
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സീനാ കിദ്വായ് (94) അന്തരിച്ചു. നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. . സംസ്‌കാരം ഇന്നലെ വൈകിട്ട് ന്യൂഡൽഹി നിസാമുദ്ദീൻ സെമിത്തേരിയിൽ നടന്നു. ഭർത്താവ്: ഖലീൽ ആർ. കിദ്വായ്, മൂന്ന് പെൺമക്കൾ.
അടിയന്തരാവസ്ഥക്കാലത്തെ തിരിച്ചടിയിൽ നിന്ന് ഉത്തർപ്രദേശിൽ കോൺഗ്രസിന് തിരിച്ചുവരവ് സാദ്ധ്യമാക്കിയ മൊഹ്‌സിന ഗാന്ധി കുടുംബത്തിന്റെ വിശ്വസ്‌തയായിരുന്നു. ഭർത്താവ് ഖലിലിന്റെ പിതാവും ഉത്തർപ്രദേശിലെ പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന ഖലീലുർ റഹ്‌മാൻ ക്വിദ്വായി വഴിയാണ് രാഷ്ട‌്രീയ പ്രവേശം. രാഷ്‌ട്രീയത്തിലിറങ്ങാൻ നിർബന്ധിച്ചത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു. 28-ാം വയസിൽ യു.പി ലെജിസ്ളേറ്റീവ് കൗൺസിൽ അംഗമായി. പിന്നീട് നിയമസഭാംഗവും സംസ്ഥാന മന്ത്രിയും യു.പി കോൺഗ്രസ് അദ്ധ്യക്ഷയുമായി.1978-ൽ യു.പിയിലെ അസംഗഡിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982-84 കാലത്ത് ഇന്ദിരാ മന്ത്രിസഭയിൽ തൊഴിൽ, ആരോഗ്യ വകുപ്പുകളിൽ സഹമന്ത്രി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്‌തു. 1987ൽ രാജീവ് ഉപരാഷ്‌ട്രപതി സ്ഥാനം നീട്ടിയപ്പോൾ സ്‌നേഹത്തോടെ നിരസിച്ചു. നറുക്ക് വീണത് ശങ്കർ ദയാൽ ശർമ്മയ്‌ക്ക് . 2004ൽ രാജ്യസഭാംഗവുമായി.
പിന്നീട് സോണിയാ ഗാന്ധി പാർട്ടി നിയന്ത്രണം ഏറ്റെടുത്തപ്പോഴും
കോൺഗ്രസ് പ്രവർത്തക സമിതിയിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും അംഗമായിരുന്ന മൊഹ്‌സീന, 2007ൽ കേരളത്തിന്റെ ചുതലയും വഹിച്ചിരുന്നു. പാർട്ടി വിട്ട ലീഡർ കെ.കരുണാകരനെ തിരിച്ചു കൊണ്ടുവരുന്നതിൽ നിർണായക പങ്കു വഹിച്ചു. 2022ൽ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്കെതിരെ കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ച ശശി തരൂരിനെ പിന്തുണച്ച് വാർത്തയിലിടം നേടി. 'മൈ ലൈഫ് ഇൻ ഇന്ത്യൻ പൊളിറ്റിക്‌സ്' എന്ന ഓർമ്മക്കുറിപ്പിൽ കോൺഗ്രസിലെ രാഷ്ട്രീയ യാത്രകൾ വിവരിക്കുന്നു.കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |