കേളകം: ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വന്യജീവി സങ്കേതത്തിൽ നിന്നും കാട്ടാനകൾ ജനവാസ മേഖലകളിൽ എത്തി ആക്രമണം നടത്തിയതോടെ തകർന്ന ആനമതിൽ പുനർനിർമ്മിക്കാൻ നടപടി തുടങ്ങി. ഇതിന് മുന്നോടിയായി കേളകം പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ ആനമതിൽ തകർന്ന മേഖലകളിൽ സംയുക്ത പരിശോധന നടത്തി.
കേളകം ഗ്രാമപഞ്ചായത്തിലെ അടക്കാത്തോട് വാളുമുക്കിലാണ് കഴിഞ്ഞ ദിവസം വീണ്ടും കാട്ടാന ഇറങ്ങി പ്രദേശവാസികളെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയത്. ആനമതിൽ തകർന്ന ഭാഗത്തുകൂടിയും മതിലിന് മുകളിലേക്ക് മരങ്ങൾ മറിച്ചിട്ടും കുറ്റിയിൽ ചവിട്ടിയുയൊക്കെയാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത്. വ്യാഴാഴ്ച പുലർച്ചെ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാന രണ്ട് വീടുകൾക്ക് നേരെ പാഞ്ഞടുത്ത് ആക്രമണം നടത്തി നാടിനെ ഭീതിയിലാഴ്ത്തിയിരുന്നു.
രാവിലെ ആറരയോടെ ആന പുഴ കടന്നതോടെയാണ് പ്രദേശവാസികളുടെ ഭീതിയൊഴിഞ്ഞത്.ഇതോടെയാണ് വനം വകുപ്പും കേളകം ഗ്രാമപഞ്ചായത്തും ആനമതിലിൽ സംയുക്ത പരിശോധന നടത്തിയത്.
തകർന്നും ഉയരം കുറഞ്ഞും ആനമതിൽ
ആനമതിൽ തകർന്ന ഭാഗങ്ങളും മണ്ണടിഞ്ഞ് ഉയരം കുറഞ്ഞ ഭാഗങ്ങളുമാണ് സംയുക്ത പരിശോധനയിൽ കണ്ടെത്തിയത്. കേളകം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പരിധിയിൽ പത്തു കിലോമീറ്ററാണ് ആനമതിൽ ഉള്ളത്. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി.അനീഷ് , ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നരോത്ത്, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി കെ.മഹേഷ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമ്മി, വാച്ചർമാരായ ഗണേശൻ, ബാലകൃഷ്ണൻ, ഒ.സി. ജിജോ എന്നിവരാണ് പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നത്.
ആനമതിലിന്റെ പല ഭാഗങ്ങളും പ്രളയത്തിന്റെ ഭാഗമായി തകർന്ന നിലയിലാണ്.മണ്ണ് വന്നടിഞ്ഞ്
ചില ഭാഗങ്ങളിൽ ഉയരം കുറഞ്ഞിട്ടുണ്ട്. ഇതെല്ലാം കൃത്യമായി പരിശോധിച്ച് മനസിലാക്കി കാട്ടാനശല്യം ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും-കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |