പാലക്കാട്: യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും എക്സൈസ് പിടികൂടിയ യൂട്യൂബറുടെ 'ജയിൽ റിവ്യൂ' വീഡിയോ വൈറൽ. ചെർപ്പുളശേരി - തൂത നെച്ചിക്കോട്ടിൽ അക്ഷജിനെ(21)യാണ് എക്‌സൈസ് സംഘം നംവബർ ആറിന് അറസ്റ്റ് ചെയ്തത്. 'നാടൻ ബ്ലോഗർ' എന്ന യൂട്യൂബ് ചാനൽ വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനുമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു.
പത്ത് ദിവസത്തെ ജയിൽ വാസം കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെ അക്ഷജ് ചെയ്ത ജയിൽ റിവ്യൂ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കേസിനെക്കുറിച്ചും, ജയിൽ ജീവിതത്തെക്കുറിച്ചും, ഒരു ദിവസത്തെ ജയിലിലെ ദിനചര്യകളുമാണ് വീഡിയോയിൽ വിവരിക്കുന്നത്. രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ ചെയ്യേണ്ട കാര്യങ്ങളെല്ലാം വിശദീകരിക്കുന്നുണ്ട്. ജയിലിൽ നിന്ന് ലഭിക്കുന്ന ഭക്ഷണത്തക്കുറിച്ചും അക്ഷജ് പറയുന്നുണ്ട്. ആരും ജയിലിലേക്ക് പോകേണ്ട, അതിന് വേണ്ടിയല്ല ഈ വീഡിയോ എന്ന് പറഞ്ഞാണ് ഇയാള്‍ ജയിൽ ജീവിതത്തെ കുറിച്ചുള്ള വിശദീകരണം അവസാനിപ്പിക്കുന്നത്.
'രാവിലെ ആറ് മണിക്ക് എഴുന്നേൽക്കണം, വരിയായി നിരത്തി നിർത്തി കണക്കെടുക്കും. രാവിലെ ആറരയ്ക്ക് ചായ കിട്ടും, അതിന്‍റെ ക്വാളിറ്റി ഒന്നും നോക്കണ്ട, ഒരുപാട് പേർക്ക് കൊടുക്കണ്ടേ. ഏഴ് മണിക്ക് കുളിക്കാനുള്ള സമയമാണ്. പിന്നെ സെല്ലിൽ കയറണം. എട്ട് മണിക്ക് രാവിലത്തെ ഭക്ഷണം, ചപ്പാത്തി ആണെങ്കിൽ എട്ടരയാകും. ചപ്പാത്തി മൂന്നെണ്ണം, അല്ലെങ്കിൽ റവ ഉപ്പുമാവ്, ഗ്രീൻ പീസ് കറി ആണ് കിട്ടുക. ഇഡലി ആണെങ്കിൽ 5 എണ്ണം, കറിയായി സാമ്പാറ് ഉണ്ടാകും. പിന്നെ സുഖമായി ഉറങ്ങാം'. - അക്ഷജ് പറഞ്ഞു.
'കൃത്യം 12 മണിക്ക് ഉദ്യോഗസ്ഥർ വരും, പ്ലേറ്റുമായി പോയി ചോറ് വാങ്ങണം. മീനാണെങ്കിൽ വലിയ ഒരു അയല, മത്തി ആണെങ്കിൽ അഞ്ചെണ്ണം ഉണ്ടാകും. പിന്നെ തോരനും കറിയുമൊക്കെ. പിന്നെ രണ്ട് മണിക്ക് ചായ കിട്ടും. മൂന്ന് മണിക്ക് ബ്രേക്ക് ഉണ്ട്, അത് കഴിഞ്ഞ് സെല്ലിൽ കയറണം. നാല് മണിക്ക് വൈകിട്ടത്തെ ഫുഡ് തരും. ചോറും രസവും അച്ചാറും ആണ്. ചില ദിവസം സാമ്പാറും, കപ്പയും മീൻ കറിയും ഉണ്ടാകും. ഇത് രാത്രി ഏഴ് മണിക്ക് കഴിക്കും. ജയിലിൽ കാരംസും ചെസ്സും ഒക്കെയുണ്ട്. അത് കഴിഞ്ഞ് ഒമ്പത് മണിയോടെ കിടന്നുറങ്ങും. സെക്യൂരിറ്റി പ്രശ്നങ്ങളാൽ ലൈറ്റ് ഓഫ് ചെയ്യില്ല. ജയിലിൽ പോകുമെന്ന് ഒരിക്കലും കരുതിയില്ല. ജയിലിലെ കാര്യങ്ങൾ പറഞ്ഞത് ആരും ജയിലിലേക്ക് പോകാൻ വേണ്ടിയല്ല' -അക്ഷജ് വീഡിയോയിൽ പറയുന്നു.
രണ്ടര ലക്ഷത്തിലധികം പേരാണ് അക്ഷജിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുള്ളത്. 220 വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |