SignIn
Kerala Kaumudi Online
Saturday, 27 July 2024 1.46 PM IST

15 വർഷം; 260 സ്ത്രീധന മരണം

dowry-

തിരുവനന്തപുരം: സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്താൽ കുറഞ്ഞത് അഞ്ചുവർഷം ജയിൽശിക്ഷയ്ക്ക് നിയമം. പക്ഷേ,​ കേരളത്തിൽ 15 വർഷത്തിനിടെ സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ടമായത് 260 പെൺകുട്ടികൾക്ക്. സ്ത്രീധന പീഡനക്കേസുകൾ പ്രതിവർഷം അയ്യായിരം.

സ്ത്രീധന നിരോധന നിയമം 1961 മുതൽ നിലവിലുണ്ട്. വിവാഹച്ചെലവിന് തുക കൊടുത്താലും സ്ത്രീധനമാണ്. വിവാഹസമ്മാനങ്ങളുടെ പട്ടികപോലും രേഖയാക്കി സൂക്ഷിക്കേണ്ടതുണ്ട്.

സ്ത്രീധനം കുറഞ്ഞുപോയതിന് ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും കൊല്ലുന്ന കേരളത്തിൽ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന അത്യപൂർവ ക്രൂരതയുമുണ്ടായി. കൊട്ടക്കണക്കിന് സ്ത്രീധനം നൽകാനില്ലെന്ന് എഴുതിവച്ച് ജീവനൊടുക്കിയ ഡോ.ഷഹനയാണ് ഒടുവിലത്തെ ഇര.

സ്വർണവും പണവും കൂടുതൽ നൽകി സമൂഹത്തിൽ ആളാവാൻ മാതാപിതാക്കൾ മത്സരിച്ചതോടെ നിയമം കടലാസുപുലിയായി. 100 പവനും മൂന്നരയേക്കറും കാറും 10ലക്ഷം രൂപയും വീട്ടുചെലവിന് മാസം 8000 രൂപയും നൽകി. എന്നിട്ടും സ്വത്തുക്കൾ മൊത്തത്തിൽ തട്ടിയെടുക്കാനാണ് അടൂരിലെ ഉത്രയെ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നത്. 2 ലക്ഷം സ്ത്രീധനം വൈകിയതിനാണ് ഓയൂരിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ തുഷാരയെ ഭർത്താവ് പട്ടിണിക്കിട്ടുകൊന്നത്. മരിക്കുമ്പോൾ വെറും 20 കിലോയായിരുന്നു ഭാരം.

കൂടുതൽ പണത്തിനും വാങ്ങിക്കൊടുത്ത 10 ലക്ഷത്തിന്റെ കാറിനു പകരം എസ്.യു.വിക്കുമായി കിരൺ നിരന്തരം മർദ്ദിച്ചപ്പോഴാണ് കൊല്ലത്ത് ഡോ. വിസ്മയ ജീവനൊടുക്കിയത്. 150 പവനും ഒരേക്കർ ഭൂമിയും ഒന്നരക്കോടി രൂപയും ബി.എം.ഡബ്യു കാറുമാണ് ഡോ.ഷഹനയുടെ വീട്ടുകാരോട് അവളുടെ കാമുകൻ റുവൈസ് ചോദിച്ചത്.

വിവാഹ മോചന കേസ് ഒന്നരലക്ഷം

സ്ത്രീധനപീഡനം സഹിക്കാതെ വിവാഹബന്ധം വേർപെടുത്തുന്നതും കൂടുന്നു. 28 കുടുംബ കോടതികളിലായി ഒന്നരലക്ഷത്തോളം കേസുകളുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ വിവാഹിതരാവുമ്പോൾ സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലം നൽകണം. എന്നാൽ,​ അവരാണ് സ്ത്രീധനകച്ചവടത്തിൽ മുന്നിൽ.

5വർഷം അഴിയെണ്ണിക്കാം

സ്ത്രീധനം വാങ്ങുകയോ വാങ്ങാൻ പ്രേരിപ്പിക്കുകയോ ചെയ്‌താൽ 5വർഷം തടവ്, 15,000രൂപ പിഴ

സ്ത്രീധനം ആവശ്യപ്പെട്ടാൽ ആറു മാസം മുതൽ രണ്ടു വർഷം വരെ തടവ്, 10,000 രൂപ പിഴ

സ്ത്രീധനം കൊടുക്കാനോ വാങ്ങാനോ പരസ്യം കൊടുത്താൽ അഞ്ചുവർഷം തടവ്, 15000 രൂപ പിഴ

മരണക്കണക്ക്

2008-31
2009-20
2010-22
2011-15
2012-27
2013-16
2014-28
2015-08
2016-25
2017-12
2018-17
2019-08
2020-06
2021-09
2022-08

2023-08

പരാതി അറിയിക്കാം

9497999955

9497996992

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOWRY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.