കുടക്: മലയാളി കുടുംബത്തെ കർണാടകയിലെ കുടകിലുളള റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശികളായ വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് റിസോർട്ട് ജീവനക്കാർ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സാമ്പത്തിക ബാദ്ധ്യതയാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.വിനോദിനെയും ജിബിയെയും മുറിക്കുളളിൽ തൂങ്ങിനിൽക്കുന്ന നിലയിലും മകൾ ജെയിനെ കിടക്കയിൽ മരിച്ചനിലയിലുമാണ് ജീവനക്കാർ കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം ദമ്പതികൾ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് നിഗമനം.
മരണത്തിൽ മറ്റാരും ഉത്തരവാദികളല്ലെന്ന് ദമ്പതികൾ എഴുതി ഒപ്പിട്ട ആത്മഹത്യാക്കുറിപ്പ് പൊലീസ് സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തു. മൃതദേഹങ്ങൾ കുടകിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |