫഷണലിസം കൊണ്ടുവരണമെന്നുള്ള സുശീൽഖന്ന ശുപാർശ വന്നിട്ട് ഏറെ നാളായെങ്കിലും അത് ചെറിയ തോതിലെങ്കിലും നടപ്പാക്കാൻ തുടങ്ങുന്നത് ഇതാദ്യമായിട്ടാകും. ജനറൽ മാനേജർമാരായി നിയമിക്കപ്പെടുന്ന നാല് ഉദ്യോഗസ്ഥരും എൻജിനിയർമാരാണെന്ന പ്രത്യേകതയുണ്ട്. കുത്തഴിഞ്ഞുകിടക്കുന്ന കോർപ്പറേഷനെ രക്ഷിച്ച് നേരെയാക്കിയെടുക്കുക എന്ന അതീവ ദുഷ്‌കരമായ ദൗത്യം ഇവരെക്കൊണ്ടു മാത്രം സാദ്ധ്യമാകുമെന്നു കരുതാനാവില്ല. എന്നിരുന്നാലും പുതിയൊരു തുടക്കമെന്ന നിലയ്ക്ക് സ്വാഗതാർഹമായ നടപടി തന്നെയാകും ഇത്.
കോർപ്പറേഷന്റെ മാനേജ്‌മെന്റ് ഘടന പരിഷ്കരിച്ചാലേ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയൂ. മേഖലാ ജനറൽ മാനേജർമാരുടെ പ്രധാന ചുമതല അതാകും. സാങ്കേതിക വൈദഗ്ദ്ധ്യം ഉള്ളവരാകയാൽ അടുക്കോടും ചിട്ടയോടും കൂടി കാര്യങ്ങൾ ചെയ്യാൻ അവർക്കാകുമെന്ന് പ്രതീക്ഷിക്കാം. കോർപ്പറേഷന്റെ തലപ്പത്ത് മുമ്പു വന്നിട്ടുള്ളവരെയെല്ലാം ജീവനക്കാരുടെ സംഘടനകൾ സംഘടിതമായി പുകച്ചു പുറത്തുചാടിക്കുകയായിരുന്നു പതിവ്. ചെറിയ പരിഷ്കാര നടപടിക്കെതിരെ പോലും രൂക്ഷമായ എതിർപ്പുണ്ടാകും. ഒടുവിൽ അത് ഉപേക്ഷിക്കേണ്ടിയും വരും.
ശമ്പളത്തിനും പെൻഷനും എല്ലാ മാസവും സർക്കാരിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് കോർപ്പറേഷൻ. വരുമാനവും ചെലവുകളും തമ്മിലുള്ള അന്തരം കൂടുന്നതല്ലാതെ കുറയുന്നില്ല. എല്ലാ മാസവും അഞ്ചാം തീയതിക്കു മുൻപ് ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന കോടതിവിധി പാലിക്കാൻ കോർപ്പറേഷന് കഴിയുന്നില്ല. ദുർവഹമായ പലിശ ഭാരമാണ് പ്രധാനമായും ഈ സ്ഥിതിക്കു കാരണം. സ്ഥാവര വസ്തുക്കൾ ഏറെയും പണയപ്പെടുത്തിക്കഴിഞ്ഞു. ധനകാര്യസ്ഥാപനങ്ങൾ ഇപ്പോൾ കോർപ്പറേഷന്റെ വായ്പാ ആവശ്യങ്ങളോട് പൂർണമായും മുഖംതിരിച്ചാണ് നില്പ്. ബഡ്‌ജറ്റ് വിഹിതത്തിനു പുറമെ എല്ലാ മാസവും സർക്കാർ പണം നൽകുന്നതുകൊണ്ടാണ് ശമ്പളവും പെൻഷനും നൽകാൻ കഴിയുന്നത്. അതുതന്നെ പലപ്പോഴും ആഴ്ചകൾ കഴിഞ്ഞാവും.
ഇപ്പോഴത്തെ പ്രതിസന്ധികളിൽ നിന്ന് ട്രാൻസ്പോർട്ട് കോർപ്പറേഷനെ കരകയറ്റാൻ ആസൂത്രിതമായ പരിഷ്‌കാര നടപടികൾ ആവശ്യമായിട്ടുണ്ട്. പാഴ്‌ച്ചെലവുകൾ കുറച്ചും ബാദ്ധ്യതകൾ കുറയ്ക്കാൻ പുതിയ വഴികൾ കണ്ടുപിടിച്ചും മുന്നോട്ടുപോകാനാവുന്നില്ലെങ്കിൽ കോർപ്പറേഷൻ തുടർന്നും മുങ്ങിക്കൊണ്ടേയിരിക്കും. ദിവസ വരുമാനം എട്ടുകോടി രൂപയെങ്കിലുമായി ഉയർത്താൻ എത്രയോ നാളായി ശ്രമം നടക്കുകയാണ്. ഇനിയും ലക്ഷ്യത്തിലെത്താൻ സാധിച്ചിട്ടില്ല. അയ്യായിരത്തോളം ബസുകളുള്ളതിൽ നാലിലൊരു ഭാഗവും എന്നും കട്ടപ്പുറത്തായതിനാൽ ഷെഡ്യൂളുകൾ പലതും മുടങ്ങുന്നു. ബസ് ചാർജ് രാജ്യത്ത് ഏറ്റവുമധികം ഇവിടെയാണ്. എന്നിട്ടും സർവീസുകൾ ലാഭകരമാകാതിരിക്കാൻ പ്രധാന കാരണം പ്രൊഫഷണൽ മാനേജ്‌മെന്റിന്റെ അഭാവമാണ്. മേഖലാ ആസ്ഥാനങ്ങളിൽ കെ.എ.എസുകാർ ജനറൽ മാനേജർമാരായി എത്തുമ്പോൾ ഈ സ്ഥിതിക്ക് കുറെയെങ്കിലും മാറ്റം ഉണ്ടാകേണ്ടതാണ്.
കെ.എസ്.ആർ.ടി.സിയെ നാലു മേഖലകളാക്കി തിരിച്ച് ഭരണം കാര്യക്ഷമമാക്കാനുള്ള നിർദ്ദേശത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആ നിർദ്ദേശം ഇപ്പോഴും ഏറെ പ്രസക്തമാണ്. സംസ്ഥാനമൊട്ടാകെ ഒറ്റ മേഖലയായി പ്രവർത്തിക്കുന്ന ഇപ്പോഴത്തെ സംവിധാനമാണ് കോർപ്പറേഷന്റെ എല്ലാ പരാധീനതകൾക്കും കാരണം. ഭരണ വികേന്ദ്രീകരണം നടന്നാൽത്തന്നെ മുന്നേറ്റം നടത്താൻ സാധിക്കും. മേഖലകൾക്കു കീഴിലാകുമ്പോൾ പരിഷ്കാര നടപടികൾ ഏറ്റെടുക്കാനും സ്ഥാപനത്തെ കൂടുതൽ ലാഭകരമായി കൊണ്ടുപോകാനും സാധിക്കും. മാനേജ്‌മെന്റ് സങ്കല്പത്തിൽത്തന്നെ വിപ്ളവകരമായ മാറ്റങ്ങൾക്കു സാക്ഷ്യം വഹിക്കുന്ന കാലമാണിത്. ചെറുചെറു യൂണിറ്റുകളായി വിഭജിച്ച് പ്രവർത്തന മികവ് ഉറപ്പാക്കുന്നതാണ് പുതിയ ട്രെൻഡ്. പല പൊതുമേഖലാ സ്ഥാപനങ്ങളും ആ പാത സ്വീകരിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സിക്കും ആ വഴിക്കു നീങ്ങാവുന്നതാണ്. മേഖലാ ജനറൽ മാനേജർമാരെ നിയമിക്കുന്നതിനൊപ്പം മേഖലാ വിഭജന നിർദ്ദേശവും പൂർണ അർത്ഥത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞാൽ കോർപ്പറേഷന് അത് ഏറെ ഗുണകരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |