വടക്കാഞ്ചേരി : ചികിത്സയ്ക്ക് പണമില്ലാതെ നാട്ടുകാർക്ക് മുന്നിൽ കൈ നീട്ടുകയാണ് ഒരു കുടുംബം. തെക്കുംകര പഞ്ചായത്തിലെ കല്ലംപാറ മുരിങ്ങത്തറയിൽ വീട്ടിൽ സിബിയുടെ ഭാര്യ സൂസിയുടെ കുടുംബമാണ് ചികിത്സയ്ക്ക് പണമില്ലാതെ നട്ടം തിരിയുന്നത്.
രണ്ട് വൃക്കകളും തകരാറിലായ സൂസിക്ക് മാസത്തിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യണം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ഓരോ തവണയും എല്ലാ ചെലവുമടക്കം രണ്ടായിരം രൂപയോളം ചെലവ് വരും. 2019 മുതൽ തുടങ്ങിയതാണ് അസുഖം. സർക്കാരിൽ നിന്നും അനുകൂല്യം ലഭിക്കാനായി എ.സി.മൊയ്തീൻ മന്ത്രിയായിരിക്കെ അപേക്ഷ നൽകിയിരുന്നു. നിലവിലെ എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളിക്കും അപേക്ഷ നൽകി. ഫണ്ടില്ലെന്ന് പറഞ്ഞ് ധനസഹായം നൽകാനാകില്ലെന്ന് സർക്കാർ അറിയിച്ചു.
ഓരോ തവണ ഡയാലിസിസിന് പോകുമ്പോഴും നാട്ടുകാർക്ക് മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയാണ്. സെക്യൂരിറ്റി പണി ചെയ്താണ് ഭർത്താവ് സിബി കുടുംബം പോറ്റിയത്. ഇപ്പോൾ ഭാര്യ സൂസിക്ക് ചലിക്കണമെങ്കിൽ മറ്റുള്ളവരുടെ സഹായം വേണം. അതിനാൽ പണി ഉപേക്ഷിക്കേണ്ടി വന്നു.
വാഹനം വിളിക്കാൻ പോലും പണമില്ലാത്തതിനാൽ ബൈക്കിലിരുത്തിയാണ് സൂസിയെ ആശുപത്രിയിൽ കൊണ്ടുപോകുക. രമ്യ ഹരിദാസ് എം.പി മുഖേന പ്രധാനമന്ത്രിക്കും കഴിഞ്ഞദിവസം നടന്ന മുഖ്യമന്ത്രിയുടെ നവകേരള സദസിലും അപേക്ഷ നൽകി. ഡയാലിസിസ് വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |