കൊച്ചി: ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ വെർച്വൽ ക്യൂ ബുക്കിംഗോ സ്പോട്ട് ബുക്കിംഗോ ഇല്ലാതെ ആരെയും സന്നിധാനത്ത് പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി.
ക്യൂകോംപ്ളക്‌സുകളിൽ 24 മണിക്കൂറും ശുചീകരണം ഉറപ്പാക്കണം. ഇതിന് രണ്ടുഷിഫ്റ്റുകളിലായി 72 ജീവനക്കാരെ ദേവസ്വംബോർഡ് നിയോഗിക്കണം.
ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഇക്കാര്യം നിർദ്ദേശിച്ചത്.
അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന ഭക്തർക്ക് സൗകര്യങ്ങൾ ലഭ്യമാക്കണം. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.
ക്യൂകോംപ്ളക്സുകളിലും കാനനപാതയിലും തീർത്ഥാടക ഷെഡുകളിലും ചുക്കുവെള്ളവും ബിസ്കറ്റും നൽകണം.
സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള സ്പെഷ്യൽക്യൂ ഉറപ്പാക്കണം
നിലയ്ക്കലിലെ 17 പാർക്കിംഗ് ഗ്രൗണ്ടുകളിൽ പൊലീസുകാർക്കു പുറമേ ദേവസ്വം ബോർഡ് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കണം.
പരമാവധി വാഹനങ്ങൾ പാർക്കുചെയ്യാൻ കഴിയുന്നവിധം പാർക്കിംഗ് ക്രമീകരിക്കണം
പാർക്കിംഗ് ഫീസിന് ഫാസ്‌ടാഗ് സ്കാനർ ഒരാഴ്ചയ്ക്കകം പ്രവർത്തനക്ഷമമാക്കണം
നിലയ്ക്കലിൽ വാഹനങ്ങളുടെ നീക്കം ഹോൾഡ് ആൻഡ് റിലീസ് (നിശ്ചിതസമയം പിടിച്ചിട്ടശേഷം പോകാൻ അനുവദിക്കൽ) സംവിധാനത്തിലൂടെ നിയന്ത്രിക്കണം. ഇടത്താവളങ്ങളിലും ഇത്തരം നിയന്ത്രണമാകാം
ഇടത്താവളങ്ങളിൽ അന്നദാനവും മറ്റുസൗകര്യങ്ങളും ഉറപ്പാക്കണം
നിലയ്ക്കൽ - ളാഹ മേഖലയിൽ വാഹനങ്ങൾ പാർക്കുചെയ്യേണ്ട സാഹചര്യങ്ങളിൽ പൊലീസും മോട്ടോർവാഹനവകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ദേവസ്വംബോർഡുമായി ചേർന്ന് സെക്ടർ പട്രോളിംഗ് നടത്തണം
വാഹനങ്ങളിൽ കഴിയുന്ന ഭക്തർക്ക് കുടിവെള്ളവും ബിസ്‌കറ്റും എത്തിക്കാൻ നിലയ്ക്കൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറും ശബരിമല എക്സിക്യുട്ടീവ് ഓഫീസറും നടപടിയെടുക്കണം
ളാഹമുതൽ വടശേരിക്കരവരെയും കണമലമുതൽ എരുമേലിവരെയും വാഹനങ്ങൾ ഹോൾഡ് ആൻഡ് റിലീസ് സംവിധാനത്തിലൂടെ നിയന്ത്രിക്കാൻ കഴിയുന്ന സ്ഥലങ്ങൾ കണ്ടെത്തണം
ഇവിടെ കുടിവെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കാൻ സമീപത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നുള്ള എൻ.എസ്.എസ് വോളന്റിയർമാരുടെ സേവനം ലഭ്യമാക്കാം. സൗകര്യങ്ങൾ ഒരുക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായവും തേടണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |