വാഷിംഗ്ടൺ: ഭക്ഷണകാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കൊച്ചു കുട്ടികള പോലെയാണെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറയുന്നത്. കുക്കീസ്, മധുര പലഹാരങ്ങൾ, ഐസ്ക്രീം, ചോക്ലേറ്റ് എന്നിവയോട് 81കാരനായ ബൈഡന് പ്രത്യേക ഇഷ്ടമാണ്. ചിലപ്പോൾ പ്രസംഗങ്ങൾക്കിടെ തമാശരൂപേണ ബൈഡൻ ഐസ്ക്രീമിനെ പറ്റിയുള്ള പരാമർശങ്ങൾ നടത്താറുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതിനിടെ ഐസ്ക്രീം ഷോപ്പുകൾ കണ്ടാൽ അവിടേക്ക് കയറാനും ബൈഡന് മടിയില്ല. ബൈഡൻ മാത്രമല്ല, ഭക്ഷണ കാര്യത്തിൽ വ്യത്യസ്തരായ അമേരിക്കൻ പ്രസിഡന്റുമാർ വേറെയുമുണ്ട്.
ജോൺ ആഡംസ്
അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ജോൺ ആഡംസിന് ദിവസവും നേരം പുലരുന്നതിന് മുന്നേ എഴുന്നേറ്റ് അഞ്ച് മൈൽ വരെ നടക്കുന്ന സ്വഭാവമുണ്ടായിരുന്നെന്നാണ് പറയുന്നത്. എല്ലാ ദിവസം രാവിലെയും ഒരു ഗ്ലാസ് സൈഡർ ജോൺ ആഡംസിന് നിർബന്ധമായിരുന്നു.
ജെയിംസ് എ. ഗാർഫീൽഡ്
യു.എസിന്റെ 20ാമത്തെ പ്രസിഡന്റായിരുന്ന ജെയിംസ് എ. ഗാർഫീൽഡിന് ദഹനസംബന്ധമായ രോഗങ്ങൾ അലട്ടിയിരുന്നു. സ്ക്വിറൽ ( അണ്ണാൻ ) സൂപ്പായിരുന്നു ഇതിന് പരിഹാരമായി ഡോക്ടർമാർ അദ്ദേഹത്തോട് നിർദ്ദേശിച്ചത്. അതിനാൽ സൂപ്പ് തയാറാക്കാൻ വൈറ്റ് ഹൗസ് പരിസരത്ത് നിന്ന് അണ്ണാനെ വെടിവച്ച് പിടികൂടാനുള്ള അനുമതി ഗാർഫീൽഡ് തന്റെ ജീവനക്കാർക്ക് നൽകിയിരുന്നു.
ഡ്വൈറ്റ് ഐസനോവർ
പ്രൂൺ വിപ്പ് ആയിരുന്നു അമേരിക്കയുടെ 34ാമത്തെ പ്രസിഡന്റായിരുന്ന ഡ്വൈറ്റ് ഐസനോവറിന്റെ ഇഷ്ട ഭക്ഷണം. ഉണങ്ങിയ പ്ലം പഴം, നാരങ്ങാ നീര്, ഫ്ലേവേർഡ് ജെലാറ്റിൻ, മുട്ട വെള്ള, വാനില ഐസ്ക്രീം എന്നിവ സംയോജിപ്പിച്ച് തണുത്ത ഐസ്ക്രീമിനൊപ്പമായിരുന്നു പ്രസിഡന്റിന് വേണ്ടിയുള്ള സ്പെഷ്യൽ പ്രൂൺ വിപ്പ് തയാറാക്കിയിരുന്നത്.
റിച്ചാർഡ് നിക്സൺ
വളരെ വിചിത്രമായ പ്രഭാത ഭക്ഷണ രീതിയായിരുന്നു അമേരിക്കയുടെ 37ാമത്തെ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സണ് ഉണ്ടായിരുന്നത്. കോട്ടേജ് ചീസിനൊപ്പം കെച്ചപ്പ് യോജിപ്പിച്ചായിരുന്നു അദ്ദേഹം കഴിച്ചിരുന്നത്.
റൊണാൾഡ് റീഗൻ
ജെല്ലി ബീൻസ് എന്ന മിഠായിയോടായിരുന്നു 40ാമത്തെ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗന് പ്രിയം. പുകവലി നിറുത്താനായാണ് റീഗൻ ജെല്ലി ബീൻസ് കഴിക്കുന്ന ശീലം ആരംഭിച്ചത്. പ്രസിഡന്റായി സ്ഥാനമേറ്റപ്പോൾ ജെല്ലി ബീൻസ് കമ്പനി റീഗന് വേണ്ടി ചുവപ്പ്, വെള്ള, നീല നിറത്തിലുള്ള മൂന്നര ടൺ ജെല്ലി ബീൻസ് മിഠായികൾ സമ്മാനിച്ചിരുന്നു. വൈറ്റ് ഹൗസിലെത്തുന്ന അതിഥികൾക്കും അദ്ദേഹം ജെല്ലി ബീൻസ് നൽകിയിരുന്നു.
ഡൊണാൾഡ് ട്രംപ്
45ാമത്തെ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിന് ഫാസ്‌റ്റ് ഫുഡിനോടായിരുന്നു പ്രിയം. മക്ഡൊണാൾഡ്സ്, പൊട്ടറ്റോ ചിപ്‌സ് തുടങ്ങിയവയാണ് ട്രംപിന്റെ ഇഷ്ട ഭക്ഷണം. വൈറ്റ് ഹൗസിലിരിക്കെ ദിവസം 12 ഡയറ്റ് കോക്കുകൾ വരെ ട്രംപ് കുടിക്കുമായിരുന്നത്രെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |