SignIn
Kerala Kaumudi Online
Saturday, 27 July 2024 12.32 PM IST

നിത്യച്ചെലവുകൾക്ക് പോലും പണമില്ലാത്ത അവസ്ഥ; ജീവനക്കാർക്ക് ശമ്പളം നൽകാൻ വീട് പണയം വച്ച് ബൈജൂസ്

byju-raveendran

കൊച്ചി: ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി പണം സമാഹരിക്കാൻ പ്രമുഖ എഡ്യൂടെക്ക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ വീടുകൾ പണയം വച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജൂസ് നിത്യ നിദാന ചെലവുകൾക്ക് പോലും പണമില്ലാതെ വലയുകയാണ്. ബൈജുവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള വീടുകൾ പണയം നൽകി സമാഹരിച്ച തുക ഉപയോഗിച്ച് 15,000 ജീവനക്കാർക്ക് ശമ്പളം നൽകിയെന്ന് പ്രമുഖ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബംഗളൂരിവിലെ രണ്ട് വലിയ വീടുകൾ ഈടായി നൽകി നൂറ് കോടി രൂപയ്ക്കടുത്ത് സമാഹരിച്ചെന്നാണ് വാർത്തകൾ.

നേരത്തെ ബൈജൂസ് പിടിച്ചു നിൽക്കാൻ പുതുവഴികൾ തേടുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ബിസിനസ് മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി പുതിയ വായ്പ ലഭ്യമാക്കാനായി റിസ്‌ക് ഉപദേശക ഗ്രൂപ്പായ ക്രോളിനെ ബൈജൂസ് നിയമിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന കമ്പനി പാപ്പർ ഹർജി ഒഴിവാക്കാൻ പരമാവധി ഫണ്ട് സമാഹരിക്കാനുള്ള ശ്രമത്തിലാണ്.

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് കമ്പനിയായി കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന ബൈജൂസ് വമ്പൻ ഏറ്റെടുക്കലുകളും ലാഭക്ഷമതയില്ലാത്ത വിപണന തന്ത്രങ്ങളും മൂലം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ ബൈജൂസിന്റെ നിയന്ത്രണാവകാശം രാജ്യത്തെ ഒരു മുൻനിര കോർപ്പറേറ്റ് ഗ്രൂപ്പിന് കൈമാറാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന അഭ്യൂഹവും ശക്തമായിരുന്നു.

ഒരു കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന ബൈജൂസ് ലേണിംഗ് ആപ്പ്. എന്നാൽ കൂപ്പുകുത്തിയതോടെ അവസരം കൊയ്ത് മറ്റ് ഓൺലൈൻ വിദ്യാഭ്യാസ ആപ്പുകൾ മാർക്കറ്റുകളിൽ ഇടം പിടിച്ചിരുന്നു. 120ലധികം രാജ്യങ്ങളിൽ വേരുറപ്പിച്ചിരുന്ന ബൈജൂസിൽ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ച് ഒരു വർഷത്തിനിടെ 100ലേറെ പുതിയ ഓൺലൈൻ വിദ്യാഭ്യാസ ആപ്പുകളാണ് ഇന്ന് വിപണിയിൽ എത്തിയിട്ടുള്ളത്. ഇവയ്ക്ക് രാജ്യത്താകെ എട്ട് കോടിയിലധികം ഉപഭോക്താക്കളുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.

15 കോടിയിലധികം ഉപഭോക്താക്കൾ ഉണ്ടായിരുന്ന ബൈജൂസിൽ നിന്ന് വലിയൊരു ശതമാനം മറ്റ് ആപ്പുകളിലേയ്ക്ക് ചേക്കേറിയിട്ടുണ്ട്. പുതിയ ആപ്പുകൾക്ക് പുറമേ ബൈജൂസിനൊപ്പം കിടപിടിക്കാൻ ശ്രമിച്ച അൺഅക്കാഡമി, വേദാന്തു പോലുള്ള ആപ്പുകളും നേട്ടം കൊയ്യുകയാണ്. സ്‌കൂൾ, കോളേജ് ക്ലാസുകളിലെ സിലബസുകൾക്ക് പുറമേ പി.എസ്.സി, എസ്.എസ്.സി, ബാങ്കിംഗ്, സിവിൽ സർവീസ് പോലുള്ള മത്സര പരീക്ഷകൾക്കും ക്ലാസുകൾ ഓൺലൈൻ വഴി എടുക്കുന്നുണ്ട്. ബൈജൂസിൽ നിന്ന് രാജി വച്ചതും പുറത്തുപോയതുമായ ജീവനക്കാരും മറ്റ് ആപ്പുകളിൽ അഭയം തേടിയിട്ടുണ്ട്.

കോഴ്സുകൾക്ക് അമിതമായി പണം വാങ്ങിക്കുന്നുണ്ടെന്ന് മുമ്പ് തന്നെ രക്ഷിതാക്കൾ ബൈജൂസിനെതിരെ പരാതിപ്പെട്ടിട്ടുണ്ട്. ബൈജൂസിന്റെ പകുതി വിലയ്ക്ക് മെച്ചപ്പെട്ട സേവനമാണ് മറ്റ് ആപ്പുകളുടെ വാഗ്ദാനം ചെയ്യുന്നത്. സ്‌കൂളുകൾ തുറന്നതോടെ ഓൺലൈൻ ക്ലാസുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുമെന്ന് പൊതുവേ കരുതിയിരുന്നെങ്കിലും ഹൈബ്രിഡ് പഠനരീതി പിന്തുടരുന്നവർ ധാരാളമാണ്. വീട്ടമ്മമാരാണ് ഉപഭോക്താക്കളിൽ വലിയൊരു ശതമാനവും.

ബൈജൂസിന്റെ തുടക്കം

2011ൽ കണ്ണൂർ സ്വദേശിയായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥും കൂടിയാണ് ബൈജൂസ് എന്ന സംരംഭത്തിന് അടിത്തറയിട്ടത്. കോച്ചിംഗിന് പോകാതെ വളരെ പ്രയാസപ്പെട്ട ക്യാറ്റ് പരീക്ഷ രണ്ട് വട്ടം വിജയിച്ചതായിരുന്നു ബൈജുവിന്റെ ആത്മവിശ്വാസം. അടുത്തുള്ള കുട്ടികൾക്കായി ഒരു ട്യൂഷൻ സെന്റർ പോലെയാണ് അന്ന് സ്ഥാപനം പ്രവർത്തിച്ചത്. 2015ൽ ഡിജിറ്റൽ രംഗം കൂടുതൽ വികസിച്ചതോടെ ഒരു ഓൺലൈൻ ആപ്പായി ബൈജൂസ് മാറി. ബാംഗ്ലൂർ ആയിരുന്നു ആസ്ഥാനം. എല്ലാവർക്കും വിദ്യാഭ്യാസം എന്നതായിരുന്നു ബൈജൂസിന്റെ ആപ്തവാക്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BYJUS, BYJUS NEWS, BYJUS NEWS MALAYALAM, BYJU RAVEENDRAN, LATEST NEWS, MALAYALAM, NEWS, INDIA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.