തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. തിരുവനന്തപുരം പോത്തൻകോട് മഞ്ഞമലയിലാണ് സംഭവം. 36 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹമാണ് വീട്ടുവളപ്പിലെ കിണറ്റിനുള്ളിൽ കണ്ടെത്തിയത്.
സുരിത- സജി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ശ്രീദേവ് ആണ് മരിച്ചത്. പ്രസവത്തിനുശേഷം സുരിത മഞ്ഞുമലയിലെ വീട്ടിലായിരുന്നു താമസം. ഇന്നലെ രാത്രിയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം ഭർത്താവ് സജിയെ വിളിച്ചറിയിക്കുന്നത്. തുടർന്ന് സജി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.
പിന്നാലെ നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണി കിണറ്റിന്റെ കരയിൽ നിന്ന് കണ്ടെത്തി. തുടർന്ന് ഫയർ ഫോഴ്‌സ് എത്തി നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവം നടക്കുമ്പോൾ സുരിതയും അമ്മയും സഹോദരിയും രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിൻവാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കുഞ്ഞിന്റെ അമ്മ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |