ഓഖി, ബിപ്പർജോയ്,തേജ്, നിസർഗ ഇപ്പോൾ മിഷോംഗ്. ചുരുങ്ങിയ നാളുകൊണ്ട് നാം പഠിച്ചെടുത്ത അറിഞ്ഞ ചില ചുഴലിക്കൊടുങ്കാറ്റുകളാണിവ. ഇന്ത്യയുടെ കടൽതീരത്ത് മറ്റൊരു ചുഴലിക്കാറ്റുകൂടി ചുരുങ്ങിയ കാലയളവിൽ ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. മിഷോംഗ് എന്ന ഈ ചുഴലി നമ്മുടെ നാട്ടിൽ മഴ പെയ്യിക്കേണ്ട തുലാവർഷത്തെ കൂടി ദുർബലമാക്കും എന്നാണ് വിദഗ്ദ്ധർ പറയുന്നത്.ചെന്നൈ നഗരത്തിൽ കനത്ത നാശം ഇതിനകം മിഷോംഗ് വരുത്തി. എന്തുകൊണ്ടാണിങ്ങനെ?
ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാ സമുദ്രവും അറബിക്കടലും ചേർന്ന് കിടക്കുന്ന നമ്മുടെ രാജ്യത്ത് മുൻപില്ലാത്ത തരത്തിൽ ഇപ്പോൾ ചുഴലിക്കാറ്റുകളുടെ സാന്നിദ്ധ്യം കൂടിയതിന് കാരണമെന്താകും? ഈ വർഷത്തെ അവസാന ചുഴലിക്കാറ്റ് മിഷോംഗ് ആകാമെങ്കിലും വരും നാളുകളിലും ചുഴലിക്കാറ്റ് ഭീഷണികളുണ്ടാകാമെന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. മനുഷ്യ ഇടപെടൽ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം തന്നെയാണ് നിരന്തരം ചുഴലികൾ രൂപമെടുക്കാൻ കാരണമെന്നാണ് കണ്ടെത്തൽ.
ഏറ്റവുമധികം ബംഗാൾ ഉൾക്കടലിൽ
ഇതിൽ ഇന്ത്യയിൽ ഏറ്റവുമധികം ഇത്തരത്തിൽ ചുഴലികളുണ്ടാകുന്നത് ബംഗാൾ ഉൾക്കടലിലാണ്. 2021ൽ നാച്ചുറൽ ജേണൽ മാസികയിൽ തയ്യാറാക്കിയ ഒരു ഗവേഷണ പ്രബന്ധത്തിൽ 1982 മുതൽ 2019 വരെ കാലയളവിൽ അറേബ്യൻ കടലിൽ ചുഴലികളുടെ എണ്ണം വർദ്ധിക്കുന്നതായും ഇവയുടെ ശക്തി കൂടുന്നതായും കണ്ടു. ഇന്ത്യയ്‌ക്ക് പുറമേ പാകിസ്ഥാൻ, ഇറാൻ, കുവൈത്ത്, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളോട് ചേർന്നുകിടക്കുന്ന അറേബ്യൻ കടലിൽ ലവണാംശം കൂടുതലുള്ള ജലമുണ്ട്. ഇതോടൊപ്പം സമുദ്രോപരിതല താപനില, കാറ്റ് എന്നിവയും ചുഴലിക്കാറ്റിന്റെ രൂപീകരണത്തിന് കാരണമാകുന്നു. ഈ പ്രശ്‌നങ്ങൾ കാരണം സമുദ്രോപരിതല താപനിലയിൽ കുറവ് വരുന്നതിനാലാണ് ബംഗാൾ ഉൾക്കടലിൽ കൂടുതൽ ചുഴലിക്കാറ്റുണ്ടാകുന്നത്.
ഇന്ത്യ, ബംഗ്ളാദേശ്, തായ്‌ലാന്റ്, ബർമ്മ എന്നീ രാജ്യങ്ങളിൽ അതിരിടുന്ന ബംഗാൾ ഉൾക്കടൽ ചൂടേറിയ സമുദ്രജലത്തിന്റെ സാന്നിദ്ധ്യത്താൽ ശക്തമായ മഴയും കൊടുങ്കാറ്റും ഈ മേഖലയ്‌ക്ക് നൽകുന്നു. അറേബ്യൻ കടലിനെ അപേക്ഷിച്ച് ആഴം കുറഞ്ഞതാണ് ബംഗാൾ ഉൾക്കടൽ. ഇതുകാരണം ജലത്തിൽ നിന്ന് വായുവിലേക്ക് കൂടുതൽ താപം കൈമാറാൻ ഇടയാകുന്നു. ഇത് ഇവിടെ ഈർപ്പം നിറഞ്ഞ കാലാവസ്ഥയ്‌ക്കും ചുഴലിക്കാറ്റുണ്ടാകാനും ഇടയാക്കും.
4:1 അനുപാതം
മൂന്നുവഴിയിലും കരചേർന്ന ഭാഗങ്ങളുള്ളതിനാൽ ഇവിടെ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകൾ വൻ നശീകരണ സാദ്ധ്യതയുള്ളതായി മാറുന്നു. മാത്രമല്ല അറേബ്യൻ കടൽ ബംഗാൾ ഉൾക്കടലിനെക്കാൾ കൂടുതൽ ഇടുങ്ങിയതും ആഴമേറിയതുമായതിനാൽ അവിടെ ചുഴലിക്കാറ്റ് രൂപീകരണത്തിന് കൂടുതൽ സമയമെടുക്കും. ഇരു കടലുകളിലെയും അനുപാതം പരിശോധിച്ചാൽ 4:1 എന്ന തരത്തിലാണ് ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് രൂപീകരണ സാദ്ധ്യത.
നിരന്തരമായ ചുഴലിക്കാറ്റുകളുടെ വരവ് പടിഞ്ഞാറൻ ഇന്ത്യൻ മേഖലയിലെ കര ഭാഗങ്ങൾക്ക് ഭീഷണിയാണ്. ഒപ്പം ഇത് ഈ പ്രദേശത്തെ മത്സ്യതൊഴിലാളികളുടെ ഉപജീവനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. എപ്പോഴുമുണ്ടാകുന്ന ചുഴലിക്കാറ്റ് ഭീഷണി രാജ്യത്തെ കുടിവെള്ളം, കൃഷി എന്നിവയുടെ പ്രധാന കാരണമായ തെക്ക് പടിഞ്ഞാറൻ മൺസൂണിനെയും ദോഷമായി ബാധിക്കുന്നുണ്ട്.
രാജ്യത്തെ ഞെട്ടിച്ച ചില ചുഴലിക്കാറ്റുകൾ
വായു- 2019 ജൂൺ 10 മുതൽ 19 വരെ അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്. ഇന്ത്യയിൽ കേരളം മുതൽ
സൗരാഷ്‌ട്ര മേഖല വരെയും പാകിസ്ഥാനിലും ലക്ഷദ്വീപിലും കാറ്റ് പ്രശ്‌നം സൃഷ്‌ടിച്ചു. 150 കിലോമീറ്റർ വരെ അതിശക്തമായി വായു വീശി.
ക്യാർ- 2019 ഒക്ടോബർ 24ന് രൂപംകൊണ്ട് അതിതീവ്ര ചുഴലിയായി വളരെ വേഗം മാറിയ ക്യാറിന്റെ പിടിയിലകപ്പെട്ട 19 മത്സ്യബന്ധന തൊഴിലാളികളിൽ 17 പേരെ നാവികസേന രക്ഷിച്ചിരുന്നു. മഹാരാഷ്‌ട്ര, കർണാടക, ഗോവ മേഖലകളിലുള്ളവരാണ് ഈ കാറ്റിന്റെ ബുദ്ധിമുട്ട് കൂടുതലറിഞ്ഞത്. കാറ്റുമൂലവും തുടർന്ന് കനത്ത മഴ കാരണവും മരണങ്ങൾ സംഭവിച്ചിരുന്നു.
നിസർഗ:കിഴക്കൻ അറബിക്കടലിൽ രൂപമെടുത്ത് മഹാരാഷ്‌ട്രയിൽ നാശവും മരണത്തിനും ഇടയാക്കിയ ചുഴലിയാണ് നിസർഗ. 2020 ജൂൺ ഒന്നിനാണ് ഇത് രൂപം കൊണ്ടത്. പരമാവധി 110 കിലോമീറ്ററായിരുന്നു വേഗത.ആറോളം പേരുടെ മരണത്തിനും 16 പേർക്ക് പരിക്കേൽക്കാനും നിസർഗ ഇടയാക്കി.
2023ൽ രാജ്യത്ത് രൂപം കൊണ്ട തേജ്, ബിപ്പർജോയ് എന്നിവയും അറബിക്കടലിലാണ് ഉണ്ടായത്. മോച, ഹമൂൺ, മിഥിലി,മിഷോംഗ് എന്നിവയുണ്ടായത് ബംഗാൾ ഉൾക്കടലിലും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |