SignIn
Kerala Kaumudi Online
Sunday, 27 September 2026 5.21 AM IST

വനിത യുവ ഡോക്ടർ ഫ്ളാറ്റിൽ മരിച്ച നിലയിൽ

shnana

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ വനിത യുവ ഡോക്ടറെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സർജറി വിഭാഗത്തിൽ രണ്ടാംവർഷ പി.ജി ഡോക്ടറായ വെഞ്ഞാറമൂട് മൈത്രീ നഗർ നാസ മൻസിലിൽ പരേതനായ അബ്ദുൾ അസീസിന്റെയും ജമീലയുടെയും മകൾ ഷഹ്ന. എ.ജെയാണ് (27) മരിച്ചത്. അനസ്തേഷ്യ മരുന്ന് വീര്യംകൂടിയ അളവിൽ കുത്തിവച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ നിന്ന് മരുന്നുകുപ്പിയും സിറിഞ്ചും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തി.

തിങ്കളാഴ്ച രാത്രിയിലാണ് മരിച്ച നിലയിൽ കണ്ടത്. മെഡിക്കൽ കോളേജിനടുത്ത ഫ്ളാറ്റിൽ സുഹൃത്തുക്കൾക്കൊപ്പമാണ് ഷഹ്ന താമസിച്ചിരുന്നത്. തിങ്കളാഴ്ച സർജറി ഐ.സി.യുവിൽ ഷഹ്നയ്ക്ക് നൈറ്റ് ഡ്യൂട്ടിയുണ്ടായിരുന്നെങ്കിലും എത്തിയില്ല. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ ഫ്ലാറ്റിലെത്തിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തള്ളിതുറന്ന് അകത്ത് കയറിയപ്പോൾ അബോധാവസ്ഥയിലായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മെഡിക്കൽ കോളേജിൽ ഇന്നലെ ഉച്ചയ്ക്ക് മൃതദേഹം പൊതുദർശനത്തിന് വച്ചു. പഠനത്തിൽ മിടുക്കിയും ജോലിയിൽ സമർത്ഥയുമായിരുന്ന ഷഹ്നയുടെ ചേതനയറ്റ ശരീരം കണ്ട് സുഹൃത്തുക്കൾ വിങ്ങിപ്പൊട്ടി.

മൃതദേഹം വൈകിട്ടോടെ വീട്ടിലെത്തിച്ചു. തുടർന്ന് വെഞ്ഞാറമ്മൂട് ജുമാ മസ്ജിദിൽ കബറടക്കി. സഹോദരൻ: ജസീം നാസ (കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയർ) സഹോദരി: ജാസിൻ നാസ. അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.

'സ്നേഹത്തിന് വിലയില്ല,

എല്ലാം പണത്തിനു വേണ്ടി'

''വാപ്പ പോയി, എനിക്ക് ആശ്രയമില്ലാതായി, കൊട്ടക്കണക്കിന് സ്ത്രീധനം നൽകാൻ എനിക്കാരുമില്ല. സ്നേഹബന്ധത്തിന് ഈ ഭൂമിയിൽ വിലയില്ല. എല്ലാം പണത്തിന് വേണ്ടി മാത്രം''- ഷഹ്നയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിലെ വരികളാണിത്. സ്ത്രീധനത്തിന് വേണ്ടിയുള്ള ആരുടെയെങ്കിലും വിലപേശലാണോ യുവ ഡോക്ടറുടെ ജീവനെടുത്തതെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA