ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചെലവിനായി 'ഡൊണേറ്റ് ഫോർ ദേശ്' (രാജ്യത്തിന് സംഭാവന നൽകൂ ) എന്ന പേരിൽ കോൺഗ്രസ് ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് തുടങ്ങുന്നു. 1920-21ൽ മഹാത്മാഗാന്ധി നടപ്പാക്കിയ ചരിത്രപ്രസിദ്ധമായ 'തിലക് സ്വരാജ് ഫണ്ട് ' ആണ് ഇതിന് പ്രചോദനമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസിന്റെ 138 വർഷത്തെ ചരിത്രം കണക്കിലെടുത്ത് 138 രൂപയുടെ ഗുണിതങ്ങളായാണ് സംഭാവന സ്വീകരിക്കുക ( ഉദാ. 138 രൂപ, 1380 രൂപ, 13,800 രൂപയോ അതിലധികമോ) donateinc.in പോർട്ടൽ വഴിയോ www.inc.in വെബ്സൈറ്റ് വഴിയോ സംഭാവന നൽകാം. നാളെ ന്യൂഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ ഉദ്ഘാടനം ചെയ്യുന്നതോടെ ലിങ്കുകൾ പ്രവർത്തന ക്ഷമമാകും.
സ്ഥാപക ദിനമായ ഡിസംബർ 28 വരെയാണ് ഓൺലൈൻ സംഭാവന സ്വീകരിക്കുക. തുടർന്ന് പാർട്ടി പ്രവർത്തകർ വീടുതോറും സംഭാവന പിരിക്കും. ഓരോ ബൂത്തിലും കുറഞ്ഞത് പത്ത് വീടുകളിൽ നിന്ന് സംഭാവന സ്വീകരിക്കാനാണ് തീരുമാനം.
ക്രൗഡ് ഫണ്ടിംഗിന് വാർത്താ സമ്മേളനങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ബോധവത്ക്കരണം നടത്താൻ എല്ലാ പി.സി.സി അദ്ധ്യക്ഷൻമാർക്കും നിർദ്ദേശമുണ്ട്. സംസ്ഥാന ഭാരവാഹികൾ, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, ഡി.സി.സി പ്രസിഡന്റുമാർ, പി.സി.സി പ്രസിഡന്റുമാർ, എ.ഐ.സി.സി ഭാരവാഹികൾ എന്നിവർ കുറഞ്ഞത് 1,380 രൂപ സംഭാവന ചെയ്യണം.
60 വർഷമായി കൊള്ളയടിച്ചവർ രാജ്യത്തു നിന്ന് സംഭാവനകൾ തേടുകയാണ്. രാജ്യസഭാ എം.പി ധീരജ് സാഹുവിൽ നിന്ന് 400 കോടി പിടിച്ചെടുത്തതിന്റെ നാണക്കേട് മറയ്ക്കാനാണിത്
- ഷെഹ്‌സാദ് പൂനെവാല,
ബി.ജെ.പി വക്താവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |