SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.50 AM IST

കെ - റെയിൽ കൂമ്പടഞ്ഞ വാഴയല്ല

b

സംസ്ഥാനത്തെ ചില കേന്ദ്രങ്ങളിൽ ഈയിടെ വാഴക്കുലകൾക്ക് മോഹവില കിട്ടി. കാഴ്ചയ്ക്ക് സാധാരണമായ കുലകൾ, കാൽലക്ഷവും അരലക്ഷവും നൽകി ലേലം നടത്തുകയായിരുന്നു നാട്ടുകാർ. കെ - റെയിൽ വാഴക്കുലകൾ എന്നതായിരുന്നു അവയുടെ സവിശേഷത. സിൽവർലൈൻ പ്രദേശത്തെ മഞ്ഞക്കുറ്റികൾ പിഴുതെടുത്ത് നട്ട വാഴകളാണ് കുലച്ചിരിക്കുന്നത്. പദ്ധതി പാഴാണെന്ന് കാണിക്കാനാണ് വിരുദ്ധർ വാഴനട്ടത്. പിണറായി സർക്കാരിന്റെ സ്വപ്നമായ അതിവേഗപാത അടഞ്ഞ അദ്ധ്യായമാണെന്ന് കരുതിയിരുന്നു. എന്നാൽ വെട്ടുംതോറും മുളയ്ക്കുന്ന തൈവാഴകളെപ്പോലെ അത് വീണ്ടും തലപൊക്കുകയാണ്. നവകേരള സദസിനിടെ പലരും ഉന്നയിച്ചതിലും മുഖ്യമന്ത്രി പറഞ്ഞതിലും സിൽവർലൈനുണ്ട്.

കോലാഹലവും

കെട്ടടങ്ങലും

രണ്ടാം പിണറായി സർക്കാർ തിടുക്കത്തിലാണ് സിൽവർലൈനായുള്ള സ്ഥലമളക്കൽ തുടങ്ങിയത്. വിശദമായ പദ്ധതി രേഖയുടെ അനുമതി പോലും ത്രിശങ്കുവിലായിരുന്ന സമയത്ത്. ഇത് കടുത്ത പ്രക്ഷോഭങ്ങൾക്കിടയാക്കി. പദ്ധതി അനുവദിക്കില്ലെന്ന് മലയാളികളായ കേന്ദ്രമന്ത്രിമാർ പറഞ്ഞെങ്കിലും പരിശോധിക്കാമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഇതോടെ കെ - റെയിലിന് തടയിടാനുള്ള നീക്കങ്ങൾ ഡൽഹിയിൽ തകൃതിയായി നടന്നു. ശക്തമായ സമരപരിപാടികളും പാരയും താങ്ങാനാവാതെ സംസ്ഥാനസർക്കാർ ഇടവേളയെടുത്തു. പദ്ധതി തത്ക്കാലം നി‌റുത്തിവയ്ക്കുകയാണെന്ന് കഴിഞ്ഞ മഴക്കാലത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ രംഗം ശാന്തമായി. സ്ഥലമെടുപ്പ് ഓഫീസുകൾ അതിനു മുൻപേ പൂട്ടിയിരുന്നു. അതിനിടെ ഇ. ശ്രീധരൻ കൊണ്ടുവന്ന ബദൽ നിർദ്ദേശവും ഏറെ ചർച്ചചെയ്യപ്പെട്ടു. തുരങ്കപാതകളും എലിവേറ്റഡ് പാതകളുമുള്ള അതിവേഗ റെയിൽ എന്നതായിരുന്നു മെട്രോമാന്റെ നിർദ്ദേശം. ഇതിലും തുടർനടപടിയുണ്ടായില്ല.

വന്ദേഭാരതും

ട്രാക്ക് നിവർത്തലും

വന്ദേഭാരതിന്റെ കൊട്ടിഘോഷിച്ച വരവായിരുന്നു പിന്നാലെ കണ്ടത്. ഒരു ട്രെയിനും ഹാൾട്ട് ചെയ്യാത്ത കാസർകോടു നിന്ന് എണ്ണംപറഞ്ഞ ട്രെയിൻ! ഒന്നിനുപുറകെ മറ്റൊന്നുകൂടി വന്നു വന്ദേഭാരത്. ഇതോടെ കേന്ദ്രാനുകൂലികൾ ഊറ്റം കൊണ്ടു. ഇനി കെ - റെയിൽ എന്തിനെന്ന് ചോദിച്ചു. നിലവിലെ റെയിൽപാത വളവ് നിവ‌ർത്തി ട്രെയിനുകളുടെ വേഗം കൂട്ടുമെന്നു കൂടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതോടെ ആനന്ദലബ്ധിയായി. എന്നാൽ ആഘോഷം നീണ്ടില്ല. വന്ദേഭാരതിലെ യാത്ര സുഖകരമാണെങ്കിലും മറ്റു ട്രെയിനുകളുടെ കാര്യം അത്ര സുഗമമായില്ല. പുതിയ അതിഥിയ്ക്ക് വഴിയൊരുക്കാൻ മിക്ക ട്രെയിനുകളും പിടിച്ചിടുന്നത് പതിവായി. ലോക്കൽ ട്രെയിൻ യാത്രക്കാർക്ക് വന്ദേഭാരതിനോടുള്ള മതിപ്പ് കുറഞ്ഞു. കെ - റെയിലിന്റെ ടിക്കറ്റ് നിരക്ക് താങ്ങാനാവാത്തതാണെന്ന് വിമർശിച്ചവർ വന്ദേഭാരതിന് സമാന നിരക്ക് നൽകേണ്ടിവരികയും ചെയ്തു.

പുനർജനിക്കുന്ന

കെ-റെയിൽ

സിൽവർലൈൻ ഏറെക്കുറെ മറവിയിലേക്ക് നീങ്ങുന്നതിനിടെയാണ് റെയിൽവേ ബോ‌ർ‌ഡിൽ നിന്ന് ഒരു കത്ത്

ദക്ഷിണറെയിൽവേയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞമാസമാദ്യമാണ് സംഭവം പുറത്തുവന്നത്. കെ- റെയിലിന് വേണ്ടി റെയിൽവേ ഭൂമി ഏറ്റെടുക്കുന്നതിൽ വ്യക്തത ആവശ്യപ്പെട്ടായിരുന്നു ഗതിശക്തി വിഭാഗം ഡയറക്ടറുടെ കത്ത്. 9 ജില്ലകളിലായി 108 ഹെക്ടറാണ് റെയിൽവേ വിട്ടുനൽകേണ്ടത്. ഇതോടെ സിൽവർലൈന് വീണ്ടും ജീവൻവച്ചു. കേന്ദ്രം നിലപാട് മയപ്പെടുത്തിയെന്ന ധ്വനി പടർന്നു. കേരളത്തിലെ ബി.ജെ.പി നേതാക്കൾക്ക് അത് നാണക്കേടായി. കെ-റെയിലിന് തടയിടാൻ വേണ്ട പണി ഞങ്ങൾ ചെയ്തിട്ടുണ്ടെന്ന് അവർ തുറന്നടിച്ചു. സഖാക്കൾ ഇതിൽക്കയറിപ്പിടിച്ചു. മറ്റു വിഷയങ്ങൾ വന്നതിനാൽ ഇത് കത്തിക്കയറിയില്ലെന്നുമാത്രം.

ജില്ലാ കേന്ദ്രങ്ങളിൽ

പിണറായി

കേന്ദ്രാനുമതി കിട്ടിയാലുടൻ സിൽവർലൈൻ ട്രാക്കിലാകുമെന്നാണ് മുഖ്യമന്ത്രി നവകേരള സദസിൽ ആവ‌ർത്തിക്കുന്നത്. മലപ്പുറം ജില്ലയിലെ പ്രഭാതയോഗത്തിനിടെ യു.ഡി.എഫ് വിട്ടുവന്ന ഒരു നേതാവാണ് വിഷയം ഉന്നയിച്ചത്. മലപ്പുറത്തുകാരുടെ യാത്രാക്ലേശം പരിഹരിക്കാൻ കെ - റെയിൽ അനിവാര്യമാണെന്നായിരുന്നു ചോദ്യമുന്നയിച്ചയാളുടെ പക്ഷം. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് പിണറായി വ്യക്തമാക്കി. എറണാകുളമടക്കമുള്ള ജില്ലാ കേന്ദ്രങ്ങളിലും മുഖ്യമന്ത്രി സംഗതി ആവർത്തിച്ചു. കോട്ടയത്ത് കഴിഞ്ഞദിവസം കെ - റെയിലിനേക്കുറിച്ച് ചോദിച്ചത് ജസ്റ്റിസ് കെ.ടി.തോമസാണ്. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പണലഭ്യത ഇതിന് പ്രശ്നമല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി. സാധാരണനിലയിൽ കേന്ദ്രസ‌ർക്കാർ അനുമതി നൽകേണ്ടതാണ്. ചില സങ്കുചിത മനസുകളാണ് തടസമെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

തെക്ക് - വടക്ക് സെമി ഹൈസ്പീഡ് റെയിലാണ് സിൽവർലൈൻ. 530 കിലോമീറ്റർ പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 64000 കോടി രൂപ ചെലവിടേണ്ടി വരുമെന്ന് കേരളസർക്കാരും അതിന്റെ ഇരട്ടിയോളം വേണ്ടിവരുമെന്ന് വിമർശകരും പറയുന്നു. സി‌ൽവർ ലൈന് ജീവൻ വയ്ക്കുമെന്നാണ് സർക്കാർപക്ഷത്തുള്ളവരുടെ പ്രതീക്ഷ. സമൂഹമാദ്ധ്യമങ്ങളിൽ കെ- റെയിൽ വരുംമെന്ന പ്രൊഫൈൽ പേറുന്ന സൈബർ സഖാക്കൾ അനവധിയാണ്. അതേസമയം കെ - റെയിൽ വിരുദ്ധ സമരക്കാർ ജാഗ്രതയിലാണ്. മഞ്ഞക്കുറ്റി തറച്ച പ്രദേശങ്ങളിൽ അവരുടെ ഭൂമി ക്രയവിക്രയമില്ലാതെ മരവിച്ച നിലയിൽത്തന്നെ.

സിൽവർലൈന് വേണ്ടി ഏതുനീക്കവും വീണ്ടും കടുത്ത സമരത്തിന് വഴിവയ്ക്കുമെന്ന സമരസമിതിയുടെ മുന്നറിയിപ്പ് ഒരു ഭാഗത്തുണ്ട്. പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ മറുഭാഗത്ത്. ഇടയിൽ സിൽവർലൈന് തടയിടാനുള്ള കേന്ദ്രാനുകൂലികളുടെ നീക്കങ്ങളും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കെ- റെയിൽ ഒരു വി.ഐ.പി വിഷയമാകുമോ എന്നാണ് ഇനി അറിയേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K RAIL ARTICLE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.