ടെൽ അവീവ്: ആക്രമണം പൂർണമായി അവസാനിപ്പിക്കാതെ ബന്ദികളുടെ മോചനം സാദ്ധ്യമല്ലെന്ന് ഹമാസ്. ഇസ്രയേൽ യുദ്ധം നിറുത്താതെ ഒരു കരാറിലും ധാരണയാകേണ്ട എന്നാണ് പാലസ്തീനിയൻ സംഘനകളുടെ നിലപാടെന്നും ഹമാസ് അറിയിച്ചു.
ബന്ദികളെ മോചിപ്പിച്ചാൽ ഒരാഴ്ച ആക്രമണം നിറുത്തിവയ്ക്കാമെന്ന ഇസ്രയേലിന്റെ നിലപാട് ഹമാസ് തള്ളിയെന്ന് മദ്ധ്യസ്ഥത വഹിക്കുന്ന ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,000 കടന്നിരുന്നു.
ജീവനക്കാരോ ഇന്ധനമോ ഇല്ലാത്തതിനാൽ വടക്കൻ ഗാസയിലെ ആശുപത്രികളെല്ലാം പ്രവർത്തനരഹിതമായെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അറിയിച്ചു. തെക്കൻ ഗാസയിലെ റാഫയിൽ ഈജിപ്ഷ്യൻ അതിർത്തിക്ക് സമീപമുണ്ടായ ആക്രമണത്തിൽ ഹമാസിലെ മുതിർന്ന അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥൻ അടക്കം നാല് പേർ കൊല്ലപ്പെട്ടു.
ആക്രമണം അടുത്ത മാസത്തോടെ അവസാനിപ്പിച്ചില്ലെങ്കിൽ ഗാസയിലേക്കുള്ള മാനുഷിക സഹായ വിതരണം കുറയുമെന്ന് യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ ഇസ്രയേലിന് മുന്നറിയിപ്പ് നൽകി. അതേസമയം, അംഗങ്ങൾക്കിടെയിൽ സമവായത്തിലെത്താനാകാത്തതിനാൽ ഗാസയിൽ വെടിനിറുത്തൽ ആവശ്യപ്പെടുന്ന യു.എൻ രക്ഷാ സമിതി പ്രമേയത്തിന്റെ വോട്ടെടുപ്പ് നീളുകയാണ്. നേരത്തെ അവതരിപ്പിച്ച പ്രമേയം യു.എസ് വീറ്റോ ചെയ്തിരുന്നു. ഇത്തവണ ഇതൊഴിവാക്കാനുള്ള ചർച്ചകൾ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |