ന്യൂഡൽഹി: ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ എം.പി മഹുവ മൊയ്‌ത്രയെ പുറത്താക്കണമെന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് നാളെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പരിഗണിക്കും. നടപടിയെ ശക്തിയുക്തം എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി), ക്രിമിനൽ നടപടി ചട്ടം (സി.ആർ.പി.സി), എവിഡൻസ് ആക്‌ട് എന്നിവയ്ക്ക് പകരം വയ്ക്കുന്ന മൂന്ന് ബില്ലുകളെ ചൊല്ലിയും ഭരണ-പ്രതിപക്ഷ പോരുണ്ടായേക്കും. ഇന്ന് നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷമാണ് സമ്മേളനം ആരംഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഡിസംബർ 22വരെയാണ് സമേമളനം.
മഹുവയ്‌ക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ചോർന്നത് ഗുരുതര വിഷയമാണെന്ന് ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ തൃണമൂൽ കോൺഗ്രസ് എം.പിമാരായ ഡെറിക് ഒബ്രയാനും സുദീപ് ബന്ദ്യോപാധ്യായയും ചൂണ്ടിക്കാട്ടി.
പാർലമെന്ററി കമ്മിറ്റി റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുൻപ് ചോർന്നത് അംഗീകരിക്കാനാകില്ല. വിഷയത്തിൽ വിശദമായ ചർച്ച വേണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. പ്രതിപക്ഷ എം.പിമാരും തൃണമൂലിന് പിന്തുണ നൽകി.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ബില്ലുകൾ സമ്മേളനത്തിൽ പാസാക്കാനുള്ള നീക്കത്തെയും പ്രതിപക്ഷം എതിർത്തു. മൂന്ന് ബില്ലുകൾക്ക് ഹിന്ദി പേരിട്ടത് പുനഃപരിശോധിക്കണമെന്ന് ആർ.എസ്.പി എം.പി എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. നടപടി തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു. ജയറാം രമേശ് (കോൺഗ്രസ്), പി. സന്തോഷ് കുമാർ (സി.പി.ഐ), പി. വിൽസൺ (ഡി.എം.കെ), തമ്പിദുരെ (എ.ഐ.ഡി.എം.കെ) തുടങ്ങിയവർ പിന്തുണച്ചു.
അദാനി കുംഭകോണ വിഷയവും മണിപ്പൂർ വിഷയവും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്ന് യോഗത്തിൽ സി.പി.ഐ എംപി അഡ്വ പി സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധത്തിൽ മാറ്റം അനിവാര്യമാണെന്നും കേരളത്തിന് മാത്രം 5000 കോടിയിലധികം രൂപ കിട്ടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗവർണർമാർ രാജ്‌ഭവനുകളെ രാഷ്ട്രീയമായ തന്നിഷ്ടം നടപ്പാക്കുന്ന കേന്ദ്രങ്ങളായി മാറ്റുന്നത് അവസാനിപ്പിക്കണം.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്രപാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി, സഹമന്ത്രി അർജ്ജുൻ റാം മേഘ്‌വാൾ എന്നിവരും 23 പാർട്ടികളിൽ നിന്നുള്ള 30 നേതാക്കളും പങ്കെടുത്തു.
21 ബില്ലുകൾ
ഡിസംബർ 22വരെ നടക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ രണ്ട് സാമ്പത്തിക ബില്ലുകൾ ഉൾപ്പെടെ ആകെ 21 ബില്ലുകൾ പരിഗണിച്ചേക്കും. നീതിന്യായ വ്യവസ്ഥയെ പരിഷ്‌കരിക്കാനുള്ള ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ അധിനിയമം, പോസ്റ്റ് ഓഫീസ് ബിൽ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള ബിൽ എന്നിവ പ്രധാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |