തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
പത്തനംതിട്ട,കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കാണ് സാദ്ധ്യത. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം എറണാകുളം ജില്ലയിൽ അടുത്ത മൂന്നുമണിക്കൂർ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത മഴയിൽ സംസ്ഥാനത്തൊട്ടാകെ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇടുക്കിയിൽ നിരവധി വീടുകളിൽ വെള്ളം കയറി. നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒലിച്ചുപോയി. കുമളിയിൽ കടകളിൽ വെള്ളം കയറി. കുമളി - പത്തുമുറി റോഡിലും വെള്ളംകയറി.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139.20 അടിയായി ഉയർന്നു. ഇതോടെ അണക്കെട്ടിന്റെ സ്പിൽവേയിലെ 13 ഷട്ടറുകളും തുറന്നു. കോഴിക്കോടും കനത്ത മഴയാണ്. മലവെള്ളപാച്ചിലുണ്ടായി. ഇതോടെ പുതുപ്പാടി മണൽവയൽ പാലം വെള്ളത്തിനടിയിലായി. മലപ്പുറം വഴിക്കടവിൽ അമ്പതോളം വീടുകളിൽ വെള്ളം കയറി. ഗൂഡല്ലൂർ - കോഴിക്കോട് പാതയിൽ മണിമൂളിയിൽ റോഡിലും വെള്ളപ്പൊക്കമുണ്ടായി. ഇതുകാരണം ഒരുമണിക്കൂറോളം ഗതാഗതതടസമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |