രാജ്ഭവൻ (ഗോവ) : മിസോറാമിലെയും ഗോവയിലെയും ഗവർണർ എന്ന നിലയിൽ ആറു വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം പി.എസ്.ശ്രീധരൻ പിള്ള ഗോവ രാജ്ഭവനോട് വിട പറഞ്ഞു. രാജ്ഭവൻ ദർബാർ ഹാളിൽ നടന്ന യാത്രഅയപ്പ് ചടങ്ങിൽ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ,കേന്ദ്രമന്ത്രി ശ്രീപദ് നായിക്,ഗോവ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഹരിലാൽ ബി. മേനോൻ എന്നിവർ പങ്കെടുത്തു. സമൂഹത്തിലെ നാനാതുറകളിലുള്ള വ്യക്തികളും വ്യത്യസ്ത മതങ്ങളിലെ ആത്മീയ നേതാക്കളും പങ്കെടുത്തു. ഗവർണറുടെ സേച്ഛാ വിവേചനാധികാര ഫണ്ട് ഉപയോഗിച്ചുള്ള ധനസഹായ പദ്ധതികളുടെ അവസാന ഗഡുവിന്റെ വിതരണവും നടത്തിയാണ് അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയത്.
2021 ജൂലായ് 15 നാണ് ഗോവ ഗവർണറായി പി.എസ്, ശ്രീധരൻ പിള്ള സ്ഥാനമേറ്റത്.
ജനകീയ ഗവർണർ എന്നാണ് ഗോവയിൽ അദ്ദേഹം അറിയപ്പെടുന്നത്. എല്ലാ വർഷവും ഗവർണറുടെ വിവേചനാധികാര ഫണ്ടിൽ നിന്നുള്ള തുക അദ്ദേഹം ഗോവയിലെ കാൻസർ, ഡയാലിസിസ് രോഗികൾക്കും അനാഥാലയങ്ങൾക്കും കിടപ്പുരോഗികൾക്കുമായി ചെലവഴിച്ചു. സാമ്പത്തിക സഹായം രോഗികൾക്ക് നേരിട്ട് നൽകുന്നതിനായി അദ്ദേഹം വിവിധ പേരുകളിലുള്ള യാത്രകൾ സംഘടിപ്പിച്ചു. ഗോവ ഗ്രാമ സമ്പൂർണ്ണ യാത്ര, സൈമിക് ദയസ് യാത്ര, ദ്വീപ് പരിചയ് യാത്ര,ഗിരിറോഹൻ യാത്ര, കുശാൽ കല്യാൺ യാത്ര എന്നിങ്ങനെ അഞ്ച് യാത്രകളിലൂടെ ഗോവയിലെ ഗ്രാമങ്ങൾ, മരങ്ങൾ, ദ്വീപുകൾ, മലകൾ, വിവിധ മതങ്ങളുടെ ദേവാലയങ്ങൾ എന്നിവ ശ്രീധരൻപിള്ളയ്ക്ക് ഹൃദിസ്ഥമായി.
ഗവർണറുടെ വിവേചനാധികാര ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് അദ്ദേഹം നടപ്പാക്കിയ ധനസഹായ പദ്ധതി വഴി മൂവായിരം ഡയാലിസിസ്, കാൻസർ രോഗികൾക്കാണ് ഗുണമുണ്ടായത്. ഇന്ത്യയിലെ ഒരു രാജ്ഭവനിലും ഇത്തരമൊരു പദ്ധതിയില്ല. നൂറുപേർക്ക് എല്ലാ ദിവസവും രണ്ട് നേരം ഭക്ഷണം നൽകുന്ന രാജ്ഭവൻ അന്നദാൻ പദ്ധതി നടപ്പിലാക്കി. ഗോവയിലെ ഒരു സന്നദ്ധ സംഘടന വഴി നടപ്പിലാക്കിയ ഈ പദ്ധതിയിലേക്ക് തന്റെ പുസ്തകങ്ങളുടെ റോയൽറ്റി തുകയും സംഭാവനയായി അദ്ദേഹം നൽകി.
യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി രാജ്ഭവൻ നടപ്പാക്കിയ ' നയി പഹൽ ' പദ്ധതി വഴി ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള 25 യുവ എഴുത്തുകാരുടെ കൃതികളാണ് വെളിച്ചം കണ്ടത് . വൃക്ഷങ്ങളെ
ബോൺസായ് രീതിയിൽ വളർത്തുന്നത് പുരാതനമായ ഭാരതീയ കലയാണെന്ന സത്യം തെളിയിക്കാൻ വേണ്ടി അദ്ദേഹം രചിച്ച ' വാമൻ വൃക്ഷകല ' എന്ന ഗ്രന്ഥം ഏറെ ശ്രദ്ധേയമായി. ഏറ്റവും ഒടുവിൽ അടിയന്തരാവസ്ഥയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റേതായി പുറത്തുവന്ന രണ്ട് പുസ്തകങ്ങൾ (Democracy Enchained Nation Disgraced, Shah Commission: Echoes From a Buried Report) , അടക്കം ഇതിനകം 260 ൽ അധികം പുസ്തകങ്ങൾ വെളിച്ചം കണ്ടു.
1008 വാമൻ വൃക്ഷ കലാ ഉദ്യാൻ, ശ്വേത കപില ഗോശാല, ജാക്ക് ഫ്രൂട്ട് ഗാർഡൻ, റെഡ് സാൻഡൽ ഉദ്യാൻ, വൃക്ഷായുർവേദ ചികിൽസ , ഭാരതീയ ആയുർവേദ ആചാര്യന്മാരായ ചരകന്റെയും ശുശ്രുതന്റെയും പ്രതിമകളുടെ സ്ഥാപനം തുടങ്ങിയവ രാജ്ഭവനിൽ നടപ്പാക്കി. ഗോവ യൂണിവേഴ്സിറ്റിയെ ഉന്നതശ്രേണിയിലെത്തിക്കാനും നാക് അക്രഡിറ്റേഷനിൽ B++ ആയിരുന്ന അവസ്ഥ മാറ്റി A+ ശ്രേണിയിലെത്തിക്കാനും കഴിഞ്ഞു. ഗോവയില തനത് ചിത്രകലയായ കാവി ആർട്സ് പുനരുദ്ധരിക്കാൻ സജീവ ശ്രമം നടത്തി. ഇതിനായി നാലു ദിവസം നീണ്ടുനിന്ന ശിൽപശാല നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |