കൊച്ചി: പഞ്ചസാരയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കരിമ്പിൽ നിന്നുള്ള എത്തനോൾ ഉത്പാദനത്തിന് കേന്ദ്രം നിരോധനം ഏർപ്പെടുത്തി. നടപ്പു സീസണിൽ കരിമ്പ് ജ്യൂസ്, സിറപ്പ് എന്നിവ എത്തനോൾ നിർമ്മാണത്തിന് ഉപയോഗിക്കരുതെന്ന് ഷുഗർ മില്ലുകൾക്ക് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഇന്നലെ നിർദേശം നൽകി. അതേസമയം പൊതു മേഖലാ എണ്ണക്കമ്പനികൾ നൽകിയിട്ടുള്ള കരാറനുസരിച്ച് ബി ഹെവി മൊളാസസിൽ നിന്നും എത്തനോൾ ഉത്പാദിപ്പിക്കുന്നതിന് വിലക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.
കാലാവസ്ഥാ വൃതിയാനം മൂലം കരിമ്പ് ഉത്പാദനം കുറഞ്ഞതിനാൽ പഞ്ചസാര വിപണി വിലക്കയറ്റ ഭീഷണിയിലാണ്. ബയോ ഇന്ധന ആവശ്യത്തിനായി എത്തനോൾ ഉത്പാദിപ്പിക്കുന്നതിന് കരിമ്പ് ഉപയോഗിക്കുന്നതാണ് പഞ്ചസാര ക്ഷാമം സൃഷ്ടിക്കുന്നത്.
പഞ്ചസാര ലഭ്യത വിപണിയിൽ ഉറപ്പുവരുത്താനുള്ള നടപടികളെ കുറിച്ച് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ, വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമാർ എന്നിവരടങ്ങിയ മന്ത്രിസഭാ സമിതി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് എത്തനോൾ ഉത്പാദനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളിൽ ഉദാസീസന വേണ്ടയെന്ന നിലപാടാണ് സർക്കാരിനുള്ളത്. വിലക്കയറ്റ സാദ്ധ്യതകൾ കണക്കിലെടുത്ത് നിലവിൽ പഞ്ചസാര കയറ്റുമതിക്ക് കടുത്ത നിയന്ത്രണമുണ്ട്.
ഒക്ടോബറിൽ ആരംഭിച്ച സീസണിലെ ആദ്യ രണ്ട് മാസങ്ങളിൽ പഞ്ചസാര ഉത്പാദനം മുൻവർഷം ഇതേകാലയളവിനേക്കാൾ പത്ത് ശതമാനം ഇടിഞ്ഞ് 43.2 ലക്ഷം ടണ്ണിലെത്തി. പ്രധാന കരിമ്പ് കൃഷി മേഖലകളായ കർണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ മഴ ലഭ്യത കുറഞ്ഞതാണ് തിരിച്ചടിയായത്.
എത്തനോൾ നിർമ്മാണത്തിന് 40 ലക്ഷം ടൺ കരിമ്പ്
പ്രതിവർഷം 40 ലക്ഷം ടൺ കരിമ്പാണ് ബയോ ഇന്ധന ആവശ്യത്തിനുള്ള എത്തനോൾ ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. ക്രൂഡോയിൽ ഇറക്കുമതി ബിൽ കുറയ്ക്കാൻ ലക്ഷ്യമിട്ട് 2018 ലാണ് പെട്രോളിൽ എത്തനോൾ മിശ്രിതം പ്രോത്സാഹിപ്പിക്കുന്ന നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. നിലവിൽ പത്ത് ശതമാനം എത്തനോൾ ചേർത്താണ് കമ്പനികൾ പെട്രോൾ വില്ക്കുന്നത്. പുതിയ തീരുമാനം വന്നതോടെ എത്തനോൾ ഉത്പാദനത്തിന് വൻ നിക്ഷേപം നടത്തിയ കമ്പനികൾ ആശങ്കയിലാണ്.
ഷുഗർ ഓഹരികളിൽ കനത്ത ഇടിവ്
കമ്പനി വിലയിടിവ്
ശ്രീരേണുക ഷുഗർ : 4.16 ശതമാനം
ഇ.ഐ.ഡി പ്യാരി : 6.61 ശതമാനം
ബർലാംപൂർ ചീനി : 6.74 ശതമാനം
ബജാജ് ഹിന്ദുസ്ഥാൻ : 5.45 ശതമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |