തൊടുപുഴ: മുൻ വർഷങ്ങളിലെ മികച്ച വില കണ്ട് കർഷകർ കൂടുതലായി പൈനാപ്പിൾ കൃഷിയിലേയ്ക്ക് തിരിഞ്ഞ സാഹചര്യത്തിൽ
പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞത് കർഷകർക്ക് ഇരുട്ടടിയായി. രണ്ട് മാസം മുമ്പ് 50 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ വില വെറും 16-17 രൂപയായി. ഉത്പാദനം വൻതോതിൽ വർദ്ധിച്ചതും ഉത്തരേന്ത്യയിലെ അതിശൈത്യവുമാണ് വിലയിടിവിന് കാരണമെന്ന് പറയുന്നു.
നവംബർ അവസാനം വരെ 40 രൂപ നിരക്കിലായിരുന്ന വിലയാണ് പെട്ടെന്ന് താഴ്ന്നത്. കൊവിഡ് കാലത്ത് അല്ലാതെ ഡിസംബറിൽ ഒരിക്കൽ പോലും ഇത്രയും വില താഴ്ന്നിട്ടില്ല. വരും ദിവസങ്ങളിൽ വില വീണ്ടും താഴുമെന്ന സൂചനയാണ് ലഭിക്കുന്നത്.
ഒരു വർഷത്തിനിടെ നിരവധി പേർ കർഷകർ റബർ വെട്ടി പൈനാപ്പിൾ നട്ടിരുന്നു. ഇടവിട്ട് മഴയും വെയിലും ലഭിച്ചതോടെ, ഇത്തവണ മികച്ച ഉത്പാദനമാണ് ലഭിച്ചത്. ഇതിന് അനുസരിച്ച് വില ഉയർന്നതോടെ കർഷകരുടെ പ്രതീക്ഷ വർദ്ധിച്ചു. എന്നാൽ അതേ വേഗത്തിൽ തന്നെ വില കുറഞ്ഞതാണ് തിരിച്ചടിയായത്.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കൃഷി ആരംഭിച്ച തോട്ടങ്ങളെല്ലാം വിളവെടുപ്പിന് സജ്ജമായി നിൽക്കുമ്പോഴാണ് വിലത്തകർച്ച. കാർഷിക വായ്പകളിലൂടെയും സ്വർണം പണയം വച്ചുമാണ് പലരും കൃഷിയിറക്കിയത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരും ദുരിതത്തിലായി. ഏക്കറിന് 80,000 രൂപ വരെ ശരാശരി പാട്ടത്തുക തന്നെ വരും.
സംഭരണം കുറവ്
കഴിഞ്ഞ വർഷങ്ങളിൽ പൂനെ, കൃഷ്ണഗിരി, ബംഗളൂരു, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്നുള്ള വൻകിട പഴക്കമ്പനികൾ തോട്ടങ്ങളിൽ നിന്ന് എജൻസി വഴി പൈനാപ്പിൾ സംഭരിച്ചിരുന്നു. ഇവർ ഈ പഴം സംസ്കരിച്ച് പൾപ്പാക്കി വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ വർഷം ആറായിരം ടൺ പൈനാപ്പിളാണ് കമ്പനികൾ വാഴക്കുളത്ത് നിന്ന് മാത്രം സംഭരിച്ചത്. എന്നാൽ ഇത്തവണ ഈ കമ്പനികളിൽ പകുതി പോലും വിപണിയിലില്ല. ഇതും പ്രതിസന്ധിക്ക് കാരണമാണ്.
മുടക്കു മുതലെങ്കിലും കിട്ടണം
ഒരു ചെടി കായ്ക്കുന്നത് വരെ 30- 35 രൂപവരെ കർഷകന് വരുന്നുണ്ട്. വേനൽക്കാല സംരക്ഷണ ചെലവ് വേറെ. ഇത്തരത്തിൽ മരുന്നും വളവും നനയുമായി ചെലവാകുന്ന പണത്തിന്റെ പകുതി പോലും ഇപ്പോഴത്തെ വിലയ്ക്ക് വിറ്റാൽ കിട്ടില്ല.
25 രൂപയെങ്കിലുമായി പൈനാപ്പിളിന്റെ താങ്ങുവില ഉയർത്തിയാലേ കൃഷികൊണ്ട് കർഷകന് എന്തെങ്കിലും പ്രയോജനം ലഭിക്കൂ. നിലവിൽ ഇത് 15 രൂപ മാത്രമാണ്. താങ്ങുവില വർദ്ധിപ്പിക്കാൻ തീരുമാനിച്ചെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമൊന്നുമായില്ല."
-ജെയിംസ് ജോർജ്ജ്
(പ്രസിഡന്റ്, ആൾ കേരള പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |