കൊല്ലം: അച്ചൻകോവിൽ വനത്തിൽ ട്രക്കിംഗിന് പോയ അദ്ധ്യാപകരും വിദ്യാർത്ഥികളും കാട്ടിനുള്ളിൽ കുടുങ്ങി. കൊല്ലം കരുനാഗപ്പള്ളി ക്ളാപ്പന ഷൺമുഖ വിലാസം സ്‌കൂളിലെ 27 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരുമാണ് കടുത്ത മൂടൽമഞ്ഞും മഴയും കാരണം കുടുങ്ങിപ്പോയത്. പകൽ11 മണിയോടെ സ്‌കൗട്ട് ആന്റ് ഗൈഡ് വിഭാഗത്തിലെ ഈ കുട്ടികൾ വനത്തിൽ പ്രവേശിച്ചു. മൂന്ന് മണിയോടെ പുറത്തെത്തേണ്ടതായിരുന്നു. ഇതിനിടെ തൂവൽമല ഭാഗത്ത് കുടുങ്ങിപ്പോകുകയായിരുന്നു. ഇന്ന് പുലർച്ചയോടെ ഇവരെ രക്ഷിച്ച് കോട്ടവാസൽ ഭാഗത്തെത്തിച്ച വനംവകുപ്പ് അധികൃതർ ഇവർക്ക് വേണ്ട ചികിത്സ നൽകി. ആർക്കും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിവരം.
കുടുങ്ങിയ കുട്ടികളെയും അദ്ധ്യാപകരെയും നാട്ടുകാരും പൊലീസും വനംവകുപ്പും ചേർന്നാണ് രക്ഷാപ്രവർത്തനത്തിലൂടെ പുറത്തെത്തിച്ചത്. വനത്തിൽ കനത്തമഴയ്‌ക്ക് പിന്നാലെ പുഴയിൽ വലിയ വെള്ളപ്പാച്ചിലുണ്ടായതോടെയാണ് പ്രതിസന്ധി ഉണ്ടായത്. ഉരുൾപൊട്ടിയതാകാം വെള്ളപ്പാച്ചിലിന് കാരണമെന്നാണ് സൂചന. വനത്തിൽ ഇവർ കുടുങ്ങിയ ഭാഗത്ത് നടന്നുപോകാനുള്ള ചെറിയ വഴികളല്ലാതെ വാഹനഗതാഗതം സാദ്ധ്യമായ വഴിയില്ലാത്തത് ആദ്യം പ്രശ്‌നം സൃഷ്‌ടിച്ചു. എന്നാൽ പിന്നീട് മഴ കുറഞ്ഞതോടെ വിദ്യാർത്ഥികളെ ചെറുസംഘങ്ങളായി സുരക്ഷിതമായി തിരികെയെത്തിച്ചു. ഇവർ ഇന്ന് രാവിലെ തന്നെ സ്‌കൂൾ ബസിൽ തിരികെ കരുനാഗപ്പള്ളിയിലെ സ്‌കൂളിലെത്തും എന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |