SignIn
Kerala Kaumudi Online
Saturday, 27 July 2024 8.51 AM IST

പഠിച്ചു കയറി പടവുകൾ, കുടിച്ചതൊക്കെ കണ്ണുനീർ

m-kunjaman

' മൂന്നാം ക്ളാസിൽ, കുട്ടികൾക്ക് ഭയവും ബഹുമാനവുമുണ്ടായിരുന്ന ഒരു അദ്ധ്യാപകനുണ്ടായിരുന്നു. അദ്ദേഹം എന്നെ പേര് വിളിക്കില്ല. പാണൻ എന്നാണ് വിളിക്കുക. ബോർഡിൽ കണക്കെഴുതി : 'പാണൻ പറയെടാ "എന്നുപറയും. സഹികെട്ട് ഒരിക്കൽ ഞാൻ പറഞ്ഞു: ' സാർ എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമൻ എന്നു വിളിക്കണം ". ' എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാൽ "എന്നു ചോദിച്ച് ചെകിട്ടത്ത് ആഞ്ഞടിച്ചു. അയാൾ നാട്ടിലെ പ്രമാണിയാണ്. എവിടെയാ പുസ്തകം എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ കഞ്ഞി കുടിക്കാനാണ് വന്നത്, പഠിക്കാനല്ല എന്നായി പരിഹാസം. അടിയേറ്റ് വിങ്ങിയ കവിളുമായാണ് വീട്ടിലെത്തിയത്. അമ്മയോട് കാര്യം പറഞ്ഞപ്പോൾ അവർ പറഞ്ഞു:

'നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല മോനേ, നന്നായി വായിച്ചു പഠിക്കൂ". അന്ന് ഞാൻ സ്കൂളിലെ കഞ്ഞികുടി നിറുത്തി. ഇനി എനിക്കു കഞ്ഞി വേണ്ട. എനിക്കു പഠിക്കണം." ആ അദ്ധ്യാപകന്റെ മർദ്ദനം ജീവിതത്തിലെ വഴിത്തിരിവായി. കഞ്ഞി കുടിക്കാനല്ല പഠിക്കുന്നത് എന്ന തിരിച്ചറിവുണ്ടായി."- 'എതിര്, - ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം " എന്ന ആത്മകഥയിൽ ഡോ. എം. കുഞ്ഞാമൻ എഴുതി.

--അവഗണനയുടെ ചെളിയിൽ ചവിട്ടിത്താഴ്ത്താൻ ശ്രമിച്ചവർക്കു മുന്നിൽ പൊരുതി നേടിയതായിരുന്നു ഡോ. എം. കുഞ്ഞാമന്റെ ജീവിതം.

കേരള സാഹിത്യ അക്കാഡമിയുടെ ആത്മകഥയ്ക്കുള്ള അവാർഡ് ലഭിച്ചെങ്കിലും അത് നിരസിച്ചു. 'അക്കാഡമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ട് അവാർഡ് നന്ദിപൂർവം നിരസിക്കുന്നതെന്നും കുഞ്ഞാമൻ പ്രതികരിച്ചു. അവാർഡിനും അംഗീകാരങ്ങൾക്കും പിറകെ പായുന്നവരുടെ ലോകത്തായിരുന്നു കുഞ്ഞാമന്റെ ഈ നിരാസം. ആരായിരുന്നു കുഞ്ഞാമൻ ? ജീവിതാനുഭവങ്ങളുടെ കനൽപ്പാതകൾ പിന്നിട്ട് അക്കാഡമിക് പാണ്ഡിത്യത്തിന്റെ അപാരത കണ്ട കുഞ്ഞാമൻ എന്ന വലിയ മനുഷ്യനെ നമ്മുടെ ഭരണകൂടം പോലും വിസ്മരിച്ചുവെന്നതായിരുന്നു സത്യം. ജാതീയമായ വിവേചനത്തിന്റെ ഇരുളിൽ മുങ്ങിപ്പോകുന്നവർക്കു സ്വജീവിതത്താൽ പ്രകാശം ചൊരിഞ്ഞ പ്രതിഭാശാലിയായിരുന്നു കുഞ്ഞാമൻ.

കാലിക്കട്ട് സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം റാങ്ക് നേടിയാണ് എം.എ.പാസ്സായത്. കെ.ആർ.നാരായണനുശേഷം ഒന്നാം റാങ്ക് നേടിയ ആദ്യ ദളിത് വിദ്യാർത്ഥി. 27 വർഷം കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ അദ്ധ്യാപകൻ. മഹാരാഷ്ട്രയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസിൽ പ്രൊഫസർ,രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ മുഴുവൻ നിയന്ത്രിക്കുന്ന യു.ജി.സിയുടെ ഉന്നതാധികാര സമിതിയിൽ അംഗവുമായിരുന്നു. എന്നിട്ടും അദ്ദേഹം കേരളത്തിൽ വൈസ് ചാൻസലർ പദവിയിലേക്ക് പരിഗണിക്കപ്പെട്ടില്ല. അതേക്കുറിച്ച് ചോദിക്കുമ്പോൾ കുഞ്ഞാമൻ ഇങ്ങനെ പറയുമായിരുന്നു. 'അതിനൊക്കെ യോഗ്യതയുള്ള ഒരുപാടുപേർ ഉണ്ടായിരുന്നില്ലേ. അതൊന്നും ഒരു വലിയ കാര്യമായി കാണേണ്ടതില്ല." -

എം.എയ്ക്ക് റാങ്ക് കിട്ടിയപ്പോൾ അന്ന് കുഞ്ഞാമനെ അനുമോദിക്കാൻ മന്ത്രിമാരായ എം.എൻ. ഗോവിന്ദൻനായരും ടി.കെ. ദിവാകരനുമൊക്കെ പങ്കെടുത്ത സമ്മേളനം പാലക്കാട്ട് നടന്നു. " അന്ന് കിട്ടിയ സ്വർണമെഡൽ പാലക്കാട്ട് നിന്ന് വാടാനംകുറിശ്ശിയിലെ വീട്ടിലെത്തിയതിന്റെ പിറ്റേന്നുതന്നെ പണയം വച്ചു. പത്ത് ദിവസം കഴിഞ്ഞ് വിൽക്കുകയും ചെയ്തു. വീട്ടിൽ കൊടുംപട്ടിണിയായിരുന്നു. അതുകൊണ്ട് റാങ്ക് വലിയ കാര്യമായി അനുഭവപ്പെട്ടില്ല.-കുഞ്ഞാമൻ എഴുതി.

റാങ്ക് കിട്ടിയിട്ടും കുഞ്ഞാമന് ജോലി ലഭിക്കാൻ രണ്ട് വർഷം കാത്തുനിൽക്കേണ്ടി വന്നു. സി.ഡി.എസിൽ ഗവേഷണ വിദ്യാർത്ഥിയായിരിക്കുമ്പോൾ കേരള സർവകലാശാലയിൽ ലക്ചറർ തസ്തികയ്ക്ക് അപേക്ഷിച്ചു. അപേക്ഷകരിൽ ഒന്നാം റാങ്കും കുഞ്ഞാമനായിരുന്നു. എന്നിട്ടും നിയമിച്ചില്ല. മറ്റൊരാൾക്ക് നിയമനം ലഭിച്ചു. പത്രങ്ങളിൽ വാർത്തയായപ്പോൾ സർക്കാർ സർവകലാശാല ഇക്കണോമിക്സ് വകുപ്പിൽ സൂപ്പർ ന്യൂമററി തസ്തികയുണ്ടാക്കി അത് പട്ടികജാതി വർഗത്തിന് സംവരണം ചെയ്താണ് കുഞ്ഞാമനെ നിയമിച്ചത്. ചണ്ഡാളൻ സിംഹാസനത്തിന് പിറകിലൂടെ മാത്രം വരണം എന്ന അധീശനിയമം പാലിക്കപ്പെട്ടാണ് കുഞ്ഞാമൻ കേരള സർവകലാശാലയിൽ അദ്ധ്യാപകനായത്.

ഒരു മനുഷ്യൻ ജനിച്ച ജാതിയുടെ പേരിൽ എത്രമാത്രം ക്രൂരമായി അവഗണിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡോ. കുഞ്ഞാമന്റെ ജീവിതം. എത്ര ചവിട്ടിത്താഴ്ത്തിയിട്ടും ബുദ്ധിശക്തിയാൽ കുഞ്ഞാമൻ ഉയിർത്തെഴുന്നേറ്റു. ഇ.എം.എസിനും വി.എസിനുമൊക്കെ കുഞ്ഞാമനെ വലിയ ഇഷ്ടമായിരുന്നു. എ.കെ.ജി സെന്ററിലെ അന്നത്തെ ചർച്ചകളിലൊക്കെ പങ്കെടുക്കുകയും ഇ.എം.എസിന്റെ മുന്നിൽ വച്ചുതന്നെ പാർട്ടി നയങ്ങളെ വിമർശിക്കുകയും ചെയ്യുമായിരുന്നു. ഒരുപ്രാവശ്യം ചർച്ചയിൽ കുഞ്ഞാമൻ പങ്കെടുത്തില്ല. ഉച്ചയ്ക്ക് ഊണിന് പിരിഞ്ഞപ്പോൾ മാറിനിന്നു. ഇ.എം.എസും വി.എസും അരികെ ചെന്നു. എന്താണ് ചർച്ചയിൽ പങ്കെടുക്കാതിരുന്നതെന്ന് ഇ.എം.എസ് ചോദിച്ചു." ഞാൻ സഖാവിന്റെ പാർട്ടിയെ വിമർശിക്കുന്നയാളാണ്. സഖാവിനെയും വിമർശിക്കും." എന്ന് മറുപടി നൽകിയപ്പോൾ ഇ.എം.എസ് നൽകിയ മറുപടി-

'വിമർശിക്കണം. വിമർശനത്തിലൂടെയാണ് മാർക്സിസം വളരുന്നത്. എന്നെയും വിമർശിക്കണം. വിമർശിക്കപ്പെടാതിരിക്കാൻ ഞാൻ ദൈവമല്ല." എന്നായിരുന്നു. പട്ടാമ്പിയിൽ വാടാനം കുറിശ്ശിയിൽ തങ്ങളുടെ അധകൃത കുടിലുകളിൽ ഉയർന്ന ജാതിക്കാർ വരില്ല. എന്നാൽ ഇ.എം.എസ് വരുമായിരുന്നുവെന്നും ചാണകം മെഴുകിയ തറയിൽ ഇരുന്ന് തങ്ങളോട് സംസാരിക്കുമായിരുന്നുവെന്നും അതൊരു ഇലക്ട്രിഫൈയിംഗ് ഇഫക്ടായിരുന്നുവെന്നും ." കുഞ്ഞാമൻ എഴുതിയിട്ടുണ്ട്

പദവികൾ പലതും നിലപാടുകൾക്കുവേണ്ടി ഉപേക്ഷിച്ചയാളാണ് ഡോ. കുഞ്ഞാമൻ. മായാവതിയുടെ പാർട്ടി വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങളിൽ രാജ്യസഭാ അംഗത്വം വരെയുണ്ടായിരുന്നു.

ഡോ. കുഞ്ഞാമൻ ഹൃദയരക്തം മുക്കിയെഴുതിയ ജീവിതാനുഭവമായിരുന്നു എതിര്. അത് കഥയല്ല. ആത്മാവിന്റെ വെളിപ്പെടുത്തലുകളായിരുന്നു. ഇടതുപക്ഷത്തിന്റെ മാത്രമല്ല പല നേതാക്കളുടെയും മുഖംമൂടികൾ അതിൽ വലിച്ചെറിയപ്പെടുന്നുണ്ട്. ആ വാക്കുകളിൽ ചോര പൊടിഞ്ഞിരുന്നു. കുഞ്ഞാമൻ കടന്നുപോകുമ്പോൾ ഒരു ചോദ്യമെങ്കിലും ബാക്കിയാകുന്നു. മണ്ണിൽ കുഴികുത്തി ഉണ്ടചോറിന്റെയും ജന്മത്തെ ചോദ്യം ചെയ്ത സമൂഹനിന്ദയുടെയും ക്രൂരമായ പരിഹാസങ്ങൾക്കുമേൽ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച ഈ മനുഷ്യനോട് കേരളം എത്ര നീതി പുലർത്തിയെന്ന ചോദ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: M KUNJAMAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.