തിരുവനന്തപുരം: തോമസ് ചാഴികാടനെ നവകേരളസദസിൽ മുഖ്യമന്ത്രി വിമർശിച്ചതിനെതിരെ നേതൃത്വം പ്രതികരിക്കാത്തതിൽ കേരള കോൺഗ്രസ് എമ്മിൽ അസ്വസ്ഥത. പാർട്ടിയുടെ തട്ടകത്തിൽ വച്ച് വിമർശനമേറ്റിട്ടും ചെയർമാനും മന്ത്രിയും ഔദ്യോഗികമായി പ്രതികരിക്കാത്തതാണ് സംസ്ഥാന - ജില്ലാ നേതൃത്വത്തിലെ ചിലരിൽ അമർഷമുണ്ടാക്കിയത്.
റബർ വിലയെപ്പറ്റിയുള്ള ചാഴികാടന്റെ പരാമർശം ഉചിതമാണെന്നും അതിനെ വിമർശിച്ചത് എന്തിനാണെന്നുള്ള ചോദ്യവും പാർട്ടിയുടെ താഴേത്തട്ടിലുള്ള ജനപ്രതിനിധികൾക്കടക്കമുണ്ട്. ചില ജില്ലാ കമ്മിറ്റിയംഗങ്ങൾ വിഷയത്തിൽ അമർഷം പ്രകടിപ്പിക്കുകയും ചെയ്തു.
അതിനിടെ ചാഴികാടനെതിരായ വിമർശനം മയപ്പെടുത്താൻ മുഖ്യമന്ത്രി ഇന്നലെ ശ്രമിച്ചെങ്കിലും കേരള കോൺഗ്രസിന്റെ അസ്വസ്ഥത കുറഞ്ഞിട്ടില്ല. അതേസമയം നവകേരളസദസിന്റെ സംഘാടക സമിതി പ്രവർത്തനങ്ങളിൽ തങ്ങളെ കാഴ്ചക്കാരാക്കുകയാണെന്നും കേരള കോൺഗ്രസിന് പരാതിയുണ്ട്. പാർട്ടി ആസ്ഥാനമുള്ള കോട്ടയത്ത് പോലും അവഗണന നേരിട്ടെന്നും ചില നേതാക്കൾ പറയുന്നു.
മൗനം തുടരുന്നത് തിരഞ്ഞെടുപ്പിനായി
ചാഴികാടൻ വിവാദത്തിൽ നേതൃതലത്തിൽ നടന്ന അനൗദ്യോഗിക ചർച്ചയിൽ വിമർശനമുയർന്നെങ്കിലും നിലവിൽ അത് പരസ്യമാക്കേണ്ടതില്ലെന്നാണ് പൊതു നിലപാട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും മുന്നണി തലത്തിലുള്ള ഏകോപനവും നടക്കേണ്ടതിനാലാണ് കേരളകോൺഗ്രസ് മൗനം പാലിക്കുന്നത്.
ചാഴികാടൻ എം.പിയെ അപമാനിച്ചിട്ടില്ല: മുഖ്യമന്ത്രി
കോട്ടയത്ത് നവ കേരള സദസുമായി ബന്ധപ്പെട്ട് തോമസ് ചാഴികാടൻ എം.പിയെ അപമാനിക്കലോ ബഹുമാനിക്കലോ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. കോട്ടയം എം.പി എല്ലാ പരിപാടികളിലും ഉണ്ടായിരുന്നതാണ്. ആർക്കുമില്ലാത്ത ഒരു പരാതി ഉണ്ടെന്ന് വരുത്താനാണ് ചിലരുടെ ശ്രമം. ഇതിനെ മനോരോഗമെന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |